Al Irshad

bi monthly magazine

സന്താന പരിപാലനം: പ്രവാചക മനഃശാസ്ത്രം


ലോകത്തിന്റെ സഞ്ചാരം വളരെ വേഗത്തിലാണ്. ശാസ്ത്രത്തിന്റെ സെക്കന്റുകള്‍ തോറുമുള്ള വളര്‍ച്ചയും വിവിര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും കണ്ട് ഭൂമയിലെ അന്തേവാസകളായ മനുഷ്യവര്‍ഗം അമ്പരന്നു നില്‍ക്കുകയാണ് ഇന്ന്. അതിവേഗം പായുന്ന കാലത്തിന് പിറകെ തന്റെ ജീവിത ഭാരങ്ങളും താങ്ങി ഓടിഎത്താനാവാതെ തളര്‍ന്ന് വീഴുകയാണവര്‍. തന്റെ ബുദ്ധിയും ശക്തിയുമപയോഗിച്ച് ലോകം തന്റെ കാല്‍കീഴിലാക്കുമ്പോഴും ജീവിത സൗകര്യങ്ങള്‍ കൂടുമ്പോഴും മനുഷ്യ മനസ്സ് കൂടുതല്‍ അസ്വസ്ഥവും പ്രക്ഷുഭ്ധവുമാവുന്നു. ആശയവിനിമയത്തിന്റെ അതി നൂതന വിദ്യകളുള്ള, നോക്കെത്താ ദൂരത്തേക്ക് വരെ നിമിഷനേരങ്ങള്‍ കൊണ്ട് ബന്ധങ്ങള്‍ സ്ത്ഥാപിക്കപ്പെടുന്ന ഈ നവയുഗത്തില്‍ ഞൊടിയിടയില്‍ ലോകത്തിന്റെ ഇങ്ങെ തലക്കല്‍ നിന്നങ്ങേ തലക്ക് വരെ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പറ്റുന്ന ഈ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടില്‍ തന്നെയാണ് തന്റെ കണ്‍മുന്നില്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നത്. നമുക്ക് ചുറ്റുമുള്ള ബന്ധങ്ങള്‍ ശിഥിലമാവുകയും പ്രശ്‌നകലുശിതമാവുകയും ചെയ്യുന്നത്.
പരസ്പരം വിശ്വാസം നഷ്ടപ്പെട്ട്, അസ്വസ്ഥത നിറഞ്ഞ്, അമര്‍ഷം കടിച്ചമര്‍ത്തിക്കഴിയുകയാണീന്നോരോ കുടുംബവും. ഭര്‍ത്താവ് ഭാര്യയെ സംശയിക്കുന്നു. അയല്‍വാസികള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നു. തെറിവിളിക്കുന്നു. മക്കള്‍ മാതാപിതാക്കള്‍ക്കെതിരെ കയര്‍ക്കുന്നു. സുഹൃത്തുക്ക്ള്‍ നിസ്സാരകാരണത്തിന് തല്ലിപ്പിരിയുന്നു. എവിടെയും ബഹളവും കോലാഹലങ്ങളും,..മനസ്സമാധാനം എന്നൊരു വസ്തു എന്താണെന്ന് പോലും അറിയാതെ പൊട്ടലും ചീറ്റലുമായി മാത്രം കഴിയുന്ന കുടുംബങ്ങള്‍…! ഇതല്ലേയീ പോസ്റ്റ് മോഡേണ്‍ യുഗത്തിന്റെ അവസ്ഥ! എല്ലാ ബന്ധങ്ങളും ചര്‍ച്ചയെയ്യേണ്ടതുണ്ടെങ്കിലും മക്കള്‍ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ കാര്യകാരണങ്ങളാണ് നാമിവിടെ അന്വേഷിക്കുന്നത്.

കുറ്റവാളികളാര്?
മന:ശാസ്ത്രപരമായി ഇതിന്റെ കാരണങ്ങള്‍ ചികയുമ്പോള്‍ എളുപ്പം നമുക്ക് ചെന്നെത്താനാവുന്നത് പ്രശ്‌നങ്ങള്‍ രക്ഷിതാക്കളുണ്ടാക്കുന്നതെന്നാണ്. എല്ലാറ്റിനും മക്കളെ കുറ്റം പറയുമ്പോള്‍ എന്തകൊണ്ടവരിങ്ങനെയായി എന്നൊരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?. നാം എങ്ങനെയാണ് മക്കളെ വളര്‍ത്തിയത്?. അവരെ നിങ്ങള്‍ സ്‌നേഹിച്ചോ?. ശരി,തെറ്റ് എന്താണെന്നവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തോ?. പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ അവന്റെ വര്‍ത്തമാനങ്ങള്‍ക്ക് ചെവികൊടുത്തുവോ? അവരുടെ കൗതുകത്തോടെയുള്ള നിസാര ചോദ്യങ്ങള്‍ക്ക് നിങ്ങളുത്തരം നല്‍കിയോ?. തന്റെ കൊച്ചു സന്തോഷങ്ങള്‍ പങ്കുവെക്കാനോടി വരുന്ന മക്കളെ നിങ്ങള്‍ തൃപ്തിപ്പെടുത്തിയോ?. ചെറിയ ചെറിയ നേട്ടങ്ങളില്‍ അവരെ നിങ്ങള്‍ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിച്ചോ?, നിങ്ങളവരെ സ്‌നേഹത്തോടെ തലോടിയിട്ടുണ്ടോ?. തന്റെ കുഞ്ഞു സങ്കടങ്ങളില്‍ നിങ്ങളവര്‍ക്ക് താങ്ങയിട്ടുണ്ടോ?.തെറ്റ് പറ്റുമ്പോള്‍ സ്‌നേഹത്തോടെ അതിന്റെ കാര്യ ഗൗരവം ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ടോ?. ഇസ്ലാമിന്റെ സുന്ദരപെരുമാറ്റരീതി നിങ്ങളവരെ ചെറുപ്പത്തിലേ ശീലിപ്പിച്ചോ?. നിങ്ങളെക്കണ്ട് പഠിക്കുംവിധം നിങ്ങളുടെ ജീവിതരീതിനേര്‍വഴിയിലായിരുന്നോ?. നിങ്ങളവര്‍ക്ക് പോസിറ്റീവ് സ്‌ട്രോക്കുകള്‍ ധാരാളമായി നല്‍കിയോ?. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായൊരുത്തരം നല്‍കാന്‍ നമുക്ക് കഴിയുമോ. ശരിക്ക് ചിന്തിച്ചാല്‍ ‘ഇല്ല’ എന്നുതന്നെയാണുത്തരം. അവരെ സ്‌നേഹിച്ചുവെന്ന് നമുക്കെങ്ങനെ പറയാനാകും?, ഈ സ്‌നേഹത്തെപ്പറ്റി നാമെന്താണ് മനസ്സിലാക്കിയത്?. നാം മനസ്സിലുള്ള സ്‌നേഹം തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ടോ?. എന്താണ് സ്‌നേഹം ?. എന്താണ് പോസിറ്റീവ് സ്‌ട്രോക്കുകള്‍.?

എന്താണ് സ്‌ട്രോക്കുകള്‍?
നമ്മില്‍ നിന്നുമുണ്ടാകുന്ന ആശയവിനിമയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ , സമീപനങ്ങള്‍, സംസാര ശൈലി, മുഖഭാവം മുതലായവയില്‍ നിന്നും മറ്റെയാള്‍ക്ക് പോസിറ്റീവ് അനൂഭൂതികളാണ് ലഭിക്കുന്നതെങ്കില്‍ അതിന് പറയുന്ന പേരാണ് സ്‌നേഹം. മറ്റൊരാളെക്കുറിച്ച് നമുക്ക് മനസില്‍ തോന്നുന്ന സ്‌നേഹം അത് പ്രകടിപ്പിക്കാത്ത കാലത്തോളം സ്‌നേഹമുണ്ടാവുകയില്ല. അത് ഇഷ്ടം മാത്രമാണ്, മനസിനകത്തെ ഈ ഇഷ്ടം പ്രകടിപ്പിക്കാത്ത കാലത്തോളം മക്കള്‍ക്ക് പോസിറ്റീവ് സ്‌ട്രോക്കുകളുണ്ടാവുകയില്ല. നമ്മുടെ പ്രശ്‌നമിതാണ്. പ്രകടിപ്പിക്കുകയില്ല, അല്ലെങ്കിലതറിയില്ല. ചിലര്‍ക്കതിന് സാധിക്കില്ല. നമ്മള്‍ വിചാരിക്കും നാം മക്കളെ സ്‌നേഹിക്കുന്നുവെന്ന്, ഈ വലിയ തെറ്റിധാരണയാണല്ലോ പ്രശ്‌നങ്ങള്‍ക്കും കാരണം. ഈ അജ്ഞതയാണെല്ലാറ്റിനും വില്ലന്‍. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, പോസിറ്റീവ് കൊടുത്താല്‍ മാത്രമെ സ്‌ട്രോക്കുകള്‍ അതു പോലെതന്നെ മടക്കികിട്ടുകയുള്ളൂ. അതുവഴി മാത്രമെ മക്കള്‍ കഴിവുള്ളവരും മാനസികവികാസവും ആത്മ വിശ്വാസമുള്ളവരുമാവുകയുള്ളൂ.
നമ്മുടെ സമീപനരീതിയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. നെഗറ്റീവ് സ്‌ട്രോക്കുകള്‍ കൊടുത്താല്‍ അത് മാത്രമേ തിരിച്ചുകിട്ടൂ. ഇത് സ്ഥിരമാകുമ്പോള്‍ ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടാകുന്നു. പരസ്പരം വിശ്വാസം നഷ്ടപ്പെടുന്നു. നിസ്സാരവിഷയങ്ങള്‍ക്ക് പൊട്ടിത്തെറിക്കുന്നു. ബന്ധങ്ങള്‍ തകരുന്നു. എല്ലാവരും പോസിറ്റീവ് അനുഭൂതികള്‍ക്ക് (സ്‌ട്രോക്കുകള്‍ക്ക്) ദാഹിക്കുന്നവരാണ്. അത് കിട്ടാനുള്ള ഏകമാര്‍ഗം അങ്ങോട്ടത് മാത്രം കൊടുക്കുകയെന്നതാണ്.
മറ്റുചിലര്‍ക്ക് പ്രകടിപ്പിക്കാനറിയാഞ്ഞിട്ടല്ല. കുട്ടികള്‍ക്ക് സ്‌ട്രോക്ക് കൊടുക്കുന്ന കാര്യത്തിലുള്ള അനാവശ്യധാരണകളാണവരെ പ്രശ്‌നത്തില്‍ ചാടിക്കുന്നത്. കുട്ടികളുടെ ലെവലിലേക്ക് ഇറങ്ങി വരികയും അവരുമായി സ്വതന്ത്രമായി ഇടപഴകുകയും ചെയ്താല്‍ കുട്ടികളുടെ കണ്ണില്‍ രക്ഷിതാവ് എന്ന തന്റെ സ്ഥാനം നഷ്ടമാകുമെന്നാണ് പല രക്ഷിതാക്കളുടെയും ധാരണ. എന്നാല്‍ നേരെമറിച്ചാണ് കാര്യം, പെരുമാറ്റ രീതിശാസ്ത്രത്തിലും സ്വഭാവരംഗത്തും നാം നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ നിന്നും മറ്റുമായി ലഭിച്ച ചില അലിഖിത നിയമങ്ങള്‍ക്ക് കീഴ്‌പെട്ടിരിക്കുകയാണ്. അതാണ് നാം ആദ്യം മാറ്റേണ്ടത്. സ്ര്‌ട്രോക്കുകളുടെ അഭാവം മനുഷ്യനില്‍ വളരെയേറെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അത് കാരണം കുട്ടികള്‍ ഉള്‍വലിയുന്നു. ടോര്‍ട്ടോയിസ്(ആമ) ടൈപ്പായി മാറുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന അവസ്ഥ സംജാതമാവുന്നു. ഇത് തുടരുമ്പോള്‍ ശാരീരികമായും അവന്‍ തളര്‍ന്നു തുടങ്ങുന്നു . സമൂഹത്തില്‍ ഒന്നിനും കൊള്ളാത്ത, നിരാശയും വിഷാദവും മാത്രമുള്ളവനായിത്തീരുകയും ചെയ്യുന്നു. അതിന് പരിഹാരം കുട്ടികളില്‍ ധാരാളം പോസിറ്റീവ് സ്രട്രോക്കുകള്‍ നിക്ഷേപിക്കുക എന്നതാണ്. ചെറിയ മനസ്സില്‍ നമുക്കെളുപ്പത്തില്‍ അത് നിറക്കാന്‍ പറ്റും.

പരിഹാരം പ്രവാചകവഴി മാത്രം
”കുട്ടികള്‍ അനുസരണയില്ല” ”അവന്‍ വഴി പിഴക്കുന്നു.” ”ഞാനെന്തു ചെയ്യണം?” തുടങ്ങി പല ചോദ്യങ്ങളുമായി മന:ശാസ്ത്രവിദഗ്ദരെ കാണാനെത്തുന്നവരുടെ എണ്ണം പൂര്‍വ്വാതീതമായി വര്‍ധിച്ചുവരികയാണ്. കൗണ്‍സിലിംഗ് സെന്ററുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും വന്‍തിരക്കാണിപ്പോള്‍ മുക്കിലും മൂലയിലും ഇത്തരം കേന്ദ്രങ്ങള്‍ കൂണ്‍ പോലെ മുളച്ച് വരുന്നതിന്റെ കാരണം മറ്റൊന്നുമല്ല. ഏത് മുറി സൈക്കോളജിസ്റ്റിനും പിടിപ്പത് പണിയാണ് . ചെറിയൊരു മുറിയിലൊരു ടേബിളിട്ടിരുന്നാല്‍ ആള്‍ക്കാര്‍ ഓടിവന്നുകൊള്ളും. പ്രശ്‌നങ്ങളത്രത്തോളമാണ്. ആരും ഇതില്‍ നിന്ന് മുക്തരല്ല. എല്ലാവരും ഭ്രാന്ത് പിടിച്ച പോലെ ഓടുകയാണ്. എവിടെയെങ്കിലും സമാധാനം കിട്ടുമോയെന്നറിയാന്‍!!! മുസ്ലിംകളും ഇതിലൊട്ടും പിന്നിലല്ല.
തന്റെ എല്ലാമെല്ലാമായ പ്രവാചകന്റെ(സ) ജീവിതരീതിയും തിരുവചനങ്ങളും മുന്നിലുള്ളപ്പോള്‍ നാമെന്തിന് നെട്ടോട്ടമോടണം?. ലോകം ഇന്നേവരെ ദര്‍ശിച്ചതില്‍ വെച്ചേറ്റവും വലിയ സൈക്കോളജിസ്റ്റ് മുഹമ്മദ് (സ)യുടെ ജീവചരിത്രവും പെരുമാറ്റ രീതികളും കണ്‍മുന്നിലുണ്ടായിരിക്കെ നാമെന്തിന് വേറെ വഴികള്‍ തേടിപ്പോകണം. അവിടത്തെ തിരുകര്‍മ്മങ്ങള്‍ ഏറ്റവും മികച്ച പ്രോയോഗിക മനഃശ്ശാസ്ത്ര രീതികളായിരിക്കേ, നബി(സ)തിരുമേനിയുടെ അനുയായികളായ നാം പിന്തുടരേണ്ടതാരെയാണ്. കേള്‍ക്കേണ്ടതാരെയാണ്. അനുസരിക്കേണ്ടതാരെയാണ്. പേരിന് ശേഷം രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ എങ്ങനെയോ കഷ്ടപ്പെട്ട് ചേര്‍ത്തുവെച്ച, നാല് മനസ്സിലാകാത്ത തിയറികള്‍ പറനാറിയുന്ന ഈ സൈക്കാട്രിസ്റ്റിന്റെ ഉത്പന്നങ്ങളെയാണോ. പ്രവാചകന്റെ ചര്യയിലേക്ക് മടങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ഹദീസും അവിടത്തെ ജീവിതവുമായിരിക്കണം നമ്മുടെ വഴികാട്ടി. അവിടത്തെ ആശയവിനിമയ രീതിയായിരിക്കണം നാം അനുകരിക്കേണ്ടത്. എന്നാല്‍ മാത്രമെ സമാധാനവും മനഃസംതൃപ്തിയും അനുഭവിച്ച് ജീവിക്കാന്‍ നമുക്ക് സാധിക്കുകയുള്ളു…! കുട്ടികളോട് അനുകമ്പയും വാത്സല്യവും കാണിച്ച് കൊണ്ട് അവര്‍ക്ക് നിരവധി പോസിറ്റീവ് സ്‌ട്രോക്കുകള്‍ നല്‍കുകയെന്നത് ഓരോ രക്ഷിതാവിന്റെയും കടമയാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇത് പ്രവാചകന്റെ സ്വഭാവമായിരുന്നു. ഹദീസുകളില്‍ ഇത് ധാരാളം കാണാന്‍ കഴിയും.
‘ഒരിക്കല്‍ സുജൂദില്‍ ദീര്‍ഘനേരം കിടന്നതിനെപ്പറ്റി നിസ്‌കാരശേഷം സ്വഹാബാക്കള്‍ കാരണമാരാഞ്ഞപ്പോള്‍ ”എന്റെ കുട്ടികള്‍ ഹസന്‍, ഹുസൈന്‍(റ) പുറത്ത് കയറി കളിക്കുകയായിരുന്നു അവരെ വിഷമിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അവര്‍ക്കാവിശ്യമുള്ളത്ര കളിക്കട്ടെയെന്ന് ഞാന്‍ കരുതി”. എന്നായിരുന്നു നബി(സ) തങ്ങളുടെ മറുപടി. മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്ന സ്‌ട്രോക്കുകള്‍ ഇതുതന്നെയാണ്. ഇവിടെ നിസ്‌കാര സമയമായിരുന്നിട്ട് കൂടി നെഗറ്റീവിന് പകരം പോസിറ്റീവാണ് നബി(സ) അവര്‍ക്ക് നല്‍കിയത്. സ്‌ട്രോക്കിനു പകരം ഫിസിക്കല്‍ സ്‌ട്രോക്കുകള്‍ നബി(സ) ധാരാളം നല്‍കിയിരുന്നു. ഉമ്മവെച്ചും ആലിംഗനം ചെയ്തും ഹസ്തദാനം ചെയ്തും നല്‍കുന്ന ശാരീരികമായ സ്‌ട്രോക്കിന്റെ ശക്തി അനിര്‍വചനീയമാണ്.
”ഫാത്തിമ(റ) മുറിയിലേക്ക് വരുമ്പോഴെല്ലാം പ്രവാചകന്‍(സ) എഴുന്നേറ്റ് നില്‍കുകയും സ്വാഗതം ചെയ്യുകയും ഉമ്മവെക്കുകയും അദ്ദേഹത്തിന്റെ ഇരിപ്പിടം നല്‍കുകയും ചെയ്യും . ഫാത്തിമ (റ)തിരിച്ചും അങ്ങനെത്തന്നെയായിരുന്നു ചെയ്തിരുന്നത്. പ്രവാചകന്‍(സ) അവസാനമായി രോഗ ശയ്യയിലായിരുന്ന സന്ദര്‍ഭത്തില്‍ ഫാത്തിമ(റ) സന്ദര്‍ശിച്ചപ്പോള്‍ പ്രവാചകന്‍(സ) അവരെ സ്വാഗതം ചെയ്യുകയും ഉമ്മവെക്കുകയും ചെയ്തു”. പോസിറ്റീവ് സ്‌ട്രോക്ക#ുകള്‍ ധാരാളമായി മക്കള്‍ക്ക് നല്‍കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. എന്തുമാത്രം ഭവ്യതയോടെയും സ്‌നേഹത്തോടെയുമാണ് ആ മഹാപുരുഷന്‍ തന്റെ മകളോട് പോലും പെരുമാറുന്നത്! മാനസികമായ സ്‌ട്രോക്കിന് പുറമെ ശാരീരികമായ സ്‌ട്രോക്കുകളും നബി(സ) നല്‍കിയിരുന്നു. പ്രവാചകന്‍(സ) മരണ വേളയിലുള്ള സന്ദര്‍ശന സമയത്ത് ഫാത്തിമ(റ) എത്രവലുതാണെന്ന് ആലോചിച്ച് നോക്കൂ.
എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്. പ്രവാചകനില്‍(സ) നിങ്ങള്‍ക്കുത്തമമായ മാതൃകയുണ്ട് എന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിച്ചിട്ട് എന്തുകൊണ്ട് അവിടത്തെ മാതൃകകള്‍ നമുക്ക് പിന്തുടരാന്‍ പറ്റുന്നില്ല, എന്നത് തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയം തന്നെയാണ്.
ഒരിക്കല്‍ പ്രവാചകന്‍(സ) ഹസന്‍(റ) വിനെ (കുട്ടിയായിരിക്കേ) ചുംബിച്ചപ്പോള്‍ അല്‍ അഖ്‌റഅ് ബിനു ഹാബിസ് പറഞ്ഞു. ”എനിക്ക് പത്ത് സന്താനങ്ങളുണ്ട് ഞാനിതുവരെ അവരിലൊരാളെയും ചുംബിച്ചിട്ടില്ല.” നബി(സ) തങ്ങള്‍ പറഞ്ഞു: ”കരുണ കാണിക്കാത്തവര്‍ക്ക് കരുണ നല്‍കപ്പെടുകയില്ല.”കരുണ കാണിക്കുകയെന്നത് പോസിറ്റീവ് സ്‌ട്രോക്ക് നല്‍കുകയാണല്ലോ, അത് നല്‍കിയാല്‍ ഒടുവില്‍ തിരിച്ച് മാതപിതാക്കള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും തിരിച്ച് കിട്ടുകയുള്ളൂ എന്ന മനഃശാസ്ത്ര തത്വമല്ലേ ഈ ഹദീസിലുള്ളത്.

രക്ഷിതാക്കളെ, കണ്ണ് തുറക്കൂ…
നമുക്കിന്ന് സ്വന്തം കുഞ്ഞുങ്ങളെ സ്‌നേഹിക്കാന്‍ പോലും സമയമില്ല. സമയം മാത്രമല്ല ഇതൊന്നും നമ്മുടെ സമൂഹത്തില്‍ പതിവില്ല. ഒരഞ്ചുവയസ്സ് വരെ മാക്‌സിമം കുട്ടികളെ ചുംബിക്കും, ചിലര്‍ അല്‍പം കൂടി, പിന്നെയതൊന്നും പാടില്ലായെന്ന രീതിയാണ്. എന്ന് മാത്രമല്ല, നല്ലനിലക്കുള്ള തുറന്ന സംസാരങ്ങള്‍ പോലും കുട്ടികളോട് പാടില്ലെന്ന അവസ്ഥയിലാണ് രക്ഷിതാക്കളും മറ്റു മുതിര്‍ന്നവരും. ഇതിന്റെയൊക്കെ കാരണങ്ങള്‍ എന്താണ്?. ”ജനറേഷന്‍ ഗ്യാപ്പ്” എന്ന വിഷലിപ്തമായ പദം കൊണ്ട് ഇതിനെ ന്യായീകരിക്കാനാകുമോ?. ഇത് ഏത് തരത്തിലുള്ള ഫലമാണിത് നമുക്ക് തരുന്നത്?. ഇതൊക്കെ മനസ്സിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമുണ്ടോ?. അധികമാളുകളുടെയും സ്വന്തം മക്കളോടുള്ള ചില പെരുമാറ്റ രീതികള്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അല്‍പനേരം ആലോചിക്കുക. നാമെന്താണ് ചെയ്യുന്നത്?. നാമെന്തൊക്കെയാണ് ചെയ്യേണ്ടിയിരിക്കുന്നത്?. നമുക്ക് പരിശോധിക്കാം .
അവരുടെകണ്ണുകളില്‍ വലുതായി കണ്ട കൊച്ചു കൗതുകങ്ങള്‍ പറയാനെത്തുമ്പോള്‍ നിങ്ങളവരെ ആട്ടിയകറ്റിയില്ലേ. അവര്‍ക്ക് വലിയ അത്ഭുതവും നമുക്ക് നിസ്സാരവുമായി തോന്നുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ‘ഒന്നുമിണ്ടാതിരിക്കെ’ന്നും പറഞ്ഞ് അവരെ കണ്ണുരുട്ടി പേടിപ്പിച്ചില്ലേ?. എന്റെ വാക്കുകള്‍ കേള്‍ക്കാനാരുമില്ലയെന്ന തോന്നലവരില്‍ വളരാനിത് കാരണമായി. അവരിലെ ജിജ്ഞാസയും അന്വേഷണ ത്വരയും നിങ്ങളിതുവഴി കെടുത്തിക്കളഞ്ഞു. മറിച്ചല്‍പസമയം അവരുടെ വര്‍ത്തമാനങ്ങള്‍ക്ക് കാതോര്‍ത്ത് കളിച്ച് ചിരിച്ച് അവരോടൊപ്പം ചിലവഴിച്ചിരുന്നെങ്കില്‍ അതവരില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. അവര്‍ക്ക് നിങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടാകും. എന്റെ കൂടെ നില്‍ക്കാന്‍ ആളുണ്ടെന്ന ചിന്ത അവരെ ഉന്നതിയിലേക്ക് നയിക്കും. ചെറിയ നേട്ടങ്ങളുമായി അത്യാഹ്ലാദത്തോടെ പാഞ്ഞെത്തുമ്പോള്‍ മറ്റു പലരുടെയും നേട്ടങ്ങള്‍ പറഞ്ഞ് അതൊന്നുമല്ലെന്ന് വരുത്തി അവരെ നിരാശരാക്കിയില്ലേ. എന്തിനും ഏതിനും അയല്‍വീട്ടിലേയൊ മറ്റോ കുട്ടികളുമായി താരതമ്യം ചെയ്ത് അവരെ വിഷമിപ്പിച്ചില്ലേ.. എനിക്കൊന്നിനും കഴിയില്ല, ഞാനൊന്നിനും കൊള്ളില്ല. മറ്റുള്ളവരെല്ലാം മിടുക്കന്മാര്‍ എന്ന വളരെ നെഗറ്റീവായ ചിന്തകള്‍ ഇത് മൂലം അവരില്‍ മൊട്ടിട്ട് വളരുന്നു. അവരാണുള്‍വലിയുന്നത്. അവരുടെ കഴിവുകള്‍ സ്വന്തം പിതാക്കളാല്‍ നശിപ്പിക്കപ്പെടുന്നു. വിഷണ്ണനായി നിരാശനായി ചടഞ്ഞ് കൂടി അന്തര്‍മുഖികളായിത്തീരുന്നു, എന്നെയാര്‍ക്കും വേണ്ട എനിക്കിവിടെ ഒരു വിലയുമില്ല ഞാന്‍ മണ്ടനാണ് മറ്റുള്ളവരാണ് കേമന്മാര്‍, അതുകൊണ്ടാണ് എന്നെയാരും സ്‌നേഹിക്കാത്തത് എന്ന ഭീകര ചിന്ത അവരില്‍ രൂഢമൂലമാവുന്നു. അവരങ്ങനെത്തന്നെ വിശ്വസിക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട് അവന്റെ ജീവിതം താറുമാറാകുന്നു!! മറിച്ചവരെ നന്നായി പ്രോത്സാഹിപ്പിച്ച് നിങ്ങളും അവരുടെ സന്തോഷത്തില്‍ പങ്കു ചേരുന്നുവെങ്കില്‍ അവര്‍ക്കത് ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരിക്കും. ഉയരങ്ങളിലേക്കു കുതിക്കാനുള്ള സര്‍വ്വഊര്‍ജവും അതില്‍നിന്ന് ലഭിക്കും, അങ്ങനെയുള്ള കുട്ടികളാണ് മികവില്‍ നിന്ന് മികവിലേക്ക് ചെന്നെത്തുന്നത്. അവര്‍ ഒരിക്കലും പിന്നോട്ടടിക്കില്ല അത് കൊണ്ട് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെ അവരെ പൂര്‍ണ്ണമായും പ്രോത്സാഹിപ്പിക്കുക, പിന്തുണക്കുക, കൂടെ നില്‍ക്കുക. അതാണവര്‍ക്ക് വേണ്ടത്.
”അവരൊക്കെയെങ്ങനെയുണ്ട്. നീമാത്രമെന്തേയിങ്ങനെയായിപ്പോയി. നീ ഇത്ര മാത്രം മണ്ടനായിപ്പോയെല്ലോ. നിന്നെയൊന്നിനും കൊള്ളില്ല. ഈ വാക്കുകള്‍ സ്ഥിരമായി മക്കളോട് ഉപയോഗിക്കാത്ത എത്ര രക്ഷിതാക്കളുണ്ടാകും?. വിഷത്തിലൂട്ടിയ വാക്കുകളാണിവ.! അനന്തര ഫലം അതിഭീകരവും!, കുഞ്ഞു സങ്കടങ്ങള്‍ പറഞ്ഞ് കരയുമ്പോള്‍ നിങ്ങളവരെ അടിച്ചും, തെറിപറഞ്ഞും ഭീഷണിപ്പെടുത്തിയും അവരെ നിങ്ങള്‍ക്കെതിരാക്കിയില്ലേ?. എന്തെങ്കിലും തെറ്റു ചെയ്താല്‍ അവര്‍ക്കെതിരെ പൊട്ടിത്തെറിച്ചും മാരകമായ മര്‍ദ്ദനങ്ങളേല്‍പ്പിച്ചും അവരെ പ്രതികാരികളാക്കിയില്ലേ?.
അവര്‍ക്ക് ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാവുകയോ അവരതില്‍ ഖേദിക്കുകയോ ചെയ്യില്ല, മറിച്ച് അവരില്‍ പ്രതികാരാഗ്നി ജ്വലിക്കും,. മനസ്സ് പ്രതികാരത്തിനായി ദാഹിക്കും, അന്നവര്‍ക്കതിന് കഴിയില്ലെങ്കലും വഴക്കാളിക്കുട്ടികളായവര്‍ മാറും. എന്തിനും എതിര് നില്‍കുന്ന സ്വഭാവം. പിന്നീട് പല രൂപങ്ങളിലായിരിക്കും അവരിലെ പ്രതികാരവാജ്ഞ പുറത്ത് വരിക. അതോ താങ്ങാനാവത്തും അത്യന്തം മാരകവുമായിരിക്കും.
മലിനമായ ഇക്കാലത്ത് അവര്‍ അവരുടെ കൗമാരത്തിലും ചോരത്തിളപ്പിലും ചെയ്തു പോകുന്ന(കാര്യം മനസ്സിലാക്കാതെ) തെറ്റുകള്‍ മാതാപിതാക്കള്‍ അറിയുന്നതിനെ ഭയപ്പെടുന്നു. അറിഞ്ഞാല്‍ ഫലം ഭീകരമാണെന്നവര്‍ക്കറിയാം. പതിയിരിക്കുന്ന ചതിക്കുഴികള്‍ മനസ്സിലാകാതെ അവരൊടുവില്‍ വലിയ അപകടങ്ങളില്‍ ചെന്നു ചാടുന്നു. തന്റെ പ്രശ്‌നങ്ങളുമായി കൗമാരചാപല്യങ്ങളില്‍ പെട്ടുപോയ കുരുക്കുകളില്‍ നിന്ന് രക്ഷ നേടാന്‍ പരിഹാരനിര്‍ദേശം തേടി മാതാപിതാക്കളുടെയടുത്തവര്‍ വരില്ല. കാരണം അവരെയവന്ന് പേടിയാണ്. ചീഞ്ഞളിഞ്ഞ ഇക്കാലത്ത് പ്രണയനൈരാശ്യവും ലൈംഗിക പീഡനം പോലുള്ള വലിയ പ്രശ്‌നങ്ങള്‍ വരുമ്പോഴും അവരത് സ്വന്തം മാതാപിതാക്കളോട് പറയില്ല!! അവന്ന് ഭയമാണവരെ.! പകരം അവര്‍തന്നെ തീരുമാനത്തിലെത്തുന്നു. ഒരു സാരിത്തലപ്പിലോ കയര്‍തുമ്പിലോ തന്റെ പാവനജീവിതം അവസാനിപ്പിച്ച് കൊണ്ട്..!! എത്ര ഭീകരമാണീയവസ്ഥ..!! ഇതിനുത്തരവാദികളാര്? അവരോട് സ്‌നേഹത്തോടെ സംസാരിക്കാനും സങ്കടങ്ങള്‍ തീര്‍ക്കാനും ചുംബനം നല്‍കാനും ആലിംഗനം ചെയ്യാനും കൂടെനിന്ന് സഹായിക്കാനും തയ്യാറാകുന്നവരുടെ മക്കളൊരിക്കലും ഈയപകടത്തില്‍ പെടില്ല. ചെറുപ്പം മുതല്‍ ചെയ്ത തെറ്റ് മനസ്സിലാക്കിക്കൊടുത്ത് ശാസന നല്‍കി മാതൃകാപരമായ ശിക്ഷ നല്‍കിയാല്‍ പിന്നീടതിലേക്കവര്‍ പോകില്ല. അവര്‍ക്കതിന് കഴിയില്ല! തന്റെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായി കയര്‍തുമ്പിലൊതുങ്ങുന്നതിന് മുമ്പ് അവന്നവരോട് പറഞ്ഞ് തുടക്കത്തിലേ പരിഹാരം കാണാനാകും. അവര്‍ക്കാണ് തന്റെ പിതാവിനോട് മനസ്സ് തുറന്ന് ‘യു ആര്‍ ഗ്രൈറ്റ്’ എന്ന് പറയാനാകുന്നത്. അതു കേള്‍ക്കാനാഗ്രഹിക്കാത്ത ഏതു പിതാവാണുള്ളത്. ഈ ജനറേഷനിടക്ക് എവിടെയാണ് ഗ്യാപ്പ്. അതെങ്ങനെയാണുണ്ടാകുന്നത്? രക്ഷിതാക്കളതിനെ ന്യായീകരിക്കാന്‍ മുതിരുമോ?.
നിങ്ങളവരുടെ മുമ്പില്‍ വെച്ച് പരസ്പരം വഴക്കിട്ടു ബഹളം വെച്ചു അവര്‍ക്കു തെറ്റായ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയില്ലേ. ചെറുപ്പം മുതല്‍ തന്നെ ശല്യമൊഴിവാവാന്‍ വേണ്ടി നിങ്ങളവരെ ടി.വിയും സംഗീതവും ശീലിപ്പിച്ചില്ലേ?? കരയുമ്പോള്‍ പാട്ട് വെച്ച മൊബൈല്‍ കയ്യില്‍ കൊടുക്കുന്ന, ടി.വിക്കു മുമ്പിലിരുത്തുന്നവര്‍ അവരെന്താണെന്ന് ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന്റെ ഭവിഷ്യത്തുകളെ ക്കുറിച്ച് അല്‍പമെങ്കിലും ബോധമുണ്ടെങ്കില്‍ അവരതിന് തുനിയുമോ. പകരം ഖുര്‍ആനോത്തും നിസ്‌കാരങ്ങളും മാല മൗലീദും നല്ല പെരുമാറ്റ രീതികളും കണ്ട് വളര്‍ന്ന കുട്ടികള്‍ ഒരിക്കലും വഴിപിഴക്കില്ലെന്ന് നാമറിയേണ്ടതുണ്ട്.
നമ്മുടെ പെരുമാറ്റങ്ങളങ്ങനെയായിരിക്കേ, നെഗറ്റീവ് സ്‌ട്രോക്കുകളില്‍ മുങ്ങിവളരുന്ന മക്കളെങ്ങനെ അനുസരണയുള്ള സല്‍സ്വഭാവിയായ മക്കളാകും. അതിന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോയെന്ന് ഇനിെയങ്കിലും നാം ചിന്തിക്കേണ്ടേ?. ചിലരെ പടച്ചോന്‍ മക്കളെക്കൊണ്ട് പരീക്ഷിക്കാറുണ്ട് . എന്നാല്‍ പിതാക്കളെക്കൊണ്ട് പരീക്ഷിക്കപ്പെടുന്ന എത്രയോ മക്കളില്ലേയിവിടെ. അല്‍പമൊന്നാലോചിക്കാന്‍ സമയം കണ്ടെത്തുക.
അനുസരണയുള്ള മക്കളെ കിട്ടാന്‍ പോസിറ്റീവ് സ്‌ട്രോക്കുകള്‍ മാത്രം നല്‍കി അവരെ വളര്‍ത്തുക. എങ്കിലവരുടെ അനുസരണ ഹൃദയത്തില്‍ നിന്നും വരുന്നതായിരിക്കും. ശുദ്ധമായ, കളങ്കമില്ലത്ത, ദുരുദ്ദേശ്യമില്ലാത്ത, അനുസരണയും ബഹുമാനവും സ്‌നേഹവും അവരില്‍ നിന്ന് നമുക്ക് ലഭിക്കും. ആ കുടുംബം സന്തുഷ്ടമായിരിക്കും. ആവീട്ടില്‍ ആഹ്ലാദവും ആനന്ദവും അലതല്ലും. അതല്ലേ നമുക്ക് വേണ്ടത് . തന്റെ മക്കളിലൂടെ തന്നെത്തന്നെയാണ് കാണുന്നതെന്ന് ആദ്യം മനസ്സിലാക്കുക. തന്റെ മുമ്പില്‍ വെച്ച കണ്ണാടിയാണ് മക്കളെന്നോരോ രക്ഷിതാവും ഓര്‍ത്തിരിക്കുക. അത് കൊണ്ടാദ്യം നേര്‍വഴിയില്‍ സഞ്ചരിക്കുക. അതിലൂടെതന്നെമക്കളെ വളര്‍ത്തുക. പ്രവാചകന്‍(സ) കാണിച്ച വഴിയിലൂടെ ജീവിച്ച് മറ്റുള്ളവരെ സന്മാര്‍ഗികളാക്കാന്‍ വേണ്ടി പരിശ്രമിച്ച് സുനിശ്ചിതമായ മരണം റബ്ബിന്റെ ദീനിലായി, തൃപ്തിയിലായിത്തീരാന്‍ വേണ്ടി ഈ ഹ്രസ്വജീവിതത്തില്‍ എന്തെങ്കിലും നന്മചെയ്യാന്‍ തീരുമാനിക്കുക..!! നാഥന്‍ തുണക്കട്ടെ..!!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on April 19, 2012 by in Jan-Feb'12.
%d bloggers like this: