Al Irshad

bi monthly magazine

ശൈഖുനായുടെ മരണവും സി.ബി.ഐയുടെ ആത്മഹത്യാ പ്രഹസനങ്ങളും

ഉത്തരമലബാറിന്റെ ആത്മീയ തേജസും സമസ്തയുടെ സമുന്നതനേതാവുമായിരുന്ന മര്‍ഹൂം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വിയോഗത്തിനു രണ്ട് വര്‍ഷം തികയാന്‍ പോകുന്നു. സാധാരണ ഗതിയില്‍ ഒരു വ്യക്തിയുടെ നഷ്ടം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും തന്റെ ആശ്രിതരും ബന്ധപ്പെട്ടവരും ഏറെക്കുറെ മുക്തമാവാന്‍ മതിയായ സമയം. എന്നാല്‍ കര്‍മ്മം കൊണ്ടും വ്യക്തിത്വം കൊണ്ടും തലയെടുപ്പ് കൊണ്ടും മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ജീവിതം നയിച്ച സി.എം ഉസ്താദിന്റെ വേര്‍പ്പാട് സ്വാഭാവികനിലയില്‍ ആയിരുന്നെങ്കില്‍ തന്നെ അതിലൂടെ സൃഷ്ടിക്കുന്ന വിടവും ശൂന്യതയും ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നികത്തപ്പെടാനാവുന്നതല്ല. സമൂഹത്തില്‍ അപൂര്‍വ്വമായി മാത്രം പിറവികൊള്ളുന്ന അസാധാരണ ധിഷണയുടെയും വ്യക്തിപ്രഭാവത്തിന്റെയും ഉടമയായിരുന്ന സ്മര്യപുരുഷന് പകരം വെക്കാന്‍ ലക്ഷണമൊത്തവരെ തിരഞ്ഞുനടക്കുന്നവര്‍ക്ക് നിരാശ തന്നെയാവും ഫലം.
ഇവിടെ അത്തരമൊരു നഷ്ടത്തിന്റെ നടുക്കവും നൊമ്പരവും ശതഗുണീഭവിക്കുന്നതായി ആ മരണ സാഹചര്യത്തിലെ ദുരൂഹതയും അസ്വഭാവികതയും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആ രംഗങ്ങള്‍ മനസ്സിനെ വ്യാകുലപ്പെടുത്താത്ത ദിവസങ്ങള്‍ അദ്ദേഹത്തെ അറിയുന്നവര്‍ക്ക് കഴിഞ്ഞുപോയിട്ടുണ്ടാവില്ല. ഓരോ നിമിഷവും ഉള്ളം പൊട്ടിക്കുന്ന ഓര്‍മ്മകളുടെ ഓളങ്ങളായി ആ കടല്‍തീര ദൃശ്യങ്ങള്‍ അകതാരില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു.
മരണത്തിലെ ദുരൂഹത നീക്കാനും സത്യാവസ്ഥ പുറത്തു കൊണ്ട് വരാനും വേണ്ടി നടന്ന അന്വേഷണങ്ങള്‍ തൃപ്തികരവും സത്യസന്ധവും ആയില്ലെന്നത് നമ്മുടെ ദുഃഖവും ഉല്‍കണ്ഠയും വര്‍ധിപ്പിക്കുന്നു. തുടക്കം മുതല്‍ അന്വേഷണത്തില്‍ പ്രകടമായ ആലസ്യവും അതവധാനതയും ശേഷം നടന്ന അന്വേഷണങ്ങളെയും സ്വാധീനിച്ചു, എന്തെങ്കിലും കാരണം കണ്ടെത്തി ഫയല്‍ ക്ലോസ് ചെയ്യാനുള്ള തിടുക്കത്തില്‍ ഇത് ആരെക്കുറിച്ചാണ് പറയുന്നതെന്ന് പോലും കണക്കിലെടുക്കാതെയുള്ള നിഗമനങ്ങളും അനുമാനങ്ങളുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത്. ലോക്കല്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അക്ഷന്തവ്യമായ കൃത്യവിലോപവും ഉദാസീനതയുമാണ് പ്രശ്‌നത്തെ ഇത്രയേറെ സങ്കീര്‍ണ്ണവും ഗുരുതരവുമാക്കിയതെന്നാണ് പൊതുവായ വിലയിരുത്തല്‍. അവര്‍ അന്ന് കാര്യങ്ങള്‍ വേണ്ടവിധം ഉത്തരവാദിത്തബോധത്തോടെയും ശുഷ്‌കാന്തിയോടെയും ചെയ്തിരുന്നെങ്കില്‍ ഈ കേസിന് ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു. ശേഷം കേസ് അന്വേഷിച്ച ക്രൈം ഡിറ്റാച്ച്‌മെന്റെും ക്രൈം ബ്രാഞ്ചും ലോക്കല്‍ പോലീസിന്റെ നിഗമനങ്ങളിലൂടെതന്നെ കേസ് മുന്നോട്ട് നീക്കി. നീണ്ട പ്രക്ഷോഭങ്ങളുടെയും മുറവിളികളുടെയും ഫലമായി കേസ് സി.ബി.ഐ ഏറ്റെടുത്തുവെങ്കിലും അവരും സമൂഹത്തിന്റെ പ്രതീക്ഷക്കൊത്തും ആശങ്കകള്‍ അകറ്റാന്‍ പര്യാപത്മായ വിധത്തിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോയില്ല, 10 മാസം പൂര്‍ത്തിയായ വേളയില്‍ സി.ബി.ഐ സംഘം അന്വേഷം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും അത് വരെയുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് റീജിയനല്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തപ്പോള്‍ തന്നെ അതിലെ രഹസ്യവിവരങ്ങള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു വിവാദ വാര്‍ത്തകള്‍ പുറത്തുവിടുകയുണ്ടായി. സി.എം ഉസ്താദിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമൂഹത്തെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന നിഗമനങ്ങളാണ് അവര്‍ പുറത്തുവിട്ടത്. എന്നാല്‍ തങ്ങള്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയും ചെയ്തു.
ഈ ഘട്ടത്തിലാണ് അന്വേഷണത്തിലെ ഇത് വരെയുള്ള പുരോഗതി സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. അവിടെയും സി.ബി.ഐ റിപ്പോര്‍ട്ട് സമയത്ത് നല്‍കാതെ ഉരുണ്ട് കളിച്ചു. ഹൈകോടതി ശക്തമായി ഇടപെട്ട ശേഷം മാത്രമാണ് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ പറഞ്ഞ കാര്യങ്ങളും മുമ്പ് പത്രമാധ്യമങ്ങളില്‍ വന്ന വിവരങ്ങളും ഏറെക്കുറെ സമാനമായിരുന്നു. അപ്പോള്‍ അന്ന് വാര്‍ത്ത നിഷേധിച്ച ഉദ്യോഗസ്ഥര്‍ നടത്തിയ ഒളിച്ചുകളി വ്യക്തമാണ്.
ഇപ്പോള്‍ ഹൈകോടതി പ്രസ്തുത റിപ്പോര്‍ട്ടില്‍ പ്രകടമായ വൈരുദ്ധ്യം കണ്ടെത്തുകയും കൂടുതല്‍ പരിശോധനയ്കും വിചാരണയ്ക്കുമായി കേസ് നീട്ടിവെച്ചിരിക്കുകയാണ്. ഏതായാലും കേസന്വേഷണം ശരിയായ ഗതിയിലൂടെ മുന്നോട്ട് നീങ്ങാത്തതിലും യാഥാര്‍ത്യം പുറത്തുകൊണ്ടുവരുന്നകാര്യത്തില്‍ ഇത് വരെ നടന്ന ശ്രമങ്ങള്‍ വിജയിച്ചുകാണാത്തതിലും ജനങ്ങള്‍ ഖിന്നരും നിരാശരുമാണ്. മരണത്തെ ആത്മഹത്യയാക്കി മാറ്റാനുള്ള നീക്കത്തില്‍ അവര്‍ അതിലേറെ കുപിതരും രോഷാകുലരുമാണ്. കൊലപാതകമാണെന്ന് തെളിയിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം മരണം ആത്മഹത്യയാവില്ല. അവര്‍ അതില്‍ വിജയിച്ചില്ലെങ്കില്‍ വേറെ അന്വേഷണ സംഘത്തെ വച്ചു തുടക്കം മുതലുള്ള ഓരോ നീക്കങ്ങളും നടപടികളും സൂക്ഷ്മമായും സത്യസന്ധമായും പരിശോധിച്ചു കണ്ടെത്താനുള്ള ശ്രമം ഉണ്ടാകണം. മരണ ദിവസം ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അന്നത്തെ ഡി,വൈ.എസ്.പിയുടെ ഭാഗത്തു നിന്നുണ്ടായ അനുചിതവും അതിരു കടന്നതുമായ നീക്കങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.
സി.എം ഉസ്താദിന്റെ ദാരുണ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചവര്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. കേവലം ഒരു സാധാരണക്കാരന്റെ മരണത്തെ വീക്ഷിക്കുന്ന ലാഘവത്തോടെ ഈ സംഭവത്തെ നോക്കിക്കാണാനാവില്ല.
ഒന്നാമതായി അത്തരമൊരു കടുത്ത നീക്കം നടത്താന്‍ നിര്‍ബന്ധിക്കുന്ന കാരണമോ സാഹചര്യമോ സ്മര്യപുരുഷന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. വ്യക്തിപരമായും കുടുംബപരമായും സാമ്പത്തികമായും സാമൂഹികമായും തികച്ചും തൃപ്തികരവും അസൂയാര്‍ഹവുമായ നിലയിലായിരുന്നു ഉസ്താദിന്റെ നില. എന്തെങ്കിലും നിസ്സാരകാര്യത്തിന് വേണ്ടി വികാരം കൊള്ളുകയോ എടുത്തുചാടുകയോ ചെയ്യുന്ന ഒരനുഭവവും ഉസ്താദിന്റെ ജീവിതത്തില്‍ കണ്ടെത്താനാവില്ല. ഏത് വിഷയവും വളരെയേറെ സൂക്ഷ്മതയോടെയും അവധാനതയോടെയും കൈകാര്യം ചെയ്യാറുള്ള അദ്ദേഹത്തെ അലട്ടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാല്‍മുട്ടുവേദനയോ മറ്റു അസുഖങ്ങളോ ജീവിതം അവസാനിപ്പിക്കാനുള്ള പ്രേരണയായി കരുതാന്‍ മാത്രം അവിവേകപരവും ബുദ്ധിശൂന്യവുമായ നിലപാട് അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുമെന്ന് അദ്ദേത്തെ അടുത്തറിഞ്ഞ ഒരു കുട്ടി പോലും അംഗികരിക്കില്ല. ആത്മഹത്യ പാപവും ഭീരുത്വവും അവിവേകപരമായ എടുത്തുചാട്ടമാണെന്ന് പഠിക്കുകയും ആയിരങ്ങള്‍ക്ക് പഠിപ്പിക്കുകയും ചെയ്ത ഒരു മഹാപണ്ഡിതന്റെ, തര്‍ക്കങ്ങളിലും പ്രശ്‌നങ്ങളിലും പെട്ടു ജീവിതം വഴിമുട്ടിയ എത്രയോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സംഘങ്ങള്‍ക്കും പക്വവും പണ്ഡിതോചിതവുമായ ഉപദേശങ്ങളിലൂടെ ശാന്തമായ പുതുജൂവിതത്തിലേക്ക് വഴി കാട്ടിയ ഒരു മഹല്‍ വ്യക്തി, ജീവന്‍ സൃഷ്ടാവ് ഏല്‍പ്പിച്ച ഒരു അമാനത്താണെന്നും അത് തിരിച്ചെടുക്കാനുള്ള അവകാശവും അധികാരവും അവനില്‍ മാത്രം നിക്ഷിപ്തവുമാണെന്നും അടിയുറച്ച് വിശ്വസിച്ച ഒരു ദൃഢവിശ്വാസി, കര്‍മ്മനിരതവും വൈജ്ഞാനിക സമ്പാദനത്തിനും വിനിമയത്തിനും അതിന്ന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന്നും വേണ്ടി സ്വയം സമര്‍പ്പിതവുമായ ജീവിതം നയിച്ച ഒരു കര്‍മ്മയോഗി, ഗുരുതരമായ രോഗം ബാധിച്ചു മേജര്‍ ഓപ്പറേഷന് വിധേയനായി, ഐ.സി.യു വില്‍ കഴിയുന്ന വേളയില്‍ പോലും ഗ്രന്ഥപാരായണത്തിലും ഗ്രന്ഥരചനയ്ക്ക് ആവശ്യമായ നോട്ടുകള്‍ തയ്യാറാക്കുന്നതിലും മുഴുകിയിരുന്ന ത്യാഗി വര്യന്‍, വിശ്രമമറിയാതെ അവസാനനാളുകളില്‍ പോലും ദീനിന്റെയും സമുദായത്തിന്റെയും യശസ്സുയര്‍ത്തുന്ന സേവനങ്ങളില്‍ വ്യാപൃതനായിരുന്ന സമുദായസ്‌നേഹി, താന്‍ സൂക്ഷ്മതയോടെയും വിശുദ്ധിയോടെയും കാത്തു സൂക്ഷിച്ച ജീവിതം സ്വയം അവസാനിപ്പിച്ചു കൊണ്ടു തനിക്കും തന്റെ കുടുംബത്തിനും നാട്ടിനും സമുദായത്തിനും തീര്‍ത്താല്‍ തീരാത്ത മനസ്താപവും മാനഹാനിയും വരുത്തി വെക്കുമെന്ന് സങ്കല്‍പിക്കുന്നത് പോലും ആ മഹാനുഭാവന്റെ ആത്മാവിനോട് കാണിക്കുന്ന ക്രൂരതയായിരിക്കും.
ഇനി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് തന്നെ വാദത്തിന് വേണ്ടി സമ്മതിക്കുക, അതിന് ഇത്രയേറെ സാഹസപ്പെട്ട് കടല്‍തീരം വരെ പോകേണ്ടതുണ്ടോ? കുട്ടിക്കാലം മുതല്‍ കടല്‍ തീരത്ത് കളിച്ചുവളര്‍ന്ന, നന്നായി നീന്താന്‍ അറിയാവുന്ന ഒരാള്‍ മരിക്കാന്‍ വേണ്ടി എന്തിന് വേണ്ടി കടലില്‍ ചാടണം? അങ്ങനെ ചാടിയാല്‍ പോലും വീണ്ടുവിചാരത്തില്‍ അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമിക്കില്ലേ? സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്ന, പ്രമേഹ രോഗത്തിന് സ്വയം ഇന്‍സുലിന്‍ കുത്തിവെക്കാറുള്ള, വിവിധ മരുന്നുകളുടെ ഉപയോഗത്തെപ്പറ്റി നല്ല ധാരണയുള്ള അദ്ദേഹത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ കഴിക്കാതിരുന്നോ കൂടുതല്‍ കഴിച്ചോ, ഇരുന്ന ഇരിപ്പിലോ കിടന്ന കിടപ്പിലോ മരണം പുല്‍കാമല്ലോ? ആര്‍ക്കും ഒരു സംശയവും തോന്നാനുമില്ല. നാട്ടില്‍ ബഹളമോ വിവാദമോ ഉയരാനില്ല. താന്‍ ഏറെ സ്‌നേഹിച്ച കുടുംബത്തിനോ നാട്ടുകാര്‍ക്കോ തന്റെ ജിവരക്തം കൊണ്ട് കെട്ടിപ്പടുത്ത് സ്ഥാപനങ്ങള്‍ക്കോ സം ഘടനകള്‍ക്കോ അപമാനമോ അപഖ്യാതിയോ വരാനുമില്ല.
ഇനി അന്വേഷകര്‍ അവലംബിക്കേണ്ട മറ്റൊരു പ്രധാനകാര്യം മഹാനവര്‍കളുടെ ഇതപര്യന്തമുള്ള ജീവിതം ഒരു മനഃശാസ്ത്രജ്ഞനെക്കൊണ്ട് അപഗ്രഥനം നടത്തുകയാണ്. ജീവിതത്തിന്റെ ഓരോ അടരുകളും ശാസ്ത്രീയമായി വിശകലനം ചെയ്യട്ടെ. അടുത്തവരും അകന്നവരും നല്‍കുന്ന വിവരങ്ങള്‍ വച്ചു കാര്യങ്ങള്‍ അപഗ്രഥിക്കട്ടെ. ഒരിക്കല്‍ പോലും മാനസിക സന്തുലിതാവസ്ഥ തെറ്റിയ നിലയില്‍ പെരുമാറിയ അനുഭവം ചൂണ്ടിക്കാട്ടാനാവില്ല. എടുത്തുചാട്ടമോ അവിവേകപരമായ നീക്കമോ കണ്ടത്താനാവില്ല. കൂടാതെ അത്തരം സാഹസത്തിനു മാനസികമായി തയ്യാറെടുത്ത ഒരാളില്‍ നിന്ന് അബോധ മനസ്സിലൂടെയെങ്കിലും അതിന്റെ സൂചനകളോ ചലനങ്ങളോ അറിയാതെ പ്രകടമാകുമല്ലോ. ഇവിടെ അതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല മരിക്കുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ അടുത്ത ദിവസവും ആഴ്ചയും മാസവും ഒക്കെ തന്റെ നേതൃത്വത്തിലും കാര്‍മികത്വത്തിലും നടക്കേണ്ട കാര്യങ്ങളെപ്പറ്റി ആലോചിച്ചു അതിന് വേണ്ട നീക്കങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അന്ന് രാത്രി റബീഉല്‍ അവ്വല്‍ മാസപ്പിറ കാണാന്‍ സാധ്യതയുള്ളതിനാല്‍ താന്‍ പ്രസിഡണ്ടായ നാട്ടിലെ പള്ളികമ്മിറ്റി സെക്രട്ടറിയെ ഫോണില്‍ വിളിച്ചു സന്ധ്യാസമയത്ത് മാസപ്പിറ കാണാന്‍ ആളുകളെ ഏര്‍പ്പാട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പിറ്റേ ദിവസം ഖാസി എന്ന നിലക്ക് മാസം ഉറപ്പിക്കാന്‍ വേണ്ട ഒരുക്കം നടത്തുകയായിരുന്നു. റബീഉല്‍ അവ്വലില്‍ നാട്ടിലും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലും നടക്കേണ്ട നബിദിന പരിപാടികള്‍ക്ക് വേണ്ട മുന്‍കരുതല്‍ സംബന്ധിച്ചു ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുന്നു.
പിന്നെ തലേദിവസം അദ്ദേഹം പിതാവിന്റെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ വേണ്ടി നീണ്ട പടവുകള്‍ കയറിപ്പോയെന്നും അത് കൊണ്ട് സ്വയം നടന്നു പോയി കടലില്‍ ചാടിയതാകാം എന്നൊക്കെ വാദിക്കുന്നതില്‍ ഒരര്‍ഥവുമില്ല. അദ്ദേഹത്തിന് നടന്നു അവിടെയെത്താന്‍ കഴിയുമോ എന്നത് മാത്രമല്ല പ്രശ്‌നം, അത് ചെയ്യാന്‍ അദ്ദേഹം തുനിയുമോ എന്നതാണ് പ്രധാനം. ജീവിതകാലത്ത് ഒരു ഉറുമ്പിനെ പ്പോലും കൊല്ലുന്നതിന്ന് മുമ്പ് അതിന്റെ മതവിധി ആലോചിക്കുന്ന ഒരാള്‍ അതൊന്നും ആലോചിക്കാതെ സ്വന്തം ജീവന്റെ വിളക്ക് തല്ലിക്കെടുത്തുക എന്ന പാതകം ചെയ്യുമോ? എന്തിന്? നല്ല മരണത്തെ പ്പറ്റി നിറമുള്ള സ്വപ്നം കാണ്ടുകൊണ്ടിരിക്കുകയും അതിന്ന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാള്‍ ഒരുകാരണവുമില്ലാതെ ഇത്തരമൊരു ക്രൂരകൃത്യത്തിന് മുതിരുമോ? മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, തന്റെ സഹപ്രവര്‍ത്തകനായിരുന്ന മര്‍ഹൂം കെ.ടി മാനു മുസ്ലിയാരുടെ അനുസ്മരണപ്പതിപ്പില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ നല്ല മരണത്തെക്കുറിച്ചുള്ള തന്റെ മനസ്സ് തുറക്കുന്നത് കാണാം. പൊതുപ്രവര്‍ത്തനരംഗത്ത് നിറഞ്ഞു നിന്ന മാനുമുസ്ലിയാര്‍, ഒടുവില്‍ നിറഞ്ഞസദസ്സിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വിട വാങ്ങിയരംഗത്തെ അദ്ദേഹം ഏറെ ഉള്‍പുളകത്തോടെയാണ് സ്വീകരിച്ചത്. ഇതെല്ലാം മുന്നിലുള്ളപ്പോള്‍ ഒരാള്‍ക്ക് മറിച്ച് എങ്ങനെ ചിന്തിക്കാന്‍ കഴിയും? മരണത്തിലേക്ക് സ്വയം എടുത്തുചാടുകയെന്നത് കുളക്കടവില്‍ നിന്ന്, നേരം പോക്കിന് കല്ലെടുത്ത് വെള്ളത്തിലേക്ക് വലിച്ചെറിയുന്നത് പോലുള്ള നിസ്സാരമായ തമാശയല്ലല്ലോ?…
ഏതായാലും ഇവിടെ അതൊന്നുമല്ല പ്രശ്‌നം. സിഎം ഉസ്താദിന്റെ മരണം ആത്മഹത്യയല്ലന്നത് അനിഷേധ്യമായ സത്യമാണ്. അതില്‍ അദ്ദേഹത്തെ അടുത്തും അകന്നും അറിഞ്ഞവര്‍ക്കൊന്നും സംശയമുണ്ടാവില്ല. മറിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതവും ദുരുപദിഷ്ടവുമാണ്, ഇരുളിന്റെ മറവില്‍ കറുത്ത കരങ്ങള്‍ നടത്തിയ കൊടും പാതകത്തെ മൂടിവെയ്ക്കാനും മറച്ച് പിടിക്കാനും വേണ്ടി നടക്കുന്ന കുല്‍സിത ശ്രമമായി മാത്രമെ ഇതിനെ കാണാനാവൂ. അന്വേഷകരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറ്റവും എളുപ്പമുള്ള കാര്യമാണ് ആത്മഹത്യയാക്കി മാറ്റി കേസ് അവസാനിപ്പിക്കുക തെളിവുകളുടെയും പ്രതികളുടെയും പിന്നാലെ ഓടി കഷ്ടപ്പെടേണ്ടല്ലോ? എന്നാല്‍ ഈ അസാധാരണ വ്യക്തിയുടെ അസ്വാഭാവിക മരണത്തെ അങ്ങനെ ചിത്രീകരിച്ച് രക്ഷപ്പെടാന്‍ അവര്‍ക്കാവില്ല, അതിനു സമൂഹത്തോട് മറുപടി പറയേണ്ട ബാധ്യത അവര്‍ക്കുണ്ട്. സമൂഹത്തില്‍ പാണ്ഡിത്യം കൊണ്ടും പദവികള്‍ കൊണ്ടും പാരമ്പര്യം കൊണ്ടും ഏറ്റവും ഉന്നതവും ഉല്‍കൃഷടവുമായ സ്ഥാനം അലങ്കരിക്കുന്ന ഒരാള്‍, അതും നീണ്ട 77 വര്‍ഷത്തെ ജീവിതത്തില്‍ മനക്കരുത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും നിശ്ചയധാര്‍ഢ്യത്തിന്റെയും മഹിതമായ മാതൃകകള്‍ സൃഷ്ടിച്ച ഒരു വ്യക്തി വാര്‍ധക്യത്തിന്റെ സ്വാഭാവികമായ കാല്‍മുട്ട് വേദനയോ മറ്റു അവശതകളോ കാരണം ജീവനൊടുക്കിയെന്ന് തട്ടിവിടുന്നവര്‍ ഏത് അന്വേഷണ സംഘത്തിന്റെ മേലങ്കി അണിഞ്ഞവരാണെങ്കിലും അത് വിശ്വസിനീയവും വസ്തുതാല്‍പര്യവുമല്ല. അദ്ദേഹത്തിന്ന് ശത്രുക്കളുണ്ടായിരുന്നില്ല, അതുകൊണ്ട് അത് കൊലപാതകമല്ലെന്ന് വാദിക്കുന്നവര്‍ മേല്‍പറഞ്ഞ സംഭവം അതിലും പ്രബലമായ സാഹചര്യത്തെളിവുകള്‍ വെച്ച് കൊണ്ട് ആത്മഹത്യയല്ലെന്ന് സമ്മതിക്കണം, ഇല്ലെങ്കില്‍ പ്രസ്തുത വാദം ഇരട്ടത്താപ്പായാണ് ഗണിക്കപ്പെടുക.
ഏതായാലും ശൈഖുനാ സി.എം ഉസ്താദിനെ സ്‌നേഹിക്കുന്ന പരസ്യഹസ്രം ജനങ്ങളുടെ ക്ഷമയും സഹനവും ഇനിയും പരീക്ഷിക്കാതെ എത്രയും പെട്ടെന്ന് വസ്തുതകള്‍ പുറത്തുകൊണ്ട് വരാനുള്ള നിക്ഷ്പക്ഷവും സത്യസന്ധവുമായ അന്വഷണത്തിനുവേണ്ട സംവിധാനം ഒരുക്കുകയാണ് ഇപ്പോള്‍ ഏറ്റവും അടിയന്തര പ്രാധാന്യമുള്ള ആവശ്യം. അതിനു ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തുമെന്നാശിക്കാം. ഒപ്പം മഹാനായ സി.എം ഉസ്താദിന്റെ പരലോക മോക്ഷത്തിനും നന്‍മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം…

സിദ്ധീഖ് നദ്‌വി ചേരൂര്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on April 19, 2012 by in Jan-Feb'12 and tagged .
%d bloggers like this: