Al Irshad

bi monthly magazine

ശൈഖുനായുടെ കൊലപാതകം: അന്വേഷകര്‍ ഒളിച്ചു കളിക്കുന്നു


ഇന്ത്യയിലെ ഏറ്റവും മികവുറ്റ അന്വേഷണ ഏജന്‍സി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന സി.ബി.ഐ ആണെന്നാണ് വെപ്പ്. ഒരു തുമ്പുമില്ലാതിരുന്ന ഒരുപാട് കേസുകള്‍ അന്വേഷിച്ച് ഒരു വഴിക്കെത്തിക്കാനും പ്രമാദമായ പല കൊലപാതകങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സി.ബി.ഐക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും പ്രതികളുടെ വലുപ്പം സത്യം പുറത്തുകൊണ്ടുവരുന്നതില്‍ സി.ബി.ഐക്ക് തടസ്സമായിരുന്നില്ല. ഒരിക്കലും സത്യം പുറത്ത് വരാന്‍ സാധ്യതയില്ല എന്ന് തോന്നിച്ചിരുന്ന പല കുറ്റകൃത്യങ്ങളും സി.ബി.ഐ അന്വേഷിച്ചപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. സ്വാധീനിക്കപ്പെടാന്‍ സാധ്യതയില്ലാത്ത സുതാര്യമായ അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ. ഇങ്ങനെയൊക്കെയാണ് സാധാരണക്കാരായ ഇന്ത്യക്കാര്‍ സി.ബി.ഐയെക്കുറിച്ച് മനസ്സിലാക്കിവെച്ച കാര്യങ്ങള്‍.
സി.ബി.ഐയെക്കുറിച്ചുള്ള ഇത്തരം നല്ല സങ്കല്‍പങ്ങളും പ്രതീക്ഷകളുമാണ് സി.എം.ഉസ്താദിന്റെ കൊലപാതകന്വേഷണം സി.ബി.ഐ യെ ഏല്‍പിക്കണമെന്ന് മുറവിളി കൂട്ടാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് പ്രേരകമായത് ഉസ്താദിന്റെ നഷ്ടവും വിടവും നികത്താനാവില്ല എന്ന് പൂര്‍ണ്ണ ബോധ്യമുള്ളപ്പോഴും ഈ കൊടുംപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാലേ സമാധാനമുണ്ടാവൂ എന്ന തിരിച്ചറിവാണ് അവരെ മുന്നോട്ട് നയിച്ചത്.
2009 ഫെബ്രുവരി 15ന് അര്‍ദ്ധരാത്രിയാണ് സി.എം.അബ്ദുല്ല മുസലിയാര്‍ കൊലചെയ്യപ്പെട്ടത്. രാവിലെ കടലില്‍ വലവീശാന്‍ ചെന്നവരാണ് കടലില്‍ ഒരു വെള്ളവസ്ത്രം കിടക്കുന്നത് കണ്ടത്. ചെമ്പരിക്ക കടപ്പുറത്ത് കടലിനോട് ചേര്‍ന്ന് കിടക്കുന്ന കടുക്കക്കല്ലിന് മുകളില്‍ ചെരുപ്പും വടിയും ഒരു ടോര്‍ച്ചും അടുക്കിവെച്ചതായും കണ്ടു. അതോടെ കടലില്‍ കണ്ടത് മയ്യിത്താണെന്ന് ഉറപ്പായി.
ഉടനെ കണ്ടവര്‍ പ്രദേശത്തെ ജനപ്രതിനിധികളെ വിളിക്കുകയും പോലീസിനെ വിവരം അറിയിക്കുകുയം ചെയ്തു. വളരെ വൈകിയാണ് പോലീസ് സ്ഥലത്തെത്തിയത് പോലീസെത്തിയ ശേഷം തോണിക്കാരുടെ സഹായത്തോടെയാണ് മയ്യിത്ത് കരക്കടിപ്പിച്ചത്. മയ്യിത്ത് കമിഴ്ന്ന് കിടക്കുന്ന രൂപത്തിലായിരുന്നതിനാല്‍ കരക്കെത്തിക്കുന്നത് വരെ ആരുടെ മയ്യിത്ത് തിരിച്ചറിഞ്ഞിരുന്നില്ല. പ്രദേശത്തെ പലരെക്കുറിച്ചും ഊഹാപോഹങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും അത് വന്ദ്യരായ ഉസ്താദിന്റെ മയ്യിത്തായിരിക്കുമെന്ന് അവരാരും സങ്കല്‍പിക്കുക പോലും ചെയ്തിരുന്നില്ല.
ഒരു ജനതയൊന്നടങ്കം ആദരിച്ച് നെഞ്ചേറ്റിയ പ്രിയനായകന്റെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ അവര്‍ സ്തബ്ദരായിപ്പോയി. ഞൊടിയിടക്കുള്ളില്‍ ബോധം വീണ്ടെടുത്ത് വേണ്ട വിധം അവര്‍ ഇടപെട്ടു. പ്രാഥമികമായി ഒരു ഡെഡ് ബോഡിയോട് കാണിക്കേണ്ട മര്യാദകള്‍ പാലിക്കാത്ത പോലീസിന്റെ നടപടികള്‍ ജനങ്ങളില്‍ അപ്പോള്‍ തന്നെ സംശയമുളവാക്കിയിരുന്നു.
കടുക്കക്കല്ലിന് മുകളില്‍ കാണപ്പെട്ട ചെരിപ്പുകള്‍, തലപ്പാവ്, വടി, ടോര്‍ച്ച് തുടങ്ങിയ തൊണ്ടി സാധനങ്ങളുടെ വിരലടയാളങ്ങള്‍ ശേഖരിക്കാനും പോലീസ് നായയുടെ മണം പിടിക്കാനും വേണ്ട സംവിധാനങ്ങള്‍ ചെയ്യണമെന്ന് വാര്‍ത്തകേട്ട് തടിച്ച് കൂടിയ ജനാവലി ആവശ്യപ്പെട്ടെങ്കിലും അത് ഗൗനിക്കാന്‍ ലോക്കല്‍ പോലീസോ ഡി.വൈ.എസ്.പിയോ തയ്യാറായില്ല.
മാത്രമല്ല ആ സമയത്ത് ഡി.വൈ.എസ്.പിയുടെ സാന്നിദ്ധ്യംപോലും സംശയം ജനപ്പിക്കുന്നതാണ്. കാഞ്ഞങ്ങാട് ചാര്‍ജുള്ള ഡി.വൈ.എസ്.പി ഹബീബ് റഹ്മാന്‍ ഞൊടിയിടക്കുള്ളില്‍ സംഭവ സ്ഥലത്തെത്തിയതും ജനഹിതത്തിനും യുക്തിക്കുമെതിരായ തലത്തില്‍ ഇടപെട്ടതും സാധാരണ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍ക്ക് ശക്തി പകരുന്ന തരത്തിലാണ്.
മുസ്ലീം സമുദായത്തിന്റെ ആത്മീയ ബൗദ്ധിക തലങ്ങളില്‍ നിര്‍ണ്ണായകനേതൃത്വം നല്‍കിയ, പൊതുസമൂഹം ഏറെ ആദരിച്ചിരുന്ന ഒരു നേതാവിനോട് കാട്ടേണ്ട മര്യാദപോയിട്ട് സാധാരണഗതിയില്‍ ഒരു മനുഷ്യന്റെ ചേതനയറ്റ ശരീരത്തോട് പുലര്‍ത്തേണ്ട മര്യാദപോലും കാണിക്കാന്‍ ലോക്കല്‍ പോലീസ് തയ്യാറായില്ല.
മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ തിരക്കഥ അഭിനയിച്ച് തീര്‍ക്കുന്നത് പോലെയായിരുന്നു പിന്നീട് പോലീസിന്റെ ഓരോ നീക്കങ്ങളും. വിവരിക്കപ്പെടുകയാണെങ്കില്‍ സമുദായം വൈകാരികമായി പ്രതികരിച്ചേക്കും എന്നത് ചിലത് തുറന്ന് പറയുന്നതിന് തടസ്സമാണ്. ഡി.വൈ.എസ്.പി ഹാബീബ് റഹ്മാനും, സി.ഐ.അഷ്‌റഫും ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരും മരണത്തെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ ദിവ്യബോധനം ലഭിച്ചത് പോലെയാണിടപെട്ടത്.
ഓലപ്പടക്കം പൊട്ടുമ്പോള്‍ പോലീസ് നായയെും, കടല മോഷണം പോയാല്‍ വിരലടയാള വിദഗ്ദരെയും എഴുന്നള്ളിക്കുന്ന കേരളപോലീസ് സാഹചര്യത്തെളിവുകള്‍ മുഴുവന്‍ സംശയകരമായിരുന്നിട്ടും ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് ആ വഴിക്ക് നീങ്ങിയിട്ടില്ല. വ്രണിത സമുദായത്തിന്റെ വേദന പരിഗണിക്കാതെ ആത്മഹത്യാപ്രഖ്യാപനം നടത്താന്‍ ഹബീബ് ഏമാനെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്. ഓലപ്പടക്കം പൊട്ടുമ്പോള്‍ പോലീസ് നായയെും, കടല മോഷണം പോയാല്‍ വിരലടയാള വിദഗ്ദരെയും എഴുന്നള്ളിക്കുന്ന കേരളപോലീസ് സാഹചര്യത്തെളിവുകള്‍ മുഴുവന്‍ സംശയകരമായിരുന്നിട്ടും ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് ആ വഴിക്ക് നീങ്ങിയിട്ടില്ല. സംഭവ ബഹുലമായ പോലീസ് സേവനജീവിതത്തിന്റെ സായംസന്ധ്യയില്‍ പതിച്ച് കിട്ടിയ പതക്കങ്ങളും സ്ഥാനമാനങ്ങളും ചിലതിനുള്ള പ്രത്യുപകാരമായിരുന്നു എന്ന സാധാരണക്കാരന്റെ ചോദ്യത്തിന് സി.ബി.ഐ എന്ത് മറുപടി പറയും.
ഉസ്താദിന്റെ വീട് പുറമെനിന്ന് പൂട്ടപ്പെട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ആരാണ് വീട് പുറമെ നിന്ന് പൂട്ടിയത്. പോലീസും സി.ബി.ഐയും ഒരേ സ്വരത്തില്‍ പറയുന്നു. ഉസ്താദ് തന്നയാണെന്ന് ആങ്ങനെയാണെങ്കില്‍ താക്കോല്‍ എവിടെ ? പൂട്ടിലെ വിരലടയാളം എവിടെ? ആരാണ് പൂട്ട് തുറന്നത്? ആത്മഹത്യചെയ്യാന്‍ പോകുന്നയാള്‍ തൊപ്പിയും തലപ്പാവും വടിയും ചെരിപ്പും ഭദ്രമായി എടുത്തുവെച്ചയാള്‍ എന്തിന് താക്കോല്‍ മാത്രം നശിപ്പിച്ചു. ഇതാലോചിക്കാന്‍ ആറാം ഇന്ദ്രിയമോ അതിബുദ്ധിയോ ആവശ്യമില്ല.
ഉസ്താദിന്റെ മുറിയില്‍ കടന്ന് ഡയറി തുറന്ന് അതിലെ ഒരു കഷ്ണം കടലാസ് ഉയര്‍ത്തിക്കാട്ടി ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു എന്ന് പ്രഖ്യാപിച്ചത് ഹബീബ് റഹ്മാനാണ്. ഉസ്താദ് പരിഭാഷപ്പെടുത്തിയ ബുര്‍ദഃയിലെ ഒരു വരിയുടെ അര്‍ത്ഥമാണ് അയാള്‍ ആത്മഹത്യാക്കുറിപ്പായി അവതരിപ്പിച്ചത്. ചില മഞ്ഞ പത്രങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തു. കൃത്യമായ ഒരു നമ്പര്‍ അതില്‍ കാണാമായിരുന്നു. ബുര്‍ദ്ധയിലെ ഒരു വരിയുടെ നമ്പറായിരുന്നു അത്. ആത്മഹത്യാക്കുറിപ്പാണെന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്ന ഒരു കുറിപ്പില്‍ നമ്പറിന്റെ സാംഗത്യം എന്ത് എന്ന് ആലോചിക്കാനുള്ള പ്രാഥമിക വിവരം പോലും അദ്ദേഹത്തിന് ഇല്ല എന്ന് പറയാനാകില്ല. എങ്കില്‍ കനമുള്ള കൈമടക്കുകള്‍ക്കുമുമ്പില്‍ അയാള്‍ വശം വദനായോ എന്ന് അന്വേഷിക്കപ്പെടേണ്ടതാണ്. നമ്പര്‍ കാണുമ്പോള്‍ ഡയറിയില്‍നിന്ന് കുറിപ്പ് കണ്ട ഭാഗം ഒന്നു കണ്ണോടിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ഭീമാബദ്ധം സംഭവിക്കില്ലായിരുന്നു. അല്ലെങ്കില്‍ ആസൂത്രിത കഥകള്‍ക്ക് അയാള്‍ സാധൂകരണം കണ്ടെത്തുകയായിരുന്നു എന്ന് അനുമാനിക്കേണ്ടി വരും.
ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ അതീവ രസകരമാണ്. സാധാരണ ഗതിയില്‍ കടം കൊണ്ടു വലയുമ്പോഴോ കടുത്ത പ്രയാസങ്ങളനുഭവിക്കുമ്പോഴോ ആളുകള്‍ ആത്മഹത്യ ചെയ്യാറുണ്ട് എന്നാണ് പറയപ്പെടാറ്. എന്നാല്‍ കാല്‍മുട്ടിലെ വേദന കാരണം നിന്ന് നിസ്‌കരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിവിശേഷമാണത്രേ ആത്മഹത്യയിലേക്ക് നയിച്ചത്. ഈ കണ്ടെത്തലിന് കേരള പോലീസിനെയും പിന്തുണ കൊടുത്ത് സി.ബി.ഐയെയും നോബല്‍ സമ്മാനം നല്‍കി ആദരിക്കണം. ഇത്തരം കണ്ടെത്തലുകളാണ് ലോകത്തിലെ മറ്റു അന്വേഷണ ഏജന്‍സികളില്‍നിന്ന് ഈ കഴുതകളെ മാറ്റിനിര്‍ത്തുന്നത്. കാല്‍മുട്ട് വേദനയുള്ളവരൊക്കെ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയാല്‍ ഇന്ത്യയുടെ ജനസംഖ്യ ഗണ്യമായിക്കുറയുമായിരുന്നു. പിന്നെ കൃഷ്ണയ്യരെപ്പോലുള്ള പ്രായമുളളവര്‍ക്ക് കുടുംബാസൂത്രണത്തെക്കുറിച്ച് ഗവേഷണം നടത്തേണ്ടി വരില്ലായിരുന്നു.
വീട്ടില്‍ കിടന്നുമരിച്ചാലും, റോഡില്‍ പിടഞ്ഞുമരിച്ചാലും, ഹോസ്പിറ്റലില്‍ കിടന്നുമരിച്ചാലും മയ്യത്ത് കീറി മുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിര്‍ബന്ധം പിടിക്കുന്ന പോലീസ് അധികാരികള്‍ക്ക് സി.എം.ഉസ്താദിന്റെ മയ്യത്ത് പോസ്റ്റുമാര്‍ട്ടം ചെയ്യിക്കാന്‍ അത്രയ്ക്ക് താല്‍പര്യം ഇല്ലായിരുന്നു. എന്നാല്‍ ഇത് ഉസ്താദിനോടുള്ള ആദരവായിരിക്കുമെന്ന് കരുതാനുമാവില്ല.
സംഭവദിവസം അതി രാവിലെ വാര്‍ത്ത പുറത്തുവരുന്നതിനുമുമ്പ് കാസറകോട്ടെ ഒരു എം.എല്‍.എ കാര്‍ഡ്രൈവറോട് വണ്ടി കഴുകാന്‍ ആവശ്യപ്പെട്ടെന്നും ഒരു നേതാവിന്റെ മയ്യത്ത് കാണാന്‍ പോകാനുണ്ടെന്ന് സൂചിപ്പിച്ചെന്നും ഒരു ശ്രുതി വ്യാപകമാണ്. നേര് പറയാന്‍ വന്ന സി.ബി.ഐ ആവഴിക്ക് എന്ത് അന്വേഷണമാണ് നടത്തിയത്.
ഡെഡ്‌ബോഡി കടലില്‍ കാണപ്പെടുന്നുണ്ടെന്ന വാര്‍ത്ത കിട്ടിയതുമുതല്‍ പോലീസിന്റെ മുഴുവന്‍ ശ്രദ്ധയും തെളിവുകള്‍ നശിപ്പിക്കുന്നതിലായിരുന്നു. ആസൂത്രിത കൊലപാതകത്തിലെ അവശേഷിക്കുന്ന ചെറിയ തെളിവുകള്‍ പോലും വളരെ വിദഗ്ദമായാണ് പോലീസ് നശിപ്പിച്ചത്. നിയമപാലകരാകേണ്ട പോലീസ് നിയമം കയ്യിലെടുത്ത് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്ന കാഴ്ച വേദനാജനകമാണ്.
തന്നില്‍ വിശ്വാസമര്‍പ്പിച്ച വലിയൊരു ജനവിഭാഗത്തിന് ജീവിതം സമര്‍പ്പിച്ച മഹത് വ്യക്തിത്വമായിരുന്നു സി.എം.ഉസ്താദ്. എളിമയും ലാളിത്യവും സമഞ്ചസമായി ചേര്‍ന്ന് ആ വ്യക്തിത്വത്തെ ഉന്നതമാക്കി. കടന്നുചെന്ന വഴികളിലെല്ലാം അടയാളപ്പെടുത്തലുകള്‍ നടത്തി അനുവാചക ഹൃദയങ്ങളുടെ സ്‌നേഹവും ആദരവും നേടിയെടുത്തു. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത സമാധാനത്തിന്റെ സന്ദേശവാഹകനെ സമൂഹം അതേ അളവില്‍ തിരിച്ച് സ്‌നേഹിച്ചിരുന്നു. അന്യ സമുദായങ്ങള്‍ക്കുപോലും ഉസ്താദ് ഖാളിയാര്‍ച്ചയായിരുന്നു. ഒന്നു കണ്ടാല്‍, വെള്ളം തന്നാല്‍ അത് അവര്‍ക്ക് ആശ്വാസത്തിന്റെ, രോഗശമനത്തിന്റെ തീര്‍ത്ഥ ജലമായിരുന്നു. സന്തോഷത്തിലും സന്താപത്തിലും ആ സാന്നിധ്യത്തിനുവേണ്ടി ജനങ്ങള്‍ തിരക്കുകൂട്ടിയിരുന്നു. സൗമ്യനായി അവരുടെ കൂടെ നിന്ന് ജീവിതം മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കാന്‍ ഉസ്താദിനു മടിയുണ്ടായിരുന്നില്ല.
കര്‍മ്മമായിരുന്നു സി.എം.ഉസ്താദിന്റെ ജീവിതം. അതിനിടയില്‍ കൈവന്നതും കൈവിട്ടുപോയതൊന്നും അദ്ദേഹത്തിന്റെ കര്‍മ്മശേഷിയെ നശിപ്പിക്കാന്‍ മാത്രം പകമുള്ളതായിരുന്നില്ല. ഈ കര്‍മ്മനൈരന്തര്യം ഒരുപക്ഷേ ചിലരെയൊക്കെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം. ഇതും കൊലപാതകത്തിന്റെ കാരണമായി മാറിയിട്ടുണ്ടാകാം. ആരും കാണാത്തത് കാണാനും ആരും ചിന്തിക്കാത്തത് ചെയ്യാനും ഉസ്താദിന്റെ സിദ്ധി അപാരമായിരുന്നു. അങ്ങനെ വാക്കുകളിലും വര്‍ണ്ണനകളിലുമൊതുങ്ങാത്ത ഉന്നതജീവിതം നയിച്ചവരായിരുന്നു സി.എം.ഉസ്താദ്.
ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ചര്‍ദ്ദിച്ചത് തന്നെ ചര്‍ദ്ദിക്കാനാണെങ്കില്‍ ഒരു സി.ബി.ഐയുടെ ആവശ്യമില്ലായിരുന്നു. പത്ത് മാസം ഖജനാവിന്റെ പണം തിന്നുമുടിച്ച് ഗസ്‌ററ് ഹൗസില്‍ കിടന്നുറങ്ങലാണോ പേരുകേട്ട സി.ബി.ഐ ഏമാന്‍മാരുടെ ജോലി. പറയുന്നത് സി.ബി.ഐ ആണെങ്കില്‍ ഏതു നുണയും സമുദായം അണ്ണാക്ക് തൊടാതെ വിഴുങ്ങുമെന്ന ധാരണയുണ്ടെങ്കില്‍ ആ പാത്രം തല്‍ക്കാലം അടുപ്പില്‍നിന്ന് മാറ്റിവെക്കേണ്ടിവരും. ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നു എന്നു തോന്നിച്ച അന്വേഷണം ആരാണ് വഴി തിരിച്ചുവിട്ടത്. ആര്‍ക്കുവേണ്ടിയാണ് വഴി തിരിച്ചുവിട്ടത്. അന്വേഷണ സംഘം ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ മാറിക്കൊണ്ടിരുന്നത് എന്തുകൊണ്ട്.
കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ആരാണ് റിപ്പോര്‍ട്ട് മനോരമയ്ക്ക് ചോര്‍ത്തിക്കൊടുത്തത്. എന്തിനുവേണ്ടി. കോടതിയില്‍ സമര്‍പ്പിക്കേണ്ട അന്വേഷണ റിപ്പോര്‍ട്ട് പത്രക്കാരുടെ മുന്നില്‍ വിളമ്പാന്‍ സി.ബി.ഐയെ നിര്‍ബന്ധിച്ചതാരാണ്.
നേരറിയാന്‍ മാത്രമല്ല കളവു പറയുവാനും സി.ബി.ഐക്ക് അറിയാം എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ കണ്ടെത്തലുകള്‍ അത്ഭുതപ്പെടുത്തുന്നതും ചിലതൊക്കെ രസകരവുമാണ്. വീട് പൂട്ടിയത് ഉസ്താദാണെന്നതിന് എന്താണെന്ന് തെളിവെന്നു ചോദിച്ചാല്‍ സി.ബി.ഐ പറയും ഡ്രൈവര്‍ മൊഴിനല്‍കിയിട്ടുണ്ട് ഉസ്താദ് പറഞ്ഞിട്ടാണ് പൂട്ട് വാങ്ങിയതെന്ന്. ഇതില്‍ എവിടെയാ ഉസ്താദ് മുറി പൂട്ടിയെന്നതിന് തെളിവെന്ന് ചോദിച്ചേക്കരുത്. കാരണം പറയുന്നത് സി.ബി.ഐ ആണ്. സ്വന്തമായി എണീറ്റുനടക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ പ്രായവും മുട്ടുവേദനയും തളര്‍ത്തിയിരുന്ന ഉസ്താദിന് വീട്ടില്‍നിന്ന് മുക്കാല്‍ കി.മീറ്റര്‍ നടന്ന്‌ന ചെങ്കുത്തായി കിടക്കുന്ന കടുക്കക്കല്ലുകള്‍ക്കുമുകളില്‍ കയറാനാകുമോ. അതിനു മറുപടി തലേദിവസം ഉസ്താദ് ഒറ്റയ്ക്ക് പരസഹായമില്ലാതെ വാപ്പയുടെ മഖ്ബറയില്‍ സ്റ്റെപ്പ് കയറിപ്പോയിരുന്നു എന്ന് ഡ്രൈവര്‍ മൊഴിതന്നിട്ടുണ്ട്. ഈ അന്വേഷണ മിടുക്കിനുമുന്നില്‍ ബോധം കെട്ടുപോകരുത്. ലോകം മുഴുവനും ഉസ്താദിന്റെ മരണവാര്‍ത്തകേട്ട് കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വാതില്‍ മുട്ടി വിളിച്ചപ്പോഴും സുഖ നിദ്ര പൂണ്ട ഡ്രൈവറെ സി.ബി.ഐ അശേഷം സംശയിക്കുന്നില്ല. എല്ലാത്തിനും തെളിവ് അതേ ഡ്രൈവറുടെ മൊഴികളാണ്. അതുകൊണ്ടാണ് പറയുന്നത് സി.ബി.ഐക്ക് അന്വേഷിച്ച് തെളിയിക്കാന്‍ മാത്രമല്ല തെളിവ് നശിപ്പിക്കാനുമറിയാം.
ആരോഗ്യവാന്മാരായ ആളുകള്‍പോലും ചെന്നെത്താന്‍ പ്രയാസപ്പെടുന്ന സ്ഥലത്തേക്കാണത്രേ പാതിരാത്രി ഉസ്താദ് ഒറ്റയ്ക്ക് നടന്നുപോയത്. വേലിയേറ്റവും വേലിയിറക്കവുമടക്കം കടലിന്റെ രീതികളറിയുന്ന ആളുകള്‍ക്കറിയാം ഒരു മനുഷ്യശരീരം കടലില്‍വീണാല്‍ മരിച്ച് എത്ര മണിക്കൂറുകള്‍ കഴിഞ്ഞാണ് മയ്യത്ത് പൊങ്ങിവരുക. പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന മരണ സമയം വെച്ചു നോക്കുമ്പോള്‍ കടലിലെത്തുന്നതിനുമുമ്പ് ജീവന്‍ നഷ്ടപ്പെട്ടിരുന്നു എന്നു നുറുശതമാനം ഉറപ്പിക്കാം.
കടുക്കക്കല്ലിനുമുകളില്‍നിന്ന് ചാടിയതായിരുന്നെങ്കില്‍ കൂര്‍ത്തകല്ലിന്റെ അഗ്ര‘ാഗങ്ങള്‍ കൊണ്ട് ശരീര‘ാഗം മുഴുവന്‍ കീറിപ്പറിഞ്ഞുപോകുമായിരുന്നു. അതേസമയം അത്തരമൊരു പാടും ശരീരത്തിലില്ലായിരുന്നെന്ന് പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ കശേരുക്കള്‍ ഒടിഞ്ഞിരുന്നെന്നും ഇരു കണ്ണിന്റെ താഴ് ‘ാഗത്ത് ആഴത്തിലുള്ള മുറിവുകളും ഒരു മല്‍പിടുത്തത്തിന്റെ സാധ്യതയിലെക്ക് വിരല്‍ ചൂണ്ടുന്നു എന്ന റിപ്പോര്‍ട്ടിലെ പ്രസ്താവന ഏറെ ഗൗരവതരമാണ്. ജുബ്ബയുടെ കീശയില്‍ന്ന്‌ന് കണ്ടെടുക്കപ്പെടുക്കപ്പെട്ട പൂഴികളും ഈയൊരു സംശയത്തിന് ബലമേകുന്നു. കരയില്‍ കാണപ്പെടുന്ന വലിയ ഇനത്തില്‍പെട്ട പൂഴികളായിരുന്നു അവ. കടുക്കക്കല്ലിനുമുകളില്‍നിന്ന് ചാടിയാല്‍ ആ പൂഴികള്‍ ജുബ്ബയിലെ കീശയിലെത്താന്‍ ഒരു സാധ്യതയുമില്ല. മാത്രമല്ല മയ്യത്ത് കാണപ്പെട്ട സ്ഥലവും വളരെ പ്രധാനപ്പെട്ടതാണ്. കടുക്കക്കല്ലിനുമുകളില്‍നിന്ന് ചാടിയതായിരുന്നെങ്കില്‍ മയ്യത്ത് കാണപ്പെട്ട സമയമാകുമ്പോള്‍ വേറെ എവിടെയെങ്കിലും എത്തുമാകുമായിരുന്നു.
ഇങ്ങനെ ധാരാളം തെളിവുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കൊലപാതകമാണെന്നതിന് തെളിവില്ല, അപകടമരണമാകാന്‍ സാധ്യതയില്ല, അതുകൊണ്ട് ആത്മഹത്യയാണെന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ ജുഗുപ്‌സാവഹമാണ്. ഇത്തരം സാഹചര്യത്തെളിവുകളും അനുഭവങ്ങളും സി.ബി.ഐ യെ അവിശ്വസിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ അന്വേഷണ വിങ്ങനെ ഉത്തരവാദിത്വം ഏല്‍പിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന സമുദായത്തിന്റെയും ഉസ്താദിനെ സ്‌നേഹിക്കുന്നവരുടെയും ആവശ്യം ഗവണ്‍മെന്റ് മാനിക്കേണ്ടതുണ്ട്.
കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ണ്ണാടകയുടെ ചില ഭാഗങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍, കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിനെ ചുറ്റിപ്പറ്റി കറങ്ങിനടന്ന അധോലോക നേതാവിന്റെ അറസ്റ്റും മൊഴികളും, തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് നടത്തിയ പ്രകടനത്തില്‍ കാണപ്പെട്ട സംഘടനയുമായി ബന്ധമില്ലാത്ത ചില ആളുകളുടെ സാന്നിധ്യം, സംഭവദിവസം കാസറഗോഡുണ്ടായിരുന്നിട്ടും മയ്യത്ത് സന്ദര്‍ശിക്കാന്‍ കാന്തപുരം തയ്യാറാകാതിരുന്നത്, കടപ്പുറത്തുനിന്ന് പൂഴിയെടുക്കുന്നവര്‍ക്ക് സംഭവദിവസം രാത്രി വന്ന അജ്ഞാത മുന്നറിയിപ്പ്, രാത്രി പ്രദേശത്ത് കാണപ്പെട്ട കാര്‍, കുണിയയിലെ ലോഡ്ജിലെ മരണം എല്ലാത്തിലുമുപരി നാടിളകിമറിഞ്ഞ, ലോകം അറിഞ്ഞ ഒരു മരണം നടന്നിട്ടും ഒന്നു തിരിഞ്ഞുനോക്കാന്‍ തയ്യാറാകാത്ത അന്നത്തെ ജില്ല പോലീസ് സൂപ്രണ്ടിന്റെ ധാര്‍ഷ്ട്യം ഇതൊക്കെ അന്വേഷണ വിധേയമാക്കപ്പെടണം. കൊലപാതകമാണെന്ന് ഏറ്റവും ആദ്യം പ്രഖ്യാപിച്ച എസ്.കെ.എസ്.എസ്.എഫ് നേതാക്കളില്‍നിന്നുപോലും തെളിവെടുക്കാന്‍ സി.ബി.ഐ തയ്യാറാകാത്തത് ദുരൂഹമാണ്.
നമ്മെസംബന്ധിച്ചിടത്തോളം ഇനി വരാന്‍ പോകുന്നത് വിശ്രമമില്ലാത്ത നാളുകളാണ്. പാതിരാവിന്റെ മറവില്‍ ആ മഹാ വിളയ്ക്കണക്കാന്‍ കൂട്ടുനിന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് നമ്മുടെ ബാധ്യതയാണ്. തൂവെള്ള വസ്ത്രത്തിന്റെ വെണ്‍മ പോലെ വ്യക്തി ജീവിതത്തിലെ വിശുദ്ധി കാത്ത മഹാ നായകന്റെ പരലോക ജീവിതം നാഥന്‍ വെളിച്ചമാക്കട്ടെ

ഹനീഫ് ഹുദവി ദേലമ്പാടി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on April 19, 2012 by in Jan-Feb'12 and tagged .
%d bloggers like this: