Al Irshad

bi monthly magazine

നബിദിനാഘോഷം പ്രാമാണികമല്ലെന്ന് ആര് പറഞ്ഞു?


റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ പുലരി, ബഹുവര്‍ണ്ണക്കടലാസുകളും തോരണങ്ങളും കൊണ്ടലങ്കൃതമാക്കിയ പാതയോരങ്ങളും മദ്രസകളും, ”നാം തങ്ങളുടെ ദീപ്ത സ്മരണകളെ ഉയര്‍ത്തിയിരിക്കുന്നു” എന്ന ഖുര്‍ആനിക വചനത്തെ അന്വര്‍ത്ഥമാക്കി ഒരേ സ്വരത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കുന്ന കുരുന്നുബാല്യങ്ങള്‍, മദീനാമുനവ്വറയില്‍ ലോകഗുരുവിനെ പിഞ്ചുബാല്യങ്ങള്‍ സ്വീകരിച്ചതു പോലെ താളമാര്‍ന്ന ദഫ് മുട്ടിന്റെ അകമ്പടിയോടെ മന്ദം മന്ദം നീങ്ങുന്ന മനോഹരമായ കാഴ്ച്ച. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഈ ലോകത്തിന്റെ പടപ്പിന് തന്നെ കാരണഭൂതരായ പ്രവാചകപ്രഭുവിനെ കുറിച്ചുള്ള അമര സ്മരണകള്‍ അയവിറക്കാനുള്ള സുവര്‍ണ്ണാവസരം. എന്ത് കൊണ്ടും നബിദിനാഘോഷം അഭിനവ ലോകത്ത് അത്യന്താപേക്ഷിതമായ ഒരു കാര്യമാണെന്നതില്‍ സംശയമില്ല. റാലിയില്‍ ഓരോ നാഴിക പിന്നിടുമ്പോഴും വഴിയിലെ ചെറുതരികളും വടുവൃക്ഷങ്ങളും പ്രവാചക തിരുമേനിയെ കുറിച്ചോര്‍ത്ത് പുളകം കൊള്ളുന്നുണ്ടാവണം. ആ മനോഹരമായ ജീവിതം ഇവര്‍ക്ക് എങ്ങനെ തമസ്‌കരിക്കാന്‍ കഴിയും. പ്രവാചകന്റെ ജീവിതവിശാലതയും അതിന്റെ അന്തസ്സാരയും പൂര്‍ണ്ണമായി കുറിച്ചിടാന്‍ ചരിത്രത്തിന് സാധിച്ചിട്ടില്ല. അങ്ങനെ കുറിച്ചിട്ടിരുന്നെങ്കില്‍ നബിദിനാഘോഷത്തിന്റെ കാര്യത്തില്‍ തര്‍ക്കം ഉടലെടുക്കുമായിരുന്നില്ല.
തമസ്സ് മുറ്റിയ നശ്വര ലോകത്ത് അനശ്വരതയുടെ പ്രഭവിതറാന്‍ ഭൂജാതനായ പ്രവാചകപൂങ്കവരുടെ പിറന്നാള്‍ സുധിനം അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു. ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ തന്നെ അവിടുത്തെ പ്രകാശത്തിന്റെ തേജോമയമായ ശോഭ കാരണം അങ്ങ് ശാമിലെ കൊട്ടാരങ്ങള്‍ ദൃശ്യമായി. സാവ തടാകം വറ്റിവരണ്ടു. കിസ്‌റാ കൈസര്‍ കോട്ട കിടിലം കൊണ്ടു. മജൂസികളുടെ തീ അണഞ്ഞുപോയി. ഇങ്ങനെ എല്ലാ ചരാചരങ്ങളും അധാര്‍മികതയുടെ സര്‍വ്വ ലക്ഷണങ്ങളെയും തൂത്തെറിഞ്ഞ് അന്നേ ദിവസം ആഘോഷിച്ചു. എങ്ങനെ ആഘോഷിക്കാതിരിക്കും. തങ്ങളുടെ ഉണ്മക്ക് കാരണക്കാരനായ പിഞ്ചോമനയല്ലേ പിറന്നുവീണിരിക്കുന്നത്. അദൃശ്യ കാര്യമായത് കൊണ്ട് തന്നെ മുജാഹിദുകളുടെ തലയിലൊന്നും ഇതേറൂല.
എന്നാല്‍ ഇന്നത്തെ മട്ടിലും ഭാവത്തിലും നബിദിനം ആഘോഷിക്കാന്‍ തുടങ്ങിയത് ഇര്‍ബുല്‍ രാജാവ് മുളഫിറുദ്ദീന്റെ കാലഘട്ടത്തിലായിരുന്നു. അബുല്‍ ഖതാബ് എന്ന പ്രവാചക സ്‌നേഹിയുടെ കൈപടയില്‍ വിരിഞ്ഞ കിതാബുത്തന്‍വീര്‍ ഫീ മൗലിദി ബശീറിന്നദീര്‍ എന്ന മൗലീദ് ഗ്രന്ഥത്തെ പാരായണം ചെയ്ത് കൊണ്ടായിരുന്നു അന്ന് ആഘോഷങ്ങള്‍ അരങ്ങേറിയിരുന്നത്. ഇതിന് വേണ്ടി ഒരു ഭീമമായ സംഘ്യ തന്നെ അദ്ധേഹം കരുതിവച്ചിരുന്നു. ഉഹ്ദ് മലയോളം സ്വര്‍ണ്ണം എന്റെ കൈവശമുണ്ടായിരുന്നെങ്കില്‍ പുണ്യപൂമേനിയുടെ അപദാനങ്ങള്‍ വാഴ്തിപ്പാടാന്‍ വിനിയോഗിക്കുമായിരുന്നു എന്ന് ഹസന്‍ ബസ്വരി (റ) പറഞ്ഞത് ഇജ്തിഹാദിന്റെ ആശാന്മാര്‍ ഇവിടെ ഒന്നോര്‍ക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇജ്തിഹാദ് ചെയ്താലും മതി.
മുസ്ലിംകള്‍ക്കിടയില്‍ ഭിന്നത സൃഷടിച്ച് ഇസ്ലാമിനെ തകര്‍ക്കുക എന്ന പാശ്ചാത്യരുടെ ദൗത്യം ഏറ്റെടുത്ത് ഇവര്‍ തന്നെയാണ് ആദ്യം ഇടങ്കോലിട്ട് രംഗത്തു വന്നത്. ഇജ്തിഹാദിന്റെ പുതിയ മാനങ്ങള്‍ തേടി അപഥസഞ്ചാരം നടത്തിക്കൊണ്ടിരുന്ന ഇവര്‍ ആദ്യം നബിദിനാഘോഷത്തെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ചു. നബിതിരുമേനിയുടെ ഒരഭിഷ്ഠത്തിന് പോലും എതിര് നില്‍ക്കാതെ സര്‍വസ്വവും ഇസ്ലാമിന് വേണ്ടി സമര്‍പ്പിച്ച ധീരവനിതയും പ്രിയതമയുമായിരുന്ന ഖദീജ(റ)യെ നബി(സ) വാനോളം പുകഴ്ത്തിയതും ഇത് കണ്ട ആയിഷ(റ)ക്ക് അസൂയ പൂണ്ടതും, മൃഗബലി നടത്തി വിതരണം ചെയ്തതും വെളിച്ചം ഉണ്ടായത് കൊണ്ട് മാത്രം കാണില്ലല്ലോ. കണ്ണു തുറന്നാലല്ലേ കാണൂ.
പക്ഷേ ഇവരുണ്ടോ വിടുന്നു. ഇജ്തിഹാദെന്ന കൊലകൊമ്പനെയല്ലേ കേറിപ്പിടിച്ചിരിക്കുന്നത്. അടുത്ത വലയും വിരിച്ചു. നബിയെ നാം എന്നും ഓര്‍ക്കേണ്ടതല്ലേ. അതിന് പ്രത്യേക ദിവസം നിര്‍ണ്ണയിച്ച് ആഘോഷിക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന്. ഏതായാലും നബിയെ ഓര്‍ക്കുന്ന വിഷയം പാസായി. തിങ്കളാഴ്ച്ച ദിവസം നോമ്പ് അനുഷ്ഠിക്കുന്നത് എന്തിന് എന്ന ഒരു സഹാബിയുടെ ചോദ്യത്തിന് നബി(സ) നല്‍കിയ മറുപടി ഈ കാര്യത്തില്‍ ഇവര്‍ കണ്ടില്ലെന്നു നടിച്ചതായിരിക്കും. ഞാന്‍ ജനിച്ചതും എനിക്ക് ആദ്യമായി വഹ്‌യ് ഇറങ്ങിയ ദിവസവുമാണ് തിങ്കളാഴ്ച്ച എന്നായിരുന്നു നബി(സ)യുടെ മറുപടി. ഏതായാലും ചിലര്‍ ഇവരുടെ വലയില്‍ കുരുങ്ങി. കവലച്ചര്‍ച്ചയില്‍ ഇതിനെ കേന്ദ്രവിഷയമാക്കാനും ഇവര്‍ക്ക് സാധിച്ചു. ജനങ്ങള്‍ പരസ്പരം ചോദിച്ചു, ”അല്ല നബിദിനാഘോഷത്തിന് ഖുര്‍ആനില്‍ വല്ല തെളിവുമുണ്ടോ”. അല്ലെങ്കിലും പുതിയ വല്ല അറിവും ലഭിച്ചാല്‍ ജനങ്ങള്‍ക്ക് കൗതുകമാണല്ലോ. അത് കൊണ്ട് തന്നെ വിഘടിര്‍ തട്ടിവിട്ട വാദഗതികളെ കേട്ട പാതി കേള്‍ക്കാത്ത പാതി അണ്ണാക്ക് തൊടാതെ വിഴുങ്ങിക്കളഞ്ഞു. ആടിനെ പട്ടിയാക്കുകയാണോ അതോ പട്ടിയെ ആടാക്കുകയാണോ എന്ന് ആരറിഞ്ഞു. ”നിങ്ങള്‍ പ്രവാചകരെ കുറിച്ചും അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളെ കുറിച്ചും അവര്‍ക്ക് പറഞ്ഞു കൊടുക്കുക. അത് കൊണ്ടവര്‍ സന്തോഷഭരിതരാവട്ടെ”എന്ന നബിദിനാഘോഷത്തെ പ്രമാണീകരിച്ച് കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തത്തെ കുറിച്ച് ജനങ്ങള്‍ക്കറിയില്ലല്ലോ. ഉരുളക്ക് ഉപ്പേരി എന്ന പോലെ മറുപടി കൊടുത്തപ്പോഴും ഇവര്‍ പിന്മാറാന്‍ തയ്യാറായില്ല. തൊള്ളയില്‍ വരുന്നതൊക്കെ കോതക്ക് പാട്ടാണല്ലോ. അത് പ്രകാരം പ്രവാചക കീര്‍ത്തനങ്ങളടങ്ങുന്ന മൗലിദിനെ കീറിമുറിച്ച് അകത്തളവും പുറന്തോടും ചികഞ്ഞ് പല പൊള്ളവാദങ്ങള്‍ ഇവര്‍ വിളിച്ചുകൂവി. മറുവശത്ത് ഇജ്തിഹാദ് ഇവര്‍ക്ക് തന്നെ വിനയായത് വളരെ വൈകിയാണ് ഇവര്‍ തിരിച്ചറിഞ്ഞത്. ഇവരില്‍ പെട്ട പല മുജാഹിദന്മാര്‍ കാക്കത്തൊള്ളായിരം അഭിപ്രായങ്ങളുമായി രംഗത്തു വന്നതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞത്. പിന്നീട് ഇവരായി ഇവരുടെ പാടായി. ഏതായാലും നമുക്ക് അവരെ വിട്ടുകളയാം.
പണ്ട് നബി(സ)യുടെ ഉത്തമകാലഘട്ടത്ത് മുശ്‌രികുകളുടെ അധിക്ഷേപങ്ങള്‍ക്ക് മറുപടി പറയാനും നബികീര്‍ത്തനങ്ങള്‍ വാഴ്ത്തിപ്പാടാനും ഹസ്സാനുബ്‌നുസാബിത്(റ)നെ നിയോഗിച്ചിരുന്നു. പ്രസ്തുത കാര്യത്തിന് വേണ്ടി അദ്ധേഹത്തിന് ഒരു മിമ്പര്‍ തന്നെ തയ്യാര്‍ ചെയ്തു കൊടുത്തു. ഇന്നും ചില മന്ദബുദ്ധികളായ കാപാലികര്‍ നബി(സ)യെ അധിക്ഷപിക്കാറുണ്ട്. അവര്‍ക്ക് മറുപടി കൊടുക്കല്‍ എന്ത് കൊണ്ടും നമ്മുടെ മേല്‍ ബാധ്യതയാണ്. ഇതിലൂടെ നബിയെ സ്മരിക്കുന്നതിന്റെയും ആ ജീവിതം പുനര്‍വായന നടത്തുന്നതിന്റെയും അനിവാര്യത നമുക്ക് കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ സാധിക്കും. അല്ലെങ്കിലും നബി(സ) ആരാണെന്നാ ഭാവം? അന്ത്യനാള്‍ വരെയുള്ള ഇസ്ലാമിന്റെ നിലനില്‍പിന് വേണ്ടി ത്യാഗോജ്ജ്വലമായ ജീവിതം നയിച്ച മഹല്‍വ്യക്തിത്വമായിരുന്നില്ലേ പ്രവാചകര്‍(സ). നമുക്ക് വേണ്ടി ശത്രുക്കളുടെ ആട്ടും തുപ്പും അനുഭവിക്കേണ്ടി വന്നു. മരണം പടിവാതില്‍ക്കല്‍ വന്ന് നിന്നപ്പോഴും തെല്ലും പതറാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിലയുറപ്പിച്ചു. ഉഹ്ദിന്റെ രണാങ്കണത്തില്‍ കണങ്കാലില്‍ പരിക്കേറ്റ് രക്തം പൊടിഞ്ഞപ്പോള്‍ പുന്നാരനബി(സ) എത്ര വേദന അനുഭവിച്ചിട്ടുണ്ടാവണം. അതെല്ലാം നബി(സ) സമൂഹത്തിന് വേണ്ടി കടിച്ചിറക്കി. ഓരോ ദിവസം പിന്നിടുമ്പോഴും നബി(സ)ക്ക് സമൂഹത്തിനെ കുറിച്ചുള്ള വേവലാതികളായിരുന്നു. പലപ്പോഴും അവിടുന്ന് സമൂഹത്തെ കുറിച്ചോര്‍ത്ത് പരിതപിച്ചിട്ടുണ്ട്. ഇങ്ങനെ നമ്മെ കുറിച്ചോര്‍ത്ത് നമുക്ക് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ച പ്രവാചകന്റെ ജന്മദിനം എങ്ങനെ ആഘോഷിക്കാതിരിക്കും. ആ ഓര്‍മകളുടെ പൂഞ്ചോലയില്‍ നീരാടാന്‍ ആരാണ് കൊതിക്കാത്തത്. ചുരുക്കിപറഞ്ഞാല്‍ ജീവിതം മുഴുവന്‍ നമ്മെ സ്മരിച്ച പ്രവാരകപ്രഭുവിനെ നാം ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ സ്മരിക്കുന്നു അത്ര മാത്രം.
ചരിത്രങ്ങള്‍ മാതൃകകളാണ്. അതിലെ ഓരോ വ്യക്തികളും മാതൃകാപുരുഷന്മാരും. ഖുര്‍ആനിന്റെ നാലില്‍ മൂന്ന് ഭാഗവും പ്രവാചകന്മാരുടെയും മറ്റും ചരിത്രമാവാന്‍ കാരണവും ഇതു തന്നെ. മാത്രമല്ല ഈ ചരിത്രങ്ങളെ സ്മരിക്കാനും ഖുര്‍ആന്‍ നമ്മോട് ആവശ്യപ്പെടുന്നു. പ്രവാചകന്മാരില്‍ ഉത്തമന്‍ നമ്മുടെ നബി മുഹമ്മദ് മുസ്തഫാ(സ) തങ്ങളാണ്. അപ്പോള്‍ ആ പ്രവാചകരെ സ്മരിക്കല്‍ എന്ത് കൊണ്ടും നമ്മുടെ മേല്‍ ബാധ്യതയുമാണ്. നബി ജന്മദിനത്തില്‍ നാം നടത്തുന്ന റാലിയും അനുബന്ധ മൗലിദുകളും കീര്‍ത്തനഗാനങ്ങളും ഒന്നുമല്ല. നബി(സ)യും സഹാബത്തും കാണിച്ചു തന്നതിനെ അന്ന് നാം അനുവര്‍ത്തിക്കുന്നുവെന്നു മാത്രം.
ഒരിക്കല്‍ നബി(സ) ചില സഹാബാക്കളുടെ അടുത്ത് കൂടെ കടന്നു പോയി. അവരില്‍ ചിലര്‍ പറഞ്ഞു ”തീര്‍ച്ചയായും അല്ലാഹു ഇബ്‌റാഹീം നബി(അ)നെ തന്റെ കൂട്ടുകാരനാക്കിയിരിക്കുന്നു”. അപ്പോള്‍ മറ്റു ചിലര്‍ പറഞ്ഞു ”മൂസ നബി(അ) അല്ലാഹുവിനോട് സംസാരിച്ചിരിക്കുന്നു”. മറ്റു ചിലര്‍ പറഞ്ഞു ”ഈസാ(അ) അല്ലാഹുവിന്റെ വാക്കും റൂഹുമാണ്”. മറ്റു ചിലര്‍ പറഞ്ഞു ”ആദം(അ)നെ അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു”. അപ്പോള്‍ നബി(സ) അവരിലേക്ക് കടന്നു വന്നു, ശേഷം പറഞ്ഞു ”ഇവരെയെല്ലാം കുറിച്ച് നിങ്ങള്‍ പറഞ്ഞത് വാസ്തവമാണ്. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ സ്‌നേഹിതനാണ്. അന്ത്യനാളില്‍ ലിവാഉല്‍ ഹംദ് ഉയര്‍ത്തിപ്പിടിക്കുന്നത് ഞാനാണ്. സൃഷ്ടികളില്‍ നിന്ന് സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്നതും ഞാനാണ്. പ്രവേശിക്കുമ്പോള്‍ എന്നോടൊപ്പം വിശ്വാസികളായ പാവപ്പെട്ടവരും ഉണ്ടാവും. ആദിമരേക്കാളും അവസാനക്കാരേക്കാളും ഉത്തമന്‍ ഞാനാണ്. ഇതൊന്നും ഞാന്‍ അഹങ്കാരം കൊണ്ട് പറയുകയല്ല.”
മൗലിദിന്റെ പ്രാമാണികതക്ക് ഇതില്‍ കൂടുതല്‍ എന്ത് തെളിവുകളാണ് ആവശ്യമുള്ളത്. തിരുദൂര്‍ ജനിച്ചതിലുള്ള സന്തോഷാധിക്യത്താല്‍ തന്റെ അടിമസത്രീയെ മോചിപ്പിച്ചത് കൊണ്ട് മാത്രം കൊടുംകാഫിറായ അബൂലഹബിന് എല്ലാ തിങ്കളാഴ്ചയും വിരളുകള്‍ക്കിടയില്‍ നിന്ന് നിര്‍ഗളിക്കുന്ന ആശ്വാസനീര്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ പ്രതിഫലം എത്ര മാത്രം വലുതായിരിക്കും. അത് കരസ്ഥമാക്കാനും കൂടുതല്‍ വിപുലമായി തന്നെ നബിദിനം ആഘോഷിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കുമാറാകട്ടെ…..ആമീന്‍.

ശമ്മാസ് ഷിറിയ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on April 19, 2012 by in Jan-Feb'12 and tagged .
%d bloggers like this: