Al Irshad

bi monthly magazine

ആഭാസങ്ങള്‍ ആഘോഷമാവുമ്പോള്‍


കാലികം

ശംസൂദ്ധീന്‍ ചേരൂര്‍

പെരുന്നാള്‍ ആഘോഷം.
മുസ്‌ലിമിന്റെ മനസ്സില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കുളിര്‍ തെന്നലായി വീണ്ടുമൊരു പെരുന്നാള്‍ കൂടി കടന്നുവരുന്നു. ആത്മസമര്‍പ്പണത്തിന്റെ അനവദ്യസുന്ദരമായ മുഹൂര്‍ത്തങ്ങളുടെ ഓര്‍മകള്‍ അലതല്ലി വരുന്ന പുണ്യദിനം.
പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ അചഞ്ചലനായി നിന്ന ഹസ്‌റത്ത് ഇബ്‌റാഹീം (അ)ന്റെ ജീവിതത്തിലെ ത്യാഗോജ്വലമായ ധന്യനിമിഷങ്ങള്‍ തികട്ടി വരുന്ന, സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അഭ്യേദ്യമായ സ്‌നേഹോഷ്മളതയുടെ അണയാത്ത സ്മരണകള്‍ അയവിറക്കപ്പെടുന്ന വിശുദ്ധമായ ദുല്‍ഹജ്ജ് മാസം. ആറ്റുനോറ്റുണ്ടായ പ്രിയപുത്രന്റെ കണ്ഠത്തില്‍ കഠാരയമര്‍ത്താനുള്ള കല്‍പനയുണ്ടായപ്പോഴും കത്തിജ്വലിക്കുന്ന അഗ്നി കുണ്ഠത്തിലേക്ക് എടുത്തെറിയപ്പെടുമ്പോഴും സൃഷ്ടാവിന് മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ച് പുഞ്ചിരിയോടെ നേരിട്ട ഖലീലുല്ലാഹി ഇബ്‌റാഹീം (അ)ന്റെ ചരിത്രം അമ്പരപ്പോടെയും അത്ഭുതത്തോടെയും മാത്രമെ ലോകത്തിന് സ്മരിക്കാനാകൂ.

സ്മര്യപുരുഷന്റെ വിളിനാദം കേട്ട് ലോകം ഒരേ ബിന്ദുവില്‍ സമ്മേളിക്കുമ്പോള്‍ അവിടം മനസ്സും ശരീരവും റബ്ബില്‍ ലയിച്ചു ചേരുന്നു. മുഅ്മിനിന്റെ ഒരു ജന്മത്തിന്റെ കാത്തുവെപ്പായ ഈ അനര്‍ഘ നിമിഷങ്ങളില്‍ അവരോടൊപ്പം മുസ്ലിം ലോകവും ബലിപെരുന്നാളാഘോഷിക്കുന്നു.
ലോകമെങ്ങും തക്ബീര്‍ ധ്വനികളാല്‍ മുകരിതമാകുന്ന ഈ പരിശുദ്ധ വേളയില്‍ പെരുന്നാളാഘോഷത്തിന്റെ ഇസ്‌ലാമിക മാനവും നമ്മുടെ കാസറഗോടന്‍ ആഘോഷവും ചെറിയ വിചിന്തനത്തിന് വിധേയമാകേണ്ടത് എന്തുകൊണ്ടും അനിവാര്യമാണ്.

പെരുന്നാളിന്റെ കാസര്‍ഗോഡന്‍ ‘സ്റ്റൈല്‍’
പെരുന്നാളാഘോഷത്തിന് നമുക്കൊരു മഹനീയ മാതൃകയുണ്ടായിരുന്നു. പുതുപുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് അത്തറും പൂശി വാപ്പയില്‍ നിന്ന് ‘പൊള്ളുന്ന’ നോട്ടിന്റെ പെരുന്നാള്‍ പൈസയും വാങ്ങി ഉപ്പയും അനിയനും ഏട്ടനും അയല്‍ വീട്ടുകാരോടൊപ്പം തക്ബീറും ചൊല്ലി അതിയായ സന്തോഷത്തോടെ പള്ളിയില്‍ പോകുന്ന സുന്ദരക്കാഴ്ച………..!! അത് നിറഞ്ഞ മനസ്സോടെ കാണുന്ന വീട്ടിലെ ഉമ്മയും മറ്റു പെണ്ണുങ്ങളും. ……….! (എത്ര മനോഹരമായിരുന്നു അത്……….) നിസ്‌കാര ശേഷം പരസ്പരം ആലിംഗനം ചെയ്ത് ഈദ് മുബാറക് കൈമാറിയും ഉള്ളിലെ അകല്‍ച്ചയും ഭിന്നിപ്പും ഇല്ലാതാക്കി മുസ്ലിം മുസ്‌ലിമിന്ന്് സഹോദരനാണെന്ന പ്രവാചന്റെ പ്രഖ്യാപനം പ്രായോഗികവല്‍ക്കരിക്കുന്ന മുഅ്മിനീങ്ങള്‍ അയല്‍ക്കാരുടെ, കൂട്ടുകാരുടെ, നാട്ടുകാരുടെ വീടുകളില്‍ ചെന്ന് സന്തോഷം പങ്കുവെക്കുകയും സ്‌നേഹം കൈമാറുകയും ചെയ്യുന്ന സുന്ദരസുദിനം…!
അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങിയും ദുആ ഇരന്നും റബ്ബിലേക്കടുക്കപ്പെടുന്ന പവിത്രമായ ദിനം അതാണ് പെരുന്നാള്‍. വിദ്വേഷവും വൈരാഗ്യവും പകയും അസൂയയും വലിച്ചെറിഞ്ഞ് പരസ്പരം ഐക്യവും സൗഹാര്‍ദ്ദവും നിറഞ്ഞ നല്ലൊരു ദിവസത്തിന് സന്ധ്യമയങ്ങുമ്പോള്‍ മുഅ്മിനിന്റെ മാനസം ആത്മ നിര്‍വൃതിയടയുകയായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവന്റെ അന്തരംഗം ആര്‍ദ്രതയുള്ളതായിരിക്കും. ശുദ്ധമായിരിക്കും അവന്റെ ഉള്ള്. ഇതല്ലേ നാം തേടുന്ന യഥാര്‍ത്ഥ ആനന്ദവും ആഹ്ലാദവും??……
കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കോടിച്ച് അന്യന്റെ ശാപവാക്ക് വാങ്ങുമ്പോഴും സിനിമ തിയേറ്ററിലും ബീച്ചിലും പോയി നിസ്‌കാരം ഖളാഅ് ആക്കുമ്പോഴും ഈ മനസ്സമാധാനവും സംതൃപ്തിയും നമുക്ക് കിട്ടുന്നുണ്ടോ? നമ്മുടെ ഇന്നത്തെ പെരുന്നാളാഘോഷം എങ്ങനെയാണ്?
ചക്രവാളത്തില്‍ ചന്ദ്രിക ചന്തം ചാര്‍ത്താന്‍ തുടങ്ങുമ്പോള്‍ തന്നെ ടൗണില്‍ ചെന്ന് ആയിരങ്ങളുടെ പടക്കം പൊട്ടിച്ച് പണം കത്തിച്ച് തീര്‍ത്തും, ദിഗന്തങ്ങള്‍ മുഴങ്ങുന്ന ശബ്ദത്തില്‍ ബൈക്ക് റൈസിംഗ് നടത്തിയും ഒടുവില്‍ പോലീസിനെ തല്ലിയും തല്ല് കൊണ്ടും എന്തിനേറെ, പുണ്യരാത്രിയില്‍ ജയിലില്‍ കിടന്നുറങ്ങിയും വാഹനങ്ങള്‍ നശിപ്പിച്ചും പെരുന്നാള്‍ ആഘോഷിക്കുന്ന കാസറഗോഡിന്റെ മക്കള്‍ എന്ത് സന്ദേശമാണ് മാനവ സമൂഹത്തിന് നല്‍കുക……കലാപം നടത്തേണ്ട ദിനമാണ് ഞങ്ങളുടെ പെരുന്നാളെന്നോ?…….
പടിഞ്ഞാര്‍ നോക്കി പേക്കോലം കെട്ടി തിയേറ്ററുകളിലും ബീച്ചുകളിലും പോയി കൂത്താടുന്ന യുവസമൂഹം ആരുടെ പിന്‍ഗാമികളാണ്? വൈകുന്നേരം ബീച്ചിലെത്തിയില്ലെങ്കില്‍ ദഹനക്കേട് പിടിപെടുന്ന നമ്മുടെ പെണ്ണുങ്ങള്‍ കുടംബ സമേതം ബേക്കല്‍ കോട്ടയിലും പള്ളിക്കര ബീച്ചിലും വന്ന് നിറയുമ്പോള്‍ ചെന്നു പെടുന്നത് എന്തിനും തയ്യാറായി നില്‍ക്കുന്ന ആണ്‍കോലങ്ങള്‍ക്കു മുമ്പിലും!. പിന്നെയവിടെ തോന്ന്യാസങ്ങള്‍ക്ക് ഒന്നാന്തരം വേദിയൊരുങ്ങുകയായി…… നേരം ഇരുട്ടിയാലും ഇവരുടെ ഈ അഴിഞ്ഞാട്ടം അവസാനിക്കില്ല. ഒരു ചെറിയ കമന്റടിയും തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളും ഒടുവില്‍ അടിപിടിയും പോലീസും അറസ്റ്റും പ്രശ്‌നങ്ങളും ബഹളവും……….! എല്ലാം കഴിഞ്ഞാലേ ഇവര്‍ക്ക് മടങ്ങാന്‍ തോന്നൂ……. അതിനിടയില്‍ എത്ര ബൈക്ക് പോലീസ് പൊക്കി, എത്ര സ്വര്‍ണമാലയും വളയും കാണാതായി എന്നതിനൊന്നും ഒരു കണക്കും ഉണ്ടാകില്ല………….. എന്തൊരു ശോചനീയാവസ്ഥ??……….. നമ്മുടെ സമൂഹം എന്തെ ഇങ്ങനെയായിപ്പോയി?
തെമ്മാടിക്കൂട്ടങ്ങള്‍ക്കിടയിലേക്ക് മക്കളെയും കൂട്ടി ഉമ്മ എന്തിനീ വൃത്തികെട്ട സ്ഥലത്ത്‌വരണം..? ഇവരെ വിലക്കാനോ തടയാനോ ചങ്കുറപ്പില്ലാത്ത വീട്ടിലെ ഗൃഹനാഥന്റെ അവസ്ഥ എത്ര പരിതാപകരം? പള്ളിക്കര ബീച്ചില്‍ പോയില്ലെങ്കിലെന്താ രാത്ര കിടന്നുറങ്ങാന്‍ പറ്റില്ലേ ഇവര്‍ക്ക്? അവിടെ എന്ത് ‘ഉലക്ക’യാണുള്ളത്?? ഏതെങ്കിലും ഒരു മഹാന്റെ മഖാമോ പുണ്യസ്ഥലമാണോ അത്? തെമ്മാടിത്തരവും തോന്നിവാസവും മാത്രം സമ്മേളിക്കുന്ന സ്ഥലത്തെന്തിന് ഇത്ര ധൃതിപിടിച്ച് നാം പോകണം?? ഇത്ര നല്ല ദിവസം ഇങ്ങനെ നശിപ്പിക്കാന്‍ നമുക്കാരാണ് അവകാശം തന്നത്? ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനത്തിലല്ലെ നാം ഒരൊറ്റ വഖ്തുപോലും നിസ്‌കരിക്കാതിരിക്കുന്നത്. ??. പിന്നെങ്ങനെ നമ്മുടെ വീടുകളില്‍ മാതാപിതാക്കളെ തെറിപറയുന്ന മക്കളും, ഭര്‍ത്താക്കന്മാരെ തല്ലുന്ന ഭാര്യമാരുമില്ലാതിരിക്കും.? നമ്മുടെ വീടുകള്‍ പ്രശ്‌നങ്ങളില്‍ നിന്നും കോലാഹലങ്ങളില്‍ നിന്നും മുക്തമാവുമോ? അല്‍ പമൊന്ന് ചിന്തിക്കാന്‍ തയ്യാറായിക്കൂടെ? … എവിടെക്കാണ് നമ്മുടെ പോക്ക്? എന്തായിരുന്നു നാം?
മാലിക് ദീനാറും(റ) സംഘവും സുഗന്ധം പരത്തിയ മഹാന്മാരുടെ പാദ സ്പര്‍ശമേറ്റ കാസര്‍ഗോട്ടെ മണ്ണിന്റെ മക്കള്‍ ഒരുപടി മുന്നിലായിരുന്നില്ലെ? മറ്റു ജില്ലകളെ അപേക്ഷിച്ച് ‘ബുര്‍ഖ’ സമ്പ്രദായം പൂര്‍ണമായും പണ്ടെ നടപ്പിലാക്കിയത് കാസര്‍ഗോട്ടുകാരല്ലെ. അടക്കവും ഒതുക്കവുമുള്ള, സ്‌നേഹ സമ്പന്നരായിരുന്നില്ലെ ഇവിടത്തെ പെണ്ണുങ്ങള്‍? ദീനിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത, ആത്മാഭിമാനമുള്ളവരായിരുന്നില്ലേ പേര് കേട്ട കാസര്‍കോട്ടെ ആള്‍ക്കാര്‍…….? പിന്നെ നമുക്കെന്താണ് പറ്റിയത്??

അര്‍ത്ഥം മാറുന്ന ആഘോഷം
പ്രശ്‌നമൊന്നുമല്ല….. നാമെപ്പോഴാണോ ‘പടിഞ്ഞാറ് നോക്കി യന്ത്ര’ങ്ങളായത് അപ്പോഴാണിവിടെ നാശം തുടങ്ങിയത്…… ‘ആഘോഷം’ എന്ന പദം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലെന്താണോടിയെത്തുന്നത്? രാത്രി മുഴുവന്‍ വിവിധ നിറങ്ങളില്‍ മിന്നിമറയുന്ന മങ്ങിയ വെളിച്ചത്തില്‍, ലോകോത്തര ബ്രാന്‍ഡുകളുടെ മദ്യം വിളമ്പി ആണും പെണ്ണും അല്‍പവസ്ത്രം ധരിച്ച് കുടിച്ച് കൂത്താടി, നൃത്തം ചെയ്ത് നേരം വെളുപ്പിക്കുന്ന യൂറോപ്പിന്റെ അറപ്പന്‍ സംസ്‌കാരമാണോ? വെള്ളമടിയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് നാലുകാലിലിഴഞ്ഞ് തെരുവോരങ്ങളില്‍ കൂക്കിവിളിച്ച്, ആര്‍ത്തലച്ച് പാട്ടും പാടി, തെരുവ് നായ്ക്കളെപ്പോലെ വഴിവക്കില്‍ കിടന്നുറങ്ങുന്ന ‘ബൗദ്ധിക’കേരളത്തിന്റെ പുതിയ സംസ്‌കാരമാണോ??
അമ്മ പെങ്ങള്‍,ഭാര്യ മക്കള്‍ തുടങ്ങിയ സങ്കല്‍പങ്ങള്‍ക്ക് പോലും വിലയില്ലാത്ത പാശ്ചാത്യന്റെ ചീഞ്ഞു നാറിയ സംസ്‌കാരം നാമെന്തിനാണ് വാതൊടാതെ വിഴുങ്ങുന്നത്? നമ്മുടെ ജീവിത രീതികളെ എന്തിനാണ് നാം അവരുടെ അളവ് കോല്‍ കൊണ്ടളക്കുന്നത്? എന്നുമുതലാണീ പാശ്ചാത്യന്‍ നമ്മുടെ നെഞ്ചില്‍ കയറിയിരുന്ന് ചെണ്ടകൊട്ടാന്‍ തുടങ്ങിയത്?? എന്തും പടിഞ്ഞാര്‍ നോക്കി മാത്രം തീരുമാനിക്കാനാരാണ് നമ്മെ പഠിപ്പിച്ചത്? പടിഞ്ഞാറിന്റെ മാലിന്യങ്ങള്‍ കൊണ്ട് തട്ടാന്‍ എന്നാണ് നാമവരുടെ വേസ്റ്റ് ബിന്നായത്?? നമ്മുടെ മസ്തിഷ്‌കം എപ്പോഴാണവര്‍ കട്ടുകൊണ്ടുപോയത്?……… , അന്നുമുതലാണ് നമ്മുടെ മഹത് പൈതൃകം തെണ്ടിത്തരത്തിന് വഴിമാറിക്കൊടുത്തത്…….
രണ്ടുപെരുന്നാള്‍ ആഘോഷങ്ങളാണെന്ന് പറഞ്ഞാല്‍ മതത്തിന്റെ വേലിക്ക് പുറത്ത് ചാടാനുള്ള സ്വതന്ത്രമാണോ? എന്തും ചെയ്തു കൂട്ടാന്‍ റബ്ബ് അനുമതി തന്നിട്ടുണ്ടോ?? നബി(സ)യും സ്വഹാബികളും ആകെ കിട്ടിയ രണ്ട് ദിവസങ്ങളെന്നു വെച്ച് മതിമറന്നുല്ലസിക്കുകയായിരുന്നോ ഈ ദിവസങ്ങളില്‍??……….
ആഘോഷങ്ങള്‍ ആഭാസമാവുന്നതിനപ്പുറം ആഭാസങ്ങള്‍ ആഘോഷങ്ങളായി മാറുന്ന ഭയാനകമായ കാഴചയാണിന്ന് കാണുന്നത്….. ഇതിനൊരു പരിഹാരം കണ്ടേ പറ്റൂ……. നമ്മുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ച്, നമ്മുടെ തലച്ചോര്‍ പടിഞ്ഞാറിന്ന് പണയം വെക്കാതെ, ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വക്താക്കളായി ജീവിക്കാനാവണം നമ്മുടെ ശ്രമങ്ങള്‍….. രക്ഷിതാക്കളും ഉമ്മമാരും പെങ്ങന്മാരും യുവാക്കളും അത് നടപ്പിലാക്കാനായി പരിശ്രമം നടത്തേണ്ടതുണ്ട്. അന്ധമായ അനുകരണത്തിന് നിന്നുകൊടുക്കാതെ സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നാം സന്നദ്ധരാവണം. മഹാന്മാര്‍ കാണിച്ചു പാന്ഥാവിലൂടെ നടന്ന് അവരോടൊപ്പം സ്വര്‍ഗം പുല്‍കാന്‍ നാഥന്‍ തുണക്കട്ടെ- ആമീന്‍..!

Advertisements

One comment on “ആഭാസങ്ങള്‍ ആഘോഷമാവുമ്പോള്‍

  1. Abdul Kader Mak
    November 2, 2011

    catching titile…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on November 3, 2011 by in Nov-Dec'11 and tagged .
%d bloggers like this: