Al Irshad

bi monthly magazine

നമ്മുടെ കുടുംബം രണ്ടില്‍ ഒതുങ്ങരുത്‌

ഹദീസ് പഠനം

ശമ്മാസ് ഷിറിയ

വാ കീറിയ ദൈവം ഇരയും കല്‍പിക്കും എന്ന പഴഞ്ചൊല്ല് ഇന്ന് പഴഞ്ചനായി മാറിയിരിക്കുന്നു. എന്താണെന്നറിയോ, അധികാര രാഷ്ട്രീയത്തിലെ ഏമാന്‍മാര്‍ രാഷ്ട്രത്തിലെ പൗരന്മാരുടെ പശിയടക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതു തന്നെ കാരണം. അവരുടെ നിര്‍വ്വചനമനുസരിച്ച് സാമ്പത്തിക സുഭദ്രതയും ദാരിദ്ര്യ നിര്‍മാര്‍ജ്ജനവുമാണത്രെ ഈ പുറപ്പാടിന് പന്നിലുള്ള ചേതോവികാരം. കാര്യം ഭൂഷണമാണെങ്കിലും, പാശ്ചാത്യരുടെ ആശിര്‍വാദത്തോടെ അമേരിക്ക താലോലിച്ച് വളര്‍ത്തി വലുതാക്കിയ നാമൊന്ന് നമുക്ക രണ്ട് എന്ന തലതിരിഞ്ഞ നയം സ്വീകരിച്ചതാണ് ഇവിടെ ആശയക്കുഴപ്പമുണ്ടാക്കുന്നത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് ഇതിനെ കുറിച്ച അബദ്ധജഢിലമാണെന്നേ പറയാന്‍ പറ്റൂ. കാരണം അല്ലാഹു പറയുന്നു
”അല്ലാഹു അവന്‍ ഉദ്ധേശിച്ചവര്‍ക്ക് കയ്യും കണക്കുമില്ലാതെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കും”

ഈ ആയത്തിലെ നാനാവശങ്ങളെ കുറിച്ച് നാം ബോധവാന്മാരാകണം. ഇവിടെ വിഭവങ്ങളുടെ കുറവല്ല പ്രശ്‌നം. മറിച്ച് ലഭ്യമായ വിഭവങ്ങളുടെ വിതരണത്തില്‍ മേലധികാരികള്‍ സ്വീകരിക്കുന്ന അറുബോറന്‍ നയങ്ങളാണ് ഇവിടെ വിഘ്‌നം സൃഷ്ടിക്കുന്നത്. ഉല്‍പാദന മേഖലയില്‍ ഇവര്‍ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളുടെ പങ്കും ഒട്ടും കുറവല്ല. ഇസ്ലാമിക രീതിശാസ്ത്രമായ സക്കാത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിഭവങ്ങളുടെ സംശുദ്ധി ലക്ഷ്യമാക്കി അതില്‍ പാവപ്പെട്ടവനെ കൂടി പങ്കാളികളാക്കിയാല്‍ നമുക്ക് സാമൂഹികവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ കൈവരിക്കാന്‍ സാധിക്കുമെന്ന പരമാര്‍ത്ഥം ഉദ്യുത ആയത്തിനെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനു പകരം ജനനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ വേണ്ടി കുടുംബാസൂത്രണം ചെയ്യണമെന്ന് വാദിക്കുന്നത് തികഞ്ഞ വങ്കത്തമാണ്. അത് സമൂഹത്തില്‍ ഒറ്റപ്പെടാനും ഛിദ്രത വളര്‍ത്താനും മാത്രമേ ഉപകരിക്കുകയുള്ളൂ. അല്ലാഹു പറയുന്നു
”ദാരിദ്ര്യത്തെ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കുരുതിക്ക് കൊടുക്കരുത്. നാം തന്നെയാണ് നിങ്ങളെയും അവരെയും ഭക്ഷിപ്പിക്കുന്നത്. ഈ കാരണം പറഞ്ഞ് അവരെ കൊല്ലുന്നത് ഭീമാബദ്ധമാണ്.”
മേല്‍പറഞ്ഞ ആയത്തില്‍ നിന്ന് തന്നെ ജനന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ അപ്രായോഗീകത വ്യക്തമാണ്. കാരണം ഇസ്ലാമിക വീക്ഷണത്തില്‍ സന്താനം എന്നത് ദൈവത്തിന്റെ വരദാനവും സര്‍വ്വോപരി ദാമ്പത്യ ജീവിതത്തിലെ അനുപേക്ഷണീയമായ ഘടകവുമാണ്. സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്നത് പുണ്യ കര്‍മ്മമായിട്ടാണ് ഇസ്ലാം ഗണിക്കുന്നത്. ഇവര്‍ തന്നെയാണ് ഭാവിയില്‍ കുടുംബശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളായി മാറേണ്ടത്. മാത്രവുമല്ല സല്‍കര്‍മ്മികളായ സന്താനങ്ങള്‍ പരലോകത്തേക്കുള്ള മുതല്‍കൂട്ടാണെന്നാണ് ഇസ്ലാമിക പക്ഷം. ഇതിനെല്ലാം ഉപോല്‍ബലകമായി നബി(സ) പറയുന്നു

”നിങ്ങള്‍ കല്ല്യാണം കഴിക്കുകയും സന്താനങ്ങളെ ഉല്‍പാദിപ്പിക്കുകയും ചെയ്യുക. എന്നാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ കൊണ്ട് പരലോകത്ത് മേന്മ നടിക്കും. അതൊരു ചാപിള്ളയാണെങ്കിലും ശരി.”
ഇവിടെ സന്താനങ്ങളെ അന്തസ്സിനെ വര്‍ദ്ധിപ്പിക്കുന്ന നിദാനമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രാചീനകാലത്ത് സകല ജനവിഭാഗങ്ങളും തങ്ങളുടെ സന്താനബാഹൂല്ല്യത്തെ കൊണ്ട് അഹങ്കരിച്ചിരുന്നതായി കാണാം. പാരമ്പര്യവും പൈതൃകവും അവകാശപ്പെടുന്നവര്‍ തലയെടുപ്പോടെ നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ചില അവസരങ്ങളില്‍ സന്താനങ്ങളെ വര്‍ദ്ധിപ്പിക്കുന്നതില്‍ കിടമല്‍സരം തന്നെ നടത്തിയിരുന്നു. എന്നാല്‍ 1700കളിലാണ് പണത്തോടുള്ള അമിതമായ അഭിനിവേശം തലക്കുപിടിച്ച പണക്കൊതിയന്മാര്‍ അണുകുടുംബത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അഢം സ്മിത്തിന്റെ തലയിലുദച്ച കാപിറ്റലിസത്തിന്റെ ബഹിസ്ഫുരണമായിരുന്നു ഈ അണുകുടുംബം. സാമ്പത്തിക ഭദ്രതയെ കുറച്ച് വേവലാതിപ്പെടാന്‍ തുടങ്ങിയ അന്നത്തെ സമൂഹത്തിനിടയില്‍, സാമ്പത്തികസമത്വം അണുകുടുംബ നയത്തിലൂടെ കൈവരിക്കാന്‍ കഴിയുമെന്ന് അവര്‍ എളുപ്പം പറഞ്ഞുപരത്തി. പിന്നീട് ഈ ആശയത്തെ ഏറ്റുപിടിച്ച അമേരിക്ക അമ്പേ പരാജയപ്പെടുന്ന കാഴ്ച്ചയാണ് നാം കണ്ടത്. കല്ല്യാണത്തെ കുറിച്ചൊ അതിന്റെ ലക്ഷ്യത്തെ കുറച്ചോ അത്രയൊന്നും ബോധവാന്മാരല്ലാത്ത അമേരിക്കന്‍ ജനത ഈ നയത്തെ അന്ധമായി അംഗീകരിച്ചു. ഇതോടെ കുടുംബശഥിലീകരണവും അടിച്ചുപിരിയലും അവിടെ സ്ഥിരം സംഭവമായി മാറി. തദവസരത്തിലാണ് അബോധാവസ്ഥയില്‍ നൂതനമായ തുടര്‍ചിന്തകള്‍ മെനയുകയായിരുന്ന ലോകോത്തര ചിന്തകര്‍ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്. കുടുംബാസൂത്രണം ചെയ്യുന്നതിലൂടെ വിവാഹമോചനങ്ങള്‍ അധികരിക്കുന്നതായി അവര്‍ വിധിയെഴുതി. അതോടെ ഇസ്ലാം വിഭാവനം ചെയ്ത ദിവ്യമായ ആശയാദര്‍ശങ്ങളുടെ പ്രായോഗീകത ഒന്നു കൂടി തെളിയിക്കപ്പെട്ടു.
ഇന്ത്യയും ഇന്ന് ഇതേ ആശയം പയറ്റാന്‍ ശ്രമിക്കുന്നതാണ് മഹാല്‍ഭുതം. ജനങ്ങളുടെ അംഗബലമാണ് രാഷ്ടത്തിന്റെ ശക്തിയെന്ന് ഓശാന പാടിയിരുന്നവര്‍ തന്നെയാണ് സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ അബോശന്‍ ആരംഭിക്കാന്‍ പോകുന്നത്. സമാന പ്രശ്‌നത്തില്‍ ജാഹിലിയ്യ കാലത്ത് പെണ്‍കുട്ടികളെ മാത്രമാണ് കൊന്നൊടുക്കിയതെങ്കില്‍, ഇന്ന് അതിനെ നവീകരിച്ച കൊല്ലാകൊല എന്ന രീതിയായിരിക്കും അവര്‍ സ്വീകരിക്കുക.
മനുഷ്യ ബന്ധങ്ങളാണ് ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുന്നത്. വ്യക്തമായ കുടുംബ പശ്ചാത്തലങ്ങളുണ്ടെങ്കിലേ ബന്ധങ്ങള്‍ സുദൃഢമാവുകയുള്ളൂ. സാമ്പത്തികപരമായ ലാഭത്തിന് വേണ്ടി ബന്ധങ്ങളെയെല്ലാം വിഛേദിച്ച് ജനനനിയന്ത്രണം നടത്താന്‍ തുടങ്ങിയാല്‍ താളം തെറ്റിയ ഇപ്പോഴത്തെ സാമൂഹിക ക്രമം കൂടുതല്‍ അവതാളത്തിലാവുകയേയുള്ളൂ. ഇത് ലോകത്തിന്റെ നിലനില്‍പ്പിന് തന്നെ ദോശകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. നബി(സ) പറയുന്നു
”സുമുഖിയായ പ്രസവിക്കാത്ത സ്ത്രീയേക്കാള്‍ ഉത്തമം വിരൂപിയായ പ്രസവിക്കുന്ന സ്ത്രീയാണ്.”
ലക്ഷ്യബോധം നഷ്ടപ്പെട്ട് കല്ല്യാണത്തെ കേവലം സുഖിക്കാനും ആനന്ദിക്കാനും വേണ്ടി മാത്രമുളള ഉപാധിയായി കാണുന്ന അഭിനവ ലോക ജനതക്ക് ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള ആശയമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ നാം ഏറ്റവും കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത് സന്താനങ്ങള്‍ക്കാണ്. അത് കൊണ്ടാണ് സ്ത്രീ സുന്ദരിയായാലും ഇല്ലേലും സന്താനം ഉണ്ടായാല്‍ മതി എന്ന നിലപാട് ഇസ്ലാം സ്വീകരിച്ചത്. ഇനി ജനനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചാല്‍ തന്നെ അത് നടപ്പിലാക്കാന്‍ പറ്റുമെന്ന് എന്താണുറപ്പ്. ജനനവും മരണവും അല്ലാഹുവിന്റെ അനിഷേധ്യമായ വിധിയുടെ അടിസ്ഥാനത്തിലല്ലേ നടക്കൂ. ഉദാഹരണത്തിന് റഷ്യയില്‍ ജനനനിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ മരണസംഖ്യ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് പോലോത്ത വല്ല തന്ത്രവും അല്ലാഹു പ്രയോഗിച്ചാല്‍ തീരുമാനിച്ച കാര്യങ്ങള്‍ കീഴ്‌മേല്‍മറിയും. അത് കൊണ്ട് തന്നെ ഇവിടെ ഇസ്ലാമിന്റെ ആശയം സ്വീകരിക്കലാണ് കരണീയമെന്നതില്‍ സംശയമില്ല. അതിന് നാഥന്‍ തുണക്കട്ടെ….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on November 2, 2011 by in Nov-Dec'11 and tagged .
%d bloggers like this: