Al Irshad

bi monthly magazine

ഹജ്ജ് സ്റ്റാറ്റസിന്റെ സമവാക്യമാവുമ്പോള്‍

മറുവായന

ഇര്‍ശാദ് നടുവില്‍

ആഗോള ഇസ്‌ലാമിക ഐക്യത്തിന്റെ ആധികാരികത ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു കൊണ്ട് പുണ്യ ഗേഹത്തിലേക്കെത്തുന്ന ദൈവികാഥിതികളെ സ്വീകരിക്കാന്‍ വീണ്ടും മക്കാ നഗരം സജ്ജമായിരിക്കുന്നു. ഭൂമിയുടെ നാനാ തുറങ്ങളിലായി അധിവസിക്കുന്ന കോടാനു കോടി സത്യവിശ്വാസികളില്‍ തിരഞ്ഞെടുക്കപ്പെട്ട സൗഭാഗ്യവാന്മാര്‍ മാത്രമാണ് ഈ പരിശുദ്ധ കൂട്ടായ്മക്ക് സാക്ഷികളാവുന്നത്. മനസ്സില്‍ മലയോളമാഗ്രഹമുണ്ടായിട്ടും വിധി ഭാഗ്യത്തിന്റെ രൂപത്തില്‍ വിരുന്നെത്താത്തതു കാരണം ആശയടക്കിക്കഴിയുന്ന വലിയൊരു വിഭാഗത്തിന്റെ മനസ്സും മാനസവും തിരുഗേഹത്തില്‍ പറന്നെത്താന്‍ ഒരവസരത്തിനായി കാത്തിരിപ്പു തുടരുന്നു. ഹജ്ജ് വേളയില്‍ ശ്വസിക്കുന്ന വായുവില്‍ പോലും ഭയഭക്തിയുടെ ഗന്ധം ചാര്‍ത്തിയിരുന്ന ഒരു തലമുറയില്‍ നിന്നും വ്യത്യസ്തരായി പേരിനും പെരുമക്കും വ്യാപാരത്തിനുമായി മക്കയിലേക്കെത്തുന്നവര്‍ വര്‍ദ്ധിക്കുകയാണെന്ന വസ്തുത ഇതിന്നിടയിലും നമ്മെ അലോസരപ്പെടുത്തുകയാണ്. അത്തരക്കാര്‍ ഹജ്ജ് എന്താണെന്നും അത് എന്തിനാണെന്നും മറക്കുന്നു. അതിന്റെ ലക്ഷ്യവും ചരിത്രവും നാള്‍വഴികളും അവര്‍ വിസ്മരിക്കുന്നു.


ഉത്കൃഷ്ട സമുദായത്തിന്റെ ജന്മദാതാവ് ഇബ്‌റാഹിം(അ) വിജനമായ അറേബ്യന്‍ മണലാരിണ്യത്തില്‍ ദൈവാരാധനക്കായി ശിലയില്‍ നിന്നും ഒരു ഗേഹം പണിയുകയും ജഗനിയന്താദാവിന്റെ കല്‍പനയെന്നോണം വിശ്വാസി സമൂഹത്തെ മുഴുവന്‍ അവിടേക്കുള്ള അതിഥികളായി ക്ഷണിക്കുകയും ചെയ്തു. ഇന്ന് ആ മഹാനായ പിതാവിന്റെ വിളിക്കുത്തരം നല്‍കിയാണ് അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ ആ പുണ്യ തീര്‍ത്ഥാടന ഭൂമിയിലേക്കെത്തുന്നത്.
സത്യവിശ്വാസികള്‍ സര്‍വ്വരും സഹോദരന്മാരാണെന്നും സാധുവും സമ്പന്നനും സമന്മാരാണെന്നും ആഹ്വാനം ചെയ്തു കൊണ്ട് അടിമ ഉടമ വ്യത്യാസമന്യെ വര്‍ണ്ണ വര്‍ഗ്ഗ ഭേദമന്യെ ‘കഅ്ബ’ എന്ന ഒരൊറ്റ കേന്ദ്ര ബന്ദുവിനെ കേന്ദ്രീകരിക്കുക വഴി സ്രഷ്ടാവിന് മുന്നില്‍ സൃഷ്ടികള്‍ സമതുല്ല്യരാണെന്നാണ് ഈ സംഗമം വിളിച്ചറിയിക്കുന്നത്. കര്‍മ്മം കൊണ്ടും സ്വഭാവ മഹിമ കൊണ്ടും ജനങ്ങളില്‍ ഉത്കൃഷ്ടരായി ജീവിച്ച പ്രവാചകന്മാരുടേയും പണപ്പെരുമയില്‍ നാം നിന്ദ്യരെന്ന് എഴുതിത്തള്ളിയ നീഗ്രോ വിഭാഗത്തിന്റെ വന്ദ്യ മാതാവിനെയുമൊക്കെ അനുഗരിക്കുക വഴി പണത്തിനും പ്രശസ്തിക്കും സത്യമതത്തില്‍ സ്ഥാന നിര്‍ണ്ണയം നടത്താന്‍ കഴിയില്ലെന്നും പരസ്പര സൗഹാര്‍ദ്ദ സഹകരണമാണ് ഇസ്‌ലാമിക വിളംബരമെന്നുമാണ് ഈ പുണ്യകര്‍മ്മം മാലോകരെ അറിയിക്കുന്നത്.
ആദി പിതാക്കളായ അദം(അ)മിന്റെയും ഹവ്വ(റ)യുടെയും നശ്വര ലോകത്തെ പ്രഥമ കൂടിക്കാഴ്ചയുടെ ദിവ്യ സ്മരണകളുമായാണ് അറഫ നില്‍ക്കുന്നതെങ്കില്‍ മലക്കുകളുടെയും നബിമാരുടെയും കഅ്ബാ പ്രതിക്ഷണമാണ് ത്വവാഫിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്. മഖാമു ഇബ്‌റാഹിം വന്ദ്യ പിതാവ് ഇബ്‌റാഹിം(അ)മിന്റെയും സംസം കിണര്‍ പിഞ്ചു മകന്‍ ഇസ്മാഈല്‍(അ)മിന്റെയും പാദസ്പര്‍ശ സ്മാരകമായാണ് നിലകൊള്ളുന്നത്. നീഗ്രോക്കാരിയായ ഹാജറാ ബീവിയുടെ സഞ്ചാരപഥത്തെ അനുഗമിക്കലാണ് സ്വഫാ-മര്‍വ്വ പ്രയാണത്തിലൂടെ വിളംബരം ചെയ്യപ്പെടുന്നത്. കൂടാതെ പട്ടു മെത്തയില്‍ സുഖനിദ്രയനുഭവിക്കുന്നവനും ചിരട്ടക്കുടിലില്‍ കിടന്നുറങ്ങുന്നവനും മുസ്ദലിഫയിലെത്തിയാല്‍ നഗ്ന ശിരസ്‌കനായി തനി മണ്ണിലേക്കാണ് തല ചായ്‌ക്കേണ്ടതെന്ന വസ്തുത ശ്രദ്ധേയമാണ്.
ഇങ്ങനെയൊക്കെ ജീവിതത്തിലെ സര്‍വ്വ മേഖലയും മാനസികമായും ശാരീരികമായും അനുഭവിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ‘പാപമോചകന്‍’ അഥവാ ‘ഹാജി’ ആവാന്‍ സാധിക്കുകയുള്ളൂ. പാപക്കറ നീക്കി തെളിഞ്ഞ ഹൃദയനാവുക എന്നത് ഏതൊരു വിശ്വാസിയുടെയും ജീവിതാഭിലാഷമാണ്. എന്നാല്‍ പ്രാരാബ്ധങ്ങളുടെയും നിയമക്കുരുക്കിന്റെയും ഇടയില്‍ പെട്ട് ഇവ വെറും പാഴ്‌സ്വപ്നമായി മാറുമ്പോഴും അതിനവസരം ലഭിച്ച സൗഭാഗ്യവാന്മാരോടുള്ള ആദരവും ബഹുമാനവും കാരണം നാമവരെ ‘ഹാജി’ എന്ന അപരനാമത്തില്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
ഇവിടെ ഹജ്ജ് എന്ന പാവന കര്‍മ്മത്തിന്റെ ഒരു മറുവായന നമുക്കത്യാവശ്യമായി വന്നിരിക്കുന്നു. അല്ലാഹു അനുഗ്രിച്ച് തന്ന ഈ ബഹുമാനവും അപരനാമവും ചൂഷണം ചെയ്യപ്പെടേണ്ടതല്ല. അല്ലാഹുവിന്റെ ആഥിതേയത്വം സ്വീകരിച്ച് സംശുദ്ധ മനസ്‌കനായാണ് നാം തിരിച്ചെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ആ നിശ്കളങ്ക ഹൃദയം അഹങ്കാരത്തിന്റെ വിരഹ കേന്ദ്രമാക്കരുത്. നാമതിനെ എളിമയുടെയും താഴ്മയുടെയുമൊക്കെ ഉത്ഭവ കേന്ദ്രമാക്കുകയാണ് വേണ്ടത്. വിശുദ്ധ ഹജ്ജ് കര്‍മ്മം കഴിയുമ്പോള്‍ നാമിറക്കി വെച്ച ദോഷങ്ങളുടെ കൂമ്പാരം ‘ഹാജി’ എന്ന തലക്കെട്ടിനു മുകളില്‍ നാം കയറ്റി വെക്കരുത്.
വേദിയില്‍ മുന്‍നിര പിടിക്കാനോ വീട്ടില്‍ നീണ്ട നിരയൊരുക്കാനോ വേണ്ടിയുള്ള ബിരുദമല്ല ‘ഹാജ്യാര്‍’ എന്നത്. എന്നാല്‍ അതൊരു ‘സ്റ്റാറ്റസ് സിമ്പലാ’യി വ്യാഖ്യാനിച്ചു കൊണ്ട് ജനങ്ങളില്‍ കൂടുതല്‍ പ്രശസ്തിയാര്‍ജ്ജിക്കാന്‍ വേണ്ടി ‘ബിരുദാനന്ത ബിരുദം’ (ഹജ്ജിനു ശേഷവും ഹജ്ജ്) തേടി മക്കയിലേക്കെത്തുന്ന ഹാജ്യാക്കന്മാര്‍ ഇന്ന് പെരുകി വരികയാണ്. ജനങ്ങള്‍ കാണാന്‍ വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ ചെറു ശിര്‍ക്കാ (രിയാഅ്) ണെന്നും രിയാഅ് ഏഴ് വന്‍ ദോശങ്ങളില്‍ പെട്ടതാണുമെന്നാണ് നബി(സ) തങ്ങള്‍ പഠിപ്പിച്ചത്.
ഹജ്ജിലെ മറ്റു കര്‍മ്മങ്ങള്‍ പോലെ പുണ്യമര്‍ഹിക്കുന്നതാണ് കുടുംബത്തോടും അടുത്തവരോടുമൊക്കെ യാത്ര ചോദിക്കുന്നതും. നേരില്‍ കണ്ട് സലാം പറഞ്ഞ് പരസ്പരമാശ്ലേഷിച്ച് പൊരുത്തപ്പെടീച്ചതിന് ശേഷം യാത്ര ചോദിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എന്നാല്‍ ശാരീരിക കൂടിക്കാഴ്ചക്ക് പകരം മൊബൈല്‍ തരംഗങ്ങളായി വോയിസ് മെസേജിലൂടെ വിട ചോദിക്കുന്ന കാലിക രീതി ദുഃഖകരമാണ്. നേരില്‍ കാണാന്‍ ഇന്ന് വാഹന സൗകര്യങ്ങളും ഘതാഗത സഞ്ചാര മാര്‍ഗങ്ങളും സുഖകരവും ലളിതവുമായ സ്ഥിതിയില്‍ ഇവ പ്രത്യേകിച്ചും. എന്നാല്‍ പ്രഥമ ഹജ്ജ് ഒഴികെ പിന്നീട് ചെയ്യുന്ന ഹജ്ജിലും ഉംറയിലും ഇതുപോലും അദൃശ്യമായിരിക്കൊണ്ടിരിക്കുന്നുവെന്ന് പറയാതെ വയ്യ.
വിശുദ്ധ ഭൂമിയിലേക്കുള്ള ഈ തീര്‍ത്ഥാനടത്തെ നാം വെറും വിനോദ യാത്രയായി കാണുന്നതാണ് ഇത്തരമൊരു പരിണാമത്തിന് കാരണം. ഏതൊരു ആരാധനയുടെയും സ്വീകാര്യതയുടെ പ്രധാന ഘടകമായ നിയ്യത്തിന് ഇവിടെ രണ്ടാം സ്ഥാനമാണ് ലഭിക്കുന്നത്. സൗദി അറേബ്യ സന്ദര്‍ശനത്തിനും വിദേശത്തുള്ള സുഹൃത്തുക്കളും കുടുംബക്കാരുമായുള്ള കൂടിക്കാഴ്ചക്കും എല്ലാത്തിനുമുപരിയായി ‘ഹാജ്യാര്‍’ എന്ന നാമകരണത്തിനുമാണ് ചിലപ്പോഴെങ്കിലും പ്രഥമ സ്ഥാനം കല്‍പിക്കപ്പെടുന്നത്. അതിനാലാണ് പോകുമ്പോഴുള്ള ആത്മ സമര്‍പ്പണം തിരച്ചെത്തുമ്പോള്‍ പല ഹജ്ജാജിമാര്‍ക്കും നഷ്ടപ്പെടുന്നത്. ബര്‍ക്കത്ത് ചെയ്യപ്പെട്ട കാരക്ക-ഈത്തപ്പഴങ്ങളുടെയും പുണ്യമാക്കപ്പെട്ട സംസം പാനീയത്തിന്റെയും അളവില്‍ ലുബ്ദ് കാട്ടി വിദേശ നിര്‍മ്മിത കൗതുക വസ്തുക്കള്‍ നാട്ടിലേക്ക് ഇറക്കുമതി ചെയ്യാനുള്ള ചില ഹാജിമാരുടെ അമിത താത്പര്യം പാവനമായ തീര്‍ത്ഥാടനത്തിന്റെ അന്തഃസത്ത നശിപ്പിക്കുന്ന തരത്തിലാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെ ബിസിനസ് – ഉല്ലാസമുദ്ദേശിച്ച് വീണ്ടും വീണ്ടും അപേക്ഷ സമര്‍പ്പിക്കുമ്പോഴും നാമതിനായി തിരഞ്ഞെടുക്കപ്പെടുമ്പോഴും ഹജ്ജിനോട് തീവ്രമായ അമിതാഗ്രഹമുള്ള സാധുക്കളുടെ വഴിയിലാണ് നാം പാര പണിയുന്നതെന്ന വസ്തുത നാം മറന്നു പോകരുത്. ഒരു പക്ഷെ ഇത്തരം പാവങ്ങളുടെ അത്യാഭിലാഷത്തന്റെ തീവ്രത കാരണമായിരിക്കാം അറഫയില്‍ സമ്മേളിക്കുന്ന ലക്ഷങ്ങളുടെ ഹജ്ജ് സ്വീകാര്യമാവുന്നത്. ”പില്‍കാലത്ത് തീര്‍ത്ഥാടകര്‍ വര്‍ധിക്കുകയും അതില്‍ നിന്ന് വിരലിലെണ്ണാവുന്നവരുടെ ഹജ്ജ് മാത്രമേ സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ” എന്ന പ്രവാചകദ്ധ്യായം കൂടി നാമിതോടൊപ്പം ചേര്‍ത്തി വായിക്കേണ്ടതുണ്ട്.
വര്‍ഷങ്ങളോളും ചരുപ്പുകുത്തി വേല ചെയ്ത് പുണ്യ തീര്‍ത്ഥാടനത്തിനുള്ള സമ്പാദ്യം സ്വരൂപിച്ച ഒരു സ്വൂഫി വര്യന്റെ ചരിത്രം നാമൊന്ന് പുനര്‍വായന നടത്തേണ്ടതുണ്ട്. ഹജ്ജിനാവശ്യമായ തുക കണ്ടെത്തി യാത്രക്കൊരുങ്ങുമ്പോഴാണ് തന്റെ അയല്‍ വീട്ടില്‍ പട്ടിണി വിളയാടുന്നുണ്ടെന്ന വിവരം അദ്ദേഹത്തിന് ലഭിക്കുന്നത്. തുടര്‍ന്ന ഹജ്ജിനായി താന്‍ നീക്കി വെച്ച മുഴുവര്‍ സമ്പാദ്യവും അവര്‍ക്കു നല്‍കി. ഈ ഒരു സല്‍പ്രവര്‍ത്തി കാരണം അദ്ദേഹത്തന് ഹജ്ജിന്റെ പ്രതിഫലം ലഭിക്കുകയും കഅ്ത്തിങ്കല്‍ നേരിട്ട് ഹാജറായ ആയിരങ്ങളുടെ ഹജ്ജ് അക്കാരണം കൊണ്ട് സ്വീകരിക്കപ്പെടുകയും ചെയ്തു.
ചെയ്യുന്ന കര്‍മ്മത്തോടല്ല, അതിനോടുള്ള മാനസിക സമീപനമാണ് പ്രധാനമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനാല്‍ പൂര്‍ണ്ണമായി സ്രഷ്ടാവിലേക്ക് സമര്‍പ്പിച്ചു കൊണ്ടായിരിക്കണം നാമിതിനായി തയ്യാറാകേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും. അലക്ഷ്യമായുള്ള ആയിരം ഹജ്ജിനേക്കാള്‍ വളരെ ശ്രേഷ്ഠമാണ് ലക്ഷ്യ ബോധത്തോടെയുള്ള ഒരു ഹജ്ജ്. എങ്കില്‍ മാത്രമേ നമ്മുടെ ഈ തീര്‍ത്ഥാടനത്തിനും കര്‍മ്മത്തിനും യഥാര്‍ത്ഥ പ്രതിഫലം ലഭിക്കകയുള്ളൂ.
അതുകൊണ്ടു തന്നെ നശ്വര ലോകത്തെ കേവലം സുഖാഢംബര പ്രശസ്തികളൊഴിവാക്കി അനശ്വര ലോകത്തേക്കുള്ള പാഥേയത്തിന് വേണ്ടിയായിരിക്കണം നാമീ സംഗമത്തില്‍ ഹാജറാകേണ്ടത്. കറ കളഞ്ഞ നിശ്കളങ്ക ഹൃദയത്തിനേ അത് സാധ്യമാവൂ എന്നതിനാല്‍ തന്നെ സഹോദര കുടംബാധി ജനങ്ങളെ നേരില്‍ കണ്ട് പര്‌സ്പരമിടപാടുകള്‍ തീര്‍ത്തതിന്ന് ശേഷം പൂര്‍ണ്ണമായും ദൈവത്തിനടിമപ്പെട്ടു കൊണ്ടായിരിക്കണം നമ്മുടെ ഒരോ തീര്‍ത്ഥാടനവും. അതിനായി നാഥന്‍ നമ്മെ തുണക്കട്ടെ. ആമീന്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on November 1, 2011 by in Nov-Dec'11 and tagged .
%d bloggers like this: