Al Irshad

bi monthly magazine

നെറ്റില്‍ എരിഞ്ഞു തീരരുതീ കൗമാരങ്ങള്‍

കവര്‍ സ്റ്റോറി

അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക

സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടങ്ങള്‍ക്ക് പരിപൂര്‍ണതയുടെ നേട്ടം അവകാശപ്പെടാനാവില്ലെങ്കിലും അത്തരമൊരു മുന്നേറ്റത്തിന്റെ അനുഭൂതികളുമായാണ് ഇന്റര്‍നെറ്റും അനുബന്ധ സങ്കേതങ്ങളും കടന്നു വന്നത്. മനുഷ്യരാശിയുടെ പുരോഗമനത്തില്‍ തുല്യതയില്ലാത്ത സ്ഥാനം അവകാശപ്പെടുന്ന ഈ സംരംഭങ്ങള്‍ ദുരുപയോഗത്തിന്റെ അനന്ത സാധ്യത കൂടിയാണ്. ഉപയോക്താക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. ഉള്ളങ്കൈയില്‍ കൊണ്ട് നടക്കാനാവുന്ന ഹൈ-ടെക് സൗകര്യങ്ങളിലൂടെ നമ്മുടെ ബാല്യകൗമാരങ്ങള്‍ നിറയൗവ്വനങ്ങളും വില്‍പനയ്ക്കു വെക്കപ്പെടുകയാണ്.
സ്വയമറിയാതെ സ്വശരീരം വില്‍പനച്ചരക്കാന്‍ അമ്പരപ്പിക്കുന്ന ”സൗകര്യങ്ങള്‍” നമുക്ക് ശാപമായോ എന്ന് നാം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ഇളംകൈകളില്‍ പോലും കുറ്റകൃത്യത്തിന്റെ കറുത്ത പാടുകള്‍ തേച്ചു പിടിപ്പിക്കുന്ന ഇന്റര്‍ നെറ്റിന്റെ പലകുരുക്കുകള്‍ തീര്‍ത്ത കെണികള്‍ ഒരുപാടാണ്. സ്വന്തം സഹോദരിയുടെ ബെഡ്‌റൂം കാഴ്ചകള്‍ തൊട്ടടുത്ത മുറിയിലിരുന്ന് കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി സൈബര്‍ ലോകത്തേക്ക് എറിഞ്ഞു കൊടുത്ത കുഞ്ഞു സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഉത്തര കേരളത്തെ പിടിച്ചു കുലുക്കിയത് നാം മറന്നിട്ടില്ല.

അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന ഒരു ഫോറത്തില്‍ അംഗമായിരുന്നു രക്ഷിതാക്കളുടെ ആ ഓമനക്കുട്ടി. പുതിയ വീഡിയോകള്‍ ലഭിക്കുവാന്‍ വേണ്ടി തന്റെ സഹോദരിയെത്തന്നെ കരുവാക്കിയ അപക്വമായ ആ കൗമാര മാനസം നമുക്ക് ഏതു തരം പാഠമാണ് നല്‍കിയത്?
കൈയിലൊരു കുഞ്ഞന്‍ മൊബൈല്‍ ഫോണ്‍ ഇരിക്കുന്നത് ആര്‍ക്കും ഒരു ദോഷവും വരുത്തുന്നില്ലെന്നത് നേരു തന്നെയാണ്. നിരുപദ്രവകാരിയും അതിലുപരി പരോപകാരിയുമായ ഈ കുഞ്ഞന്‍ ഉപകരണം ഇന്ന് കേവലം ഫോണ്‍ വിളിക്കുള്ള ഉപാധി മാത്രമല്ല. ഒരൊറ്റ ക്ലിക്ക് കൊണ്ട് ഒരായിരം റിസള്‍ട്ടുകളെ മുന്നിലെത്തിക്കുന്ന ഇന്റര്‍ നെറ്റിന്റെ സമാന്തര ലോകത്തേക്കുള്ള കുഞ്ഞന്‍ വാതില്‍ കൂടിയാണിന്ന് മൊബൈല്‍ സെല്‍ ഫോണുകള്‍.
അനിയന്ത്രിതമായ നൈറ്റ് കോളുകളുടെ ഓഫറുകള്‍ വാരിയെറിഞ്ഞും എസ് എം എസുകള്‍ക്ക് മാത്രമായി മോഹന വാഗ്ദാനങ്ങളിറക്കിയും ആളെക്കൂട്ടിയിരുന്ന കമ്പനി തന്ത്രങ്ങള്‍ പഴങ്കഥയാവുകയാണ്. ചുരുങ്ങിയ ചിലവില്‍ ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ സൗകര്യവുമായി മാടിവിളിക്കുന്ന നെറ്റ് ഓഫറുകള്‍ക്കിന്ന് കൂടുതല്‍ ഡിമാന്റ്.
രാത്രി വൈകുവോളം ചാറ്റ് റൂമുകളില്‍ അഭിരമിച്ച് പുറം ലോകവുമായോ യാഥാര്‍ത്ഥ്യങ്ങളുമായോ യാതൊരു ബന്ധവുമില്ലാതെ ഭാവനാലോകത്ത് ജീവിക്കുന്നതും ക്രിയാത്മക ശേഷി മുരടിച്ചവരുമായ ഒരു പുതുതലമുറയാണ് ഇത്തരം സൗകര്യങ്ങളുടെ ഏറ്റവും പുതിയ റിസള്‍ട്ടുകള്‍. ചുറ്റുമുള്ള സാഹചര്യങ്ങള്‍ പതിയെ മനസ്സിലാക്കിത്തുടങ്ങുന്ന കാലത്തു തന്നെ രക്ഷിതാക്കളുടെ സ്‌നേഹസമ്മാനമായ മൊബൈല്‍ ഫോണുമായി ചങ്ങാത്തം കൂടുന്ന ഒരു പുതിയ തലമുറയെയാണ് നാം അഭിമുഖീകരിക്കാന്‍ പോകുന്നത്. വിഡിയോ ഗൈയ്മുകളും റസ്‌ലിംഗ്(ഗുസ്തി) സൈറ്റുകളും ഒരു ലഹരിയായി കൊണ്ടു നടക്കുന്ന ബാല്യങ്ങള്‍ തീര്‍ച്ചയായും അപകട പാതയിലാണ് സഞ്ചരിക്കുന്നത്. കുട്ടിയുടെ ചപവ താല്‍പര്യങ്ങള്‍ക്കനുസൃതമായി സൗകര്യം ചെയ്ത് കൊടുക്കുന്ന രക്ഷിതാക്കളാണ് അവര്‍ക്കീ പാതയിലെ വഴികാട്ടികള്‍. ഇത്തരം പ്രവണതകള്‍ക്ക് അടിമയാകുന്ന കുട്ടികളില്‍ കടുത്ത മാനസിക പ്രശ്‌നങ്ങളാണ് വരാനിരിക്കുന്നതെന്ന ശക്തമായ മുന്നറിയിപ്പ് തരുന്നത് ഇതേ ടെക്‌നോളജിയെ നമുക്ക് പരിചയപ്പെടത്തിയ ആധുനിക ശാസ്ത്രം തന്നെയാണ്.
അക്രമാസക്തമായ രംഗങ്ങള്‍ കണ്ടു ശീലിക്കുന്ന കുട്ടികളില്‍ ഭാവിയില്‍ ഇത്തരം സ്വഭാവങ്ങള്‍ വേരുപിടിച്ചേക്കാമെന്നും നാമോര്‍ക്കേണ്ടതുണ്ട്.
കേവലം കമ്പ്യൂട്ടറുകളില്‍ നിന്ന് വിമുക്തി പ്രാപിച്ചത് കൊണ്ട് മാത്രം തീരുന്നതല്ല നമ്മുടെ ഈ പ്രോബ്ലം. വീട്ടിലുള്ള നെറ്റ് സൗകര്യങ്ങളെ അശ്ശീല സൈറ്റുകളില്‍ നിന്നും ഫില്‍റ്റര്‍ ചെയ്തും അനാവശ്യ കൂട്ടായ്മകളെ സാങ്കേതിക സഹായത്തോടെ ബ്ലോക്ക് ചെയ്തും മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ എന്ന കുഞ്ഞു കമ്പ്യൂട്ടറിനെയും ഗൗനിച്ചേ തീരൂ.
യാതൊരു നിയന്ത്രണവുമില്ലാതെ ഇന്റര്‍ നെറ്റിന്റെ ലോകത്തേക്ക് പ്രവേശന സൗകര്യം നല്‍കുന്ന, കൊണ്ടു നടക്കാനാവുന്ന സൈബര്‍ ജാലകമാണ് മൊബൈല്‍ ഫോണുകള്‍. മുന്നറിയിപ്പുകളും സംഭവകഥകളും സമൂഹമനസ്സാക്ഷിയെ പിടിച്ചുകുലുക്കുമ്പോള്‍ ”എന്റെ മകന്‍” അങ്ങനെ ചെയ്യില്ലെന്ന് ആശ്വാസം കൊള്ളുന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ തനി വിഡ്ഢിത്തമാണ് ചെയ്യുന്നത്.
തൊടുപുഴയിലെ ഒരു സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി അധ്യാപികയെ പാഠം പഠിപ്പിച്ച കഥ അധികമാരും ഓര്‍ക്കുന്നുണ്ടാവില്ല. ഹോംവര്‍ക്ക് ചെയ്യാത്ത കാരണത്തിന് വിദ്യാര്‍ത്ഥിയെക്കുറിച്ച് പ്രധാനധ്യാപകനു റിപ്പോര്‍ട്ട് നല്‍കിയെ അധ്യാപികയെ ശിഷ്യന്‍ ഇന്റര്‍ നെറ്റിലെ താരമാക്കി മാറ്റി. ക്ലാസില്‍ ബോര്‍ഡിലെഴുതുമ്പോഴുള്ള അധ്യാപികയുടെ ചലനങ്ങളാണ് ശിഷ്യന്റെ മൊബൈല്‍ ഒപ്പിയെടുത്ത് ”വല”യിലാക്കിയത്. പക്ഷെ ആരും കുട്ടിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചയാള്‍ക്കെതിരില്‍ കേസ് കൊടുക്കണമെന്ന് വാദിച്ചില്ല.! ഒരു പക്ഷേ അതിന് വകുപ്പില്ലായിരിക്കാം!
കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷികമാണ് ഇന്റര്‍ നെറ്റും അനുബന്ധ സൗകര്യങ്ങളും. തീര്‍ച്ചയായും അതവര്‍ക്കു പരമാവധി ലഭിക്കുക തന്നെ വേണം. പക്ഷേ അത് കൃത്യമായ മേല്‍നോട്ടത്തിനും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്ന് മാത്രം.
പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് കട്ടി ആഹാരം കൊടുക്കരുതെന്ന് അത് ദഹിക്കില്ലെന്നും നമ്മെ ഉപദേശിച്ചിരുന്ന അനുഭവ സമ്പന്നരായ പഴമക്കാരുടെ സമാസയുക്തിബോധം പോലും നമുക്കില്ലാതായി എന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. പ്രായത്തിനു ദഹിക്കാത്ത വിഭവങ്ങള്‍ യതേഷ്ടം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ആധുനിക സങ്കേതങ്ങളെക്കുറിച്ച വിദ്യാഭ്യാ സമ്പന്നരെന്ന് മേനിപറയുന്നവര്‍ പോലും അശ്രദ്ധയാണ് കാണിക്കുന്നത്.
വിദ്യാഭ്യാസ വായ്പ വേഗത്തില്‍ അടച്ച് തീര്‍ക്കുവാന്‍ സ്വന്തം മാതാവിന്റെ ശരീരം ഇന്റര്‍ നെറ്റില്‍ പ്രദര്‍ശിപ്പിച്ച മകനും കൈരളിയുടെ മണ്ണില്‍ നിന്നു തന്നെയാണത് ചെയ്തത്.നഗ്ന ചിത്രങ്ങള്‍ക്ക് സൈബര്‍ ലോകം കനിഞ്ഞു തരുന്ന പണക്കൊഴുപ്പിന്റെ തിളക്കമായിരുന്നു ഈ മകനെ ഇത്തരം വൈകൃതത്തിലേക്ക് ആകര്ഷിച്ചത്. പണത്തിനും വികലമായ ആസ്വാദനത്തിനുമപ്പുറം സംസ്‌കാര ശൂന്യതയുടെ പുത്തന്‍ അവതാരങ്ങളെ അനുദിനം ഇറക്കുമതി ചെയ്യുന്ന ഈ അധികസൗകര്യങ്ങള്‍ക്ക് നാം അതിരുകളേര്‍പെടുത്തിയെ തീരൂ. കൗമാരക്കാരിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് നടത്തപ്പെട്ട സര്‍വയിലെ വിവരങ്ങള്‍ ഇങ്ങനെ ചുരുക്കിവായ്ക്കാം. കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം നൂറിരട്ടി തീവ്രതയുള്ള ലൈംഗിക രംഗങ്ങളും വികൃത വിഭവങ്ങളും യഥേഷ്ടമുപയോഗിക്കുന്നവരുടെ എണ്ണം ഏഴിലൊന്ന് എന്ന നിരക്കിലാണ്. ഇത്തരം പ്രവണതകള്‍ അവരുടെ അപക്വമാനസത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മൈതാന പ്രസംഗം നടത്തേണ്ട കാര്യവുമില്ല.
ഒന്നാന്തരമൊരു ലഹരിയായി കുട്ടികളുടെ മനസുകളില്‍ കടന്നു കയറിയ ഇന്റര്‍ നെറ്റിന്റെ വലക്കുരുക്കുകള്‍ നമ്മുടെ ഭാവി വാഗ്ദാനങ്ങളെ അന്തര്‍മുഖത്വത്തിലും അപകര്‍ഷതാബോധത്തിലും തളച്ചിടുമെന്ന ബോധം രക്ഷിതാക്കളെ ഇനിയെങ്കിലും ചിന്തിപ്പിക്കുമോ?
”എല്ലാവരും ഭരണാധികാരികളാണ്. ഏവരും അവരുടെ ഭരണീയരെക്കുറിച്ച് ചോദിക്കപ്പെടുക തന്നെ ചെയ്യും”. ഈ പ്രവാചക വചനം മുഖവിലക്കെടുത്തു കൊണ്ട് ഏവരും സ്വയം നിയന്ത്രണം പാലിക്കുന്നതോടൊപ്പം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിര്‍വഹിക്കുക തന്നെ വേണം. കുട്ടികളുടെ നെറികേടിനെപ്പറ്റി അവന്റെ രക്ഷിതാവ് ചോദിക്കപ്പെടുക തന്നെ ചെയ്യും.
മുതിര്‍ന്നവരുടെ സാന്നിദ്ധ്യത്തില്‍ മാത്രം കുട്ടികള്‍ക്കു ഇന്റര്‍നെറ്റ് സൗകര്യം അനുവദിക്കുക എന്നത് ഒരു ഫലപ്രദമായ മാര്‍ഗമാണ്. മാറിയ സാഹചര്യങ്ങളില്‍ ഇത് പ്രായോഗികമല്ലെന്ന് വന്നേക്കാം. കുട്ടികള്‍ക്ക് പ്രത്യേകമായി ലോഗിന്‍ സെറ്റിംഗ്‌സ് ക്രിമീകരിച്ച ശേഷം ഇതില്‍ അനാവശ്യ സംരംഭങ്ങളും അശ്ശീല സൈറ്റുകളും ലോക്ക് ചെയ്യാവുന്നതാണ്. ഇത്തരം സെന്‍സര്‍ഷിപ്പ് സൗകര്യം നല്‍കുന്ന സോഫ്റ്റ്‌വെയറുകളും മറ്റും ഇന്ന് ഇന്റര്‍ നെറ്റില്‍ തന്നെ യഥേഷ്ടം ലഭ്യവുമാണ്.
ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കുട്ടികളുടെ നെറ്റ് സഞ്ചാരത്തെപ്പറ്റി അറിയുവാനുള്ള സൗകര്യങ്ങളും ഇന്ന് സാധാരണമാണ്. ഇത്തരം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പറ്റില്ലെങ്കില്‍ ടെക്‌നീഷ്യന്മാരുടെ സഹായത്തോടെ ലളിതമായി ചെയ്യാവുന്നതേയുള്ളൂ. എല്ലാത്തിനുമുപരിയായി നമ്മുടെ കുട്ടികള്‍ക്ക് നെറ്റിലെ ചതിക്കുഴികളെക്കുറിച്ച് പരമാവധി ബോധമുണ്ടാക്കുക. വടി ഉപയോഗിക്കാതെത്തന്നെ സ്‌നേഹ സമൃണമായ ഉപദേശങ്ങള്‍ യഥാസമയം നല്‍കുവാന്‍ നാം സന്നദ്ധമായേ തീരൂ. നാളെയുടെ പുഷ്പങ്ങളെ വിടരും മുമ്പേ കൊഴിയാന്‍ ഒരിക്കലും നാം അനുവദിക്കരുത്.

Advertisements

One comment on “നെറ്റില്‍ എരിഞ്ഞു തീരരുതീ കൗമാരങ്ങള്‍

  1. Abdul Kader Mak
    November 2, 2011

    how’s this article…?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on November 1, 2011 by in Nov-Dec'11 and tagged .
%d bloggers like this: