Al Irshad

bi monthly magazine

‘ഇ – പിശാചി’നെ കൂട്ടിലടക്കാന്‍ സമയമായില്ലെന്നോ?

കവര്‍ സ്റ്റോറി

റാശിദ് പൂമംഗലം

പ്രപഞ്ചമാകുന്ന ഈ അണ്ഡകടാഹത്തില്‍ ഉടയ തമ്പുരാന്‍ പടച്ചു വെച്ചതെല്ലാം മനുഷ്യര്‍ എന്ന് ഇരുകാലികളുടെ നന്മക്കു വേണ്ടി സംവിധാനിക്കപ്പെട്ടതാണ്. പക്ഷെ, ഇന്ന് നമുക്ക് ചുറ്റും കുച്ചുപ്പുഡി കളിക്കുന്ന തിന്മകളുടെയും പൈകൃതങ്ങളുടെയും പുത്തന്‍ അവതാരങ്ങള്‍ തൊട്ട് അതിക്രമങ്ങളുടെ പ്രാകൃത രൂപങ്ങള്‍ വരെയുള്ള സകലമാന തെമ്മാടിത്തരങ്ങളുടെയും മൊത്ത വില്‍പനക്കാരന്‍, ഇതേ മനുഷ്യന്‍ തന്നെയാണെന്നത് പുത്തനറിവൊന്നുമല്ല. ആത്യന്തികമായി പുരോഗതി ലക്ഷ്യമാക്കി മാത്രം സംവിധാനിക്കപ്പെട്ടതെല്ലാം ഏറ്റവും മികച്ച രീതിയില്‍ ദുരുപയോഗം ചെയ്യാന്‍ ആധുനിക മനുഷ്യന്‍ കാട്ടുന്ന വ്യഗ്രതയും ആവേശവും തീര്‍ച്ചയായും നമ്മില്‍ ഭയപ്പാടുകളുയര്‍ത്തുന്നുണ്ട്.


ഇന്നും നാം ദര്‍ശിക്കുന്ന വികസനങ്ങളുടെ കണ്ണെഞ്ചിപ്പിക്കുന്ന പുരോഗതിക്കു നിദാനം സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടമാണെന്ന് ഊരിലെ കോരന്‍ മുതലിങ്ങോട്ട് പരേതനായ ആപ്പിള്‍ മേധാവി സ്റ്റീവ് ജോണ്‍സ് വരെ സമ്മതിച്ചു തന്നിട്ടുള്ള ചുരുക്കം ചില ബ്രഹ്മാണ്ഡ വസ്തുക്കളിലൊന്നാണ്. വിവര സാങ്കേതിക വിദ്യയുടം ഗുണഗണങ്ങള്‍ മാനം മുട്ടുവോളം പുകഴ്ത്തിപ്പറഞ്ഞു കൊണ്ട് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പുതുപുത്തന്‍ അവതാരങ്ങളെ മത്സരിച്ച് ഇറക്കുമതി ചെയ്തപ്പോള്‍ വികസനത്തിന്റെ മുന്നേറ്റം കണ്ട് നമ്മുടെ അന്തരംഗം അഭമാന പൂരിതമായി.
വിവര ശേഖരണ-വിനിമയ രംഗത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വേദിയൊരുക്കിയ ഐ.ടി എന്ന പാല്‍ ചുരത്തുന്ന കാമധേനുവിന്റെ പാല്‍ കുടിക്കുന്നതിന് പകരം അതിന്റെ ചോര കുടിച്ചു ആസ്വദിക്കാനായിരുന്നു. ആവശ്യക്കാര്‍ കൂടുതല്‍. ധാര്‍മ്മികതയുടെ നിയമങ്ങളോ സമൂഹത്തിന്റെ നിയന്ത്രണങ്ങളോ ഇല്ലാത്ത അപകടകരമായൊരു സ്വാതന്ത്ര്യമായാണ് പലരും സാങ്കേതിക സൗകര്യങ്ങളെ നോക്കിക്കണ്ടത്.

ചില ചാറ്റിങ് വിശേഷങ്ങള്‍
ഈ ഭൂലോകത്തെവിടെ നിന്നും ആര്‍ക്കും ആരോടും കൂട്ടുകൂടാനും കൂട്ടുകാരെ തേടാനുമുള്ള അദ്ഭുത പൂര്‍വ്വമായൊരു സാങ്കേതിക സൗകര്യവുമാണ് സോഷ്യല്‍ നെറ്റവര്‍ക്കിററങ്ങ് സൈറ്റുകള്‍ രംഗപ്രവേശനം ചെയ്തത്. ഒട്ടും വൈകാതെ തന്നെ സൈബര്‍ ലോകത്ത് അനുദിനം പുതിയ കൂട്ടായ്മകളും കൂട്ടങ്ങളും ജന്മം കൊള്ളാനാരംഭിച്ചു. ഫെയ്‌സ് ബുക്ക് പോലുള്ള ഈ-കൂട്ടായ്മകള്‍ കൂടി രംഗത്തെത്തിയതോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ വിശ്വരൂപങ്ങള്‍ ഐ.ടി രംഗത്ത് നിറഞ്ഞാടുന്നതാണ് നാം കണ്ടത്.
മറന്ന് പോയ സഹപാഠിയുടെ പുന:സമാഗമത്തിനും വിദൂരത്തിലായ ബന്ധങ്ങള്‍ പുന:സംഘടിപ്പിക്കാനുമുള്ള ഉത്തമവേദിയായി എല്ലാവരും ഈ അവതാരങ്ങളെ താലോലിച്ചു. പതിയെപ്പതിയെ നാം പോലുമറിയാതെ നമ്മെ കീഴടക്കുകയായിരുന്നു സൈബര്‍ലോകത്തിലെ ഈ ജനകീയ വേദികള്‍.
ബാഹ്യ ലോകത്തുനിന്നും വേര്‍പ്പെട്ടുകൊണ്ട് തികച്ചും തന്റെതായൊരു സൈബര്‍ ലോകത്തിനായി മനസ്സു സമര്‍പ്പിക്കുന്ന തലമുറകള്‍ക്ക് അപകര്‍ഷദാബോധം കൂടുമെന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. ഈ എല്ലാ കൂട്ടങ്ങള്‍ക്കൊക്കെ കണ്ടുപിടിച്ച അതേ സയന്‍സ് തന്നെ അതിന്റെ ദോഷഫലങ്ങളെക്കുറിച്ചും പറയുമ്പോള്‍ ചെവി കൊടുക്കാന്‍ മാത്രം ആരും ത്യാഗം ചെയ്യുന്നില്ലെന്നതാണ് രസകരം.
സാമൂഹിക നന്‍മകള്‍ ലക്ഷ്യം വെച്ച് സമൂഹമേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോ ധാര്‍മ്മികതയുടെ അതിര്‍ വരമ്പുകളോ ഇല്ലാത്ത സ്വന്തമായൊരു ലോകമാണ് സോഷ്യല്‍ നെറ്റവര്‍ക്കിങ്ങ് സൈറ്റുകള്‍ ഉപഭോക്താക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. പക്വതയെത്താത്ത മനസ്സുമായി ചെറുപ്പം നിറഞ്ഞ കൗമാരങ്ങളും , അനിയന്ത്രിതമായ യൗവ്വനങ്ങളും വിശാലമായ ഈ ലോകത്തേക്ക് കയറിചെല്ലുമ്പോള്‍ വലയുമായി പലരും കാത്തിരിക്കുകയാണ്.
മുന്‍പരിചയമില്ലാത്ത പരദേശി മുതല്‍ പരി പിരിചയം ഭാവിക്കുന്ന സ്വദേശിവരെ വിവിധ പ്രൊഫൈലുകളിലായി ഇത്തരക്കാര്‍ വിലസുകയാണ്. രാത്രി വൈകുവോളം നീളുന്ന ചാറ്റിംങ്ങ് ഒടുക്കം അവസാനിക്കുന്നത് പുലര്‍ച്ചെ നാലുമണിക്കായലും അദ്ഭുതമില്ല .
ഉള്ളില്‍ നിറഞ്ഞ് മറിയുന്ന കൗതുകവുമായി ഇന്റെര്‍നെറ്റില്‍ ഉഴറിനടക്കുന്ന കൗമാരങ്ങള്‍ ഇന്നൊരു സംഭവമല്ലാതായിമാറിയിരിക്കുന്നു. വ്യാജപ്രൊഫൈലുകളില്‍ മറഞ്ഞിരുന്ന് താത്കാലിക കാമിനിമാരെയും ഷോര്‍ട്ട് ടൈം ഇണകളെയും തേടുന്നവര്‍ അതിരുകളില്ലാത്ത ലോകം ലഭ്യമായതില്‍ അതിരറ്റസന്തോഷത്തിലുമാണ്.
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വഴികാട്ടിയും കൈത്താങ്ങുമാവേണ്ട രക്ഷിതാക്കള്‍ മക്കളെക്കുറിച്ച് വളരെ ”കൂള്‍” ആണ്. മകന്‍ ഐ.ടി രംഗത്തെ ഒരു സംഭവമാവുമെന്ന് പ്രതീക്ഷിച്ചാണ് പലരും മകന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണമേല്‍പ്പെടുത്താത്തത് നമ്മുടെ മുന്‍ തലമുറ വിവാഹ ശേഷം മാത്രം അനുഭവിക്കാന്‍ വേണ്ടി കാത്തുവെച്ച പല അനുഭൂതികളും നമ്മുടെ കൗമാര സുഹൃത്തുക്കള്‍ക്ക് ഒരു കൗതുകമേ അല്ലാതായിരി മാറിയിരിക്കുന്നു.
വിശാലമായ സൈബര്‍ലോകത്ത് ആഗ്രഹിക്കുന്നതും പിന്നെ ആവശ്യത്തിനപ്പുറത്തും ലഭ്യമാണ്. രാത്രി സമയങ്ങളില്‍ നെറ്റ് ഉപയോഗത്തിന് സ്‌പെഷല്‍ ഓഫറുകള്‍ നല്‍കി സേവന ദാതാക്കളായ കമ്പനികളും തന്നാലാവുന്ന സംഭവാനകളര്‍പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
കേരളത്തിലെത്തന്നെ ഒരു ചാറ്റ് റൂം സംഭവം പുറത്തായ രീതി ഇങ്ങനെ: ഒരു വീട്ടില്‍ വിദ്യാര്‍ത്ഥികളായ ഒരു സഹോദരനും സഹോദരിയുമുണ്ട്. അവധി ദിനമായതിനാല്‍ രണ്ടുപേരും സ്വന്തം കമ്പ്യൂട്ടറുകള്‍ക്കുമുന്നിലായിരുന്നു. അമ്മ ഉച്ചയായപ്പോള്‍ മകനെ ചോറുണ്ണാനായി വിളിച്ചു. നെറ്റില്‍ തന്നോട് വീഡിയോ ചാറ്റ് ചെയ്ത്‌കൊണ്ടിരുന്ന അപരിചിതയായ പെണ്‍കുട്ടിയെ വിട്ടുപോരാന്‍ അവന് മടിതോന്നി. മുഖം വെളിപ്പെടുത്താത്ത അവന്റെ കൂട്ടുകാരി ”പലതും” അവന് കാണിച്ചു കൊടുക്കുകയായിരുന്നു. അവനും ഒട്ടും മോശമാക്കിയില്ല. അമ്മയുടെ വിളി കേട്ട് സഹികെട്ടപ്പോള്‍ ചോറു തിന്നാനായി ഡൈനിങ് ഹാളിലേക്ക് ഓടിയെത്തിയപ്പോഴേക്കും സഹോദരിയും കൈ കഴുകിയെത്തി. രണ്ടു പേരും ഭക്ഷണത്തിനിരുന്നപ്പോഴാണ് സഹോദരന്‍ അത് ശ്രദ്ധിച്ചത്. തന്റെ സഹോദരി ധരിച്ച ഫ്രോക്കിന്റെ നിറം! കണ്ടു മറന്ന ഡിസൈന്‍! ഞെട്ടലോടെ അവന്‍ തിരച്ചറിഞ്ഞു. താന്‍ തൊട്ട് മുമ്പ് സ്‌ക്രീനിനു മുന്നില്‍ കണ്ടാസ്വദിച്ച ശരീരത്തിലും ഇതേ ഫ്രോക്കായിരുന്നു. ഒരു ഞെട്ടലോടെ തന്റെ പാന്റിലേക്ക് നോക്കിയിരിക്കുന്ന സഹോദരിയെയും അവന്‍ കണ്ടു.
ഇതൊരു ഉദാഹരണം മാത്രമാണ്. നാം സ്റ്റാറ്റസിന്റെ അടയാളമായി കൊണ്ടു നടക്കുന്ന പലതിന്റെയും ‘ഫലപ്രദമായ’ ഉപയോഗങ്ങളാണ് മേല്‍ പറയപ്പെട്ടതില്‍ നിന്നും വളിവാകുന്നത്.
സാമാന്യം നല്ല ദീനി സാഹചാര്യത്തില്‍ വളര്‍ന്ന ഒരു പ്ലസ്ടുക്കാരന്‍ തന്റെ പുതിയ ചാറ്റിങ് സുഹൃത്തിന്റെ പ്രണയാഭ്യര്‍ത്ഥനക്കു മുന്നില്‍ അമ്പരന്നു പോയി, ഒടുവില്‍ ഉസ്താദേ എന്ത് ചെയ്യണമെന്ന് നിസ്സാഹയതയോടെ ചോദിച്ചപ്പോള്‍ ഉസ്താദിനടുത്ത് ചെന്നപ്പോള്‍ അദ്ധേഹത്തിന് ചിലത് പറഞ്ഞു കൊടുക്കാന്‍ സാധിച്ചു. പക്ഷെ, ഇത്തരം സഹായഭ്യത്ഥനകള്‍ വിരളമാണെന്നതാണ് ഏറ്റവും ദുഃഖകരം.
പലയിടത്തായി ചിലന്തികള്‍ പതിയിരിക്കുന്ന ദുരൂഹതകള്‍ നിറഞ്ഞ വലക്കെണിയാണ് ഇന്റര്‍ നെറ്റ്. ആ വലയ്ക്കപ്പുറം ഉമ്മ പെങ്ങന്മാരുടെ രക്ത ബന്ധങ്ങള്‍ക്കോ മാതൃത്വത്തിന്റെ ദൈവിക ഭാവത്തിനോ സ്ഥാനമില്ല. ഇന്റര്‍ നെറ്റിനെ കുട്ടികളുടെ തീണ്ടാ പാടകലെ നിര്‍ത്തണമെന്നു പറയുന്നത് തനി മണ്ടത്തരമാണ്. പക്ഷേ അവരുടെ മാനസിക വളര്‍ച്ചക്ക് അനുയോജ്യമായ വിഭവങ്ങള്‍ മാത്രമേ അവര്‍ ഈ അത്ഭുത ലോകത്ത് നിന്നു തിരഞ്ഞെടുക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്താന്‍ നാം തയ്യാറാവണം എന്ന് മാത്രം.
കുറ്റവാളിയാകുന്നതാര്?
സമൂഹത്തിന്റെ പൂന്തോപ്പിലെ അചുംബിത പുഷ്പങ്ങളായ നമ്മുടെ പെണ്‍കുട്ടികളാണ് ഇത്തരം വലകളില്‍ കുടുങ്ങുന്നതിലേറെയുമെന്നത് നമ്മെ തെല്ലും ഉണര്‍ത്തുന്നില്ല എന്നതാണ് ഖേദകരം.
കേരളത്തിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെ മുന്നിലെത്തുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ നാലിലൊരു ഭാഗം കേസുകളിലേയും മുഖ്യപ്രതികള്‍ നാം പൊന്നോമകളെന്നും നിഷ്‌കളങ്കരെന്നും അഭിമാനം കൊള്ളുന്ന നമ്മുടെ തന്നെ കുട്ടികളാണ്. ഇതില്‍ ഇരകളില്‍ അധികവും അവരുടെ സമപ്രായക്കാരായ പെണ്‍കുട്ടികളാണെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുത.
രക്ഷിതാക്കള്‍ പൊന്നോമനകളുടെ പുരോഗതിക്കായി കയ്യയച്ചു കൊടുക്കുന്ന നെറ്റ് സൗകര്യങ്ങള്‍ പലപ്പോഴും ഉപയോഗിക്കപ്പെടുന്നതെങ്ങനെയാണെന്ന് ചിന്തിക്കപ്പെടന്നില്ല. ചാറ്റ് റൂമുകളിലും കമ്യൂണിറ്റി സൈറ്റുകളിലും വ്യാജപ്രൊഫൈലുകളായും അല്ലാതെയുമായി തികച്ചും സൗഹൃദഭാവത്തോടെ പ്രത്യക്ഷപ്പെടുന്ന സൈബര്‍ പൂവാലന്മാര്‍ ആദ്യപടിയെന്നോണം പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നു. ചിലര്‍ക്ക് എതിര്‍ ലിംഗത്തോടുള്ള കൗതുകമാണ് ഇത്തരം ബന്ധങ്ങള്‍ക്കായി പ്രേരിപ്പിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് ”രസകരങ്ങളായ” മുന്‍ അനുഭവങ്ങളാണ് പ്രേരണയാകുന്നത്.
ഇങ്ങനെ പരിചയപ്പെടുന്ന സൗഹൃദങ്ങള്‍ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നിടത്താണ് പ്രശ്‌നങ്ങളുടെ ആരംഭം. പലപ്പോഴും ഇങ്ങനെ പരിചയപ്പെടുന്ന ഗേള്‍ ഫ്രന്‍ഡ്‌സ് സ്വാഭാവികമായും മനസ്സു തുറന്നുള്ള ചാറ്റിങ്ങുകള്‍ക്കിടയില്‍ വ്യക്തിപരമായ വിവരങ്ങളും പലപ്പോഴൊക്കെ മറ്റു പലതും തന്റെ ആണ്‍ സുഹൃത്തുമായി പങ്കുവെയ്ക്കുന്നു. ഒടുവില്‍ ഈ വിവരങ്ങള്‍ വെച്ച് തങ്ങള്‍ ക്രൂരമായി ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുമ്പോഴാണ് പലരും ചതിക്കുഴികളുടെ ആഴവും പരപ്പും മനസ്സിലാക്കുന്നത്.
ഇവിടെ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നത് അതിരുകളില്ലാത്ത സ്വകാര്യങ്ങള്‍ വിളംബരം ചെയ്യുന്ന ഇന്റര്‍ നെറ്റോ സൈബര്‍ സൗഹൃദ വേദികളോ അല്ല. പ്രായത്തിന്റെ സ്വാഭാവിക ദൗര്‍ബല്യങ്ങളാല്‍ വഞ്ചിക്കപ്പെടുന്ന പെണ്‍മക്കളെക്കാളും, നിയന്ത്രണങ്ങളോ മുന്‍കരുതലുകളോ ഇല്ലാതെ അവര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ മദ്ധ്യമാക്കുന്ന രക്ഷിതാക്കള്‍ തന്നെയാണ് വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത്. പ്രായത്തിന് ദഹിക്കാത്ത വിഭവങ്ങള്‍ വേണ്ടുവോളമൊരുക്കി നിര്‍ത്തി വേട്ടക്കാര്‍ അവിടെ ഇരകള്‍ക്കായി വലവിരിച്ചു കാത്തുനില്‍ക്കുന്നു. എന്നാല്‍ യാതൊരു സുരക്ഷയും വാഗ്ദാനം ചെയ്യാത്ത ഇന്റര്‍ നെറ്റിന്റെ സ്വാതന്ത്രത്തിലേക്ക് മക്കളെ എറിഞ്ഞു കൊടുക്കുന്നതിന് മുമ്പ് പ്രബുദ്ധരായ നമ്മുടെ രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുമെന്ന് നമുക്ക് വെറുതെ പ്രതീക്ഷിക്കുവാനേ നമുക്ക് നിര്‍വാഹമുള്ളൂ.
നമ്മുടെ മുന്‍തലമുറ വിവാഹ ശേഷം മാത്രമറിഞ്ഞിരുന്ന പലതും ഇന്നത്തെ കൗമാരക്കാര്‍ക്ക് ഒരു സംഭവമേ അല്ലാതെ മാറിയിരിക്കുന്നു. പ്രായമെത്തും മുമ്പേ വാര്‍ദ്ധക്യം ബാധിക്കുന്നവരെ അകാല വാര്‍ദ്ധക്യം ബാധിച്ചവരെന്ന് നാം വിളിച്ചിരുന്ന സ്ഥാനത്ത് ‘അകാല യൗവ്വനം ബാധിച്ച’ ചില കൗമാരങ്ങളാണ് ഇന്ന് ചോദ്യ ചിഹ്നങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നത്.
നിയമങ്ങള്‍ ഒരു പരിധി വരെ പാലിക്കപ്പെടുകയും ധാര്‍മ്മികതയ്ക്ക് മൂല്യം കല്‍പിക്കപ്പെടുകയും ചെയ്യുന്ന യഥാര്‍ത്ഥ ലോകത്തിനു സമാന്തരമായി നിയന്ത്രണങ്ങളില്ലാത്തതും മൂല്യങ്ങള്‍ക്ക് സ്ഥാനമില്ലാത്തതുമായൊരു സൈബര്‍ ലോകം സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുകയാണ്. യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കുഴഞ്ഞ ഈ അത്ഭുത ലോകത്തിന് ധര്‍മ്മ പാഠങ്ങളോ ധാര്‍മ്മിക ച്യുതികളോ ബാധകമല്ല. ഈ അമിത സ്വാതന്ത്ര്യം തന്നെയാണു താനും ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയും.

വെല്ലുവിളികളെ അതിജീവിക്കുക
ഇന്റര്‍ നെറ്റിന്റെ അമി ഭോപഭോഗം ഗൗരവമേറിയ ചര്‍ച്ചകള്‍ക്കു പാത്രമാവുമ്പോള്‍ ഇതിന്റെ സാമുഹിക മാനങ്ങളും നാം കാണിതിരുന്നു കൂടാ.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വികാര വിവരങ്ങള്‍ ഉള്ളിലൊതുക്കുവാന്‍ വിധിക്കപ്പെട്ടവര്‍ പലപ്പോഴും ഇത്തരം സൗകര്യങ്ങളെ സൗഭാഗ്യമായാണു കാണുന്നത്. മുംബൈയില്‍ ജോലി നോക്കുന്ന ഒരുമലയാളിയോട് ഒരു സ്വകാര്യ സംഭാഷത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിക്കപ്പെട്ടപ്പോള്‍ ”ഭാര്യയില്ലാത്ത ഞങ്ങള്‍ക്കിതൊക്കെയാണ് ആശ്വസ’സമെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചത്.
ഭാര്യയില്‍ നിന്നും ജോലിയാവശ്യാര്‍ത്ഥവും അല്ലാതെയും അകന്നിരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ തികഞ്ഞ സംയമനവും സ്വയം നിയന്ത്രണവും ശീലമാക്കാത്ത അക്ഷമരാണിക്കൂട്ടരില്‍ അധികവും. ഇത്തരം സാഹചര്യങ്ങള്‍ ഒരിക്കലും അരുതായ്മകള്‍ക്കുള്ള അനുമതിപത്രമായി കണക്കാക്കപ്പെടരുത്.
കുടുംബത്തില്‍ നിന്നകന്ന് നില്‍ക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസരങ്ങളില്‍ ചാറ്റ് റൂമുകളില്‍ അഭയം കണ്ടെത്തുന്നവരും കുറവല്ല. അപരിചിതരുമായി ചാറ്റ് റൂമുകളില്‍ സ്ഥാപിക്കുന്ന ബന്ധങ്ങള്‍ക്ക് പലപ്പോഴും ആത്മാര്‍ത്ഥതതുടെ വിശുദ്ധി അവകാശപ്പെടാന്‍ സാധിക്കുന്നില്ല എന്നതും മുഖവിലക്കെടുക്കേണ്ടതുണ്ട്. ചാറ്റിങ്ങ് ഫ്രണ്ടിന്റെ മാനസികാവസ്ഥയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുന്നതും പ്രശ്‌നമാവാറുണ്ട്.
നമ്മുടെ മതബോധര്‍ ധാര്‍മികാവബോധങ്ങളും ടെക്‌നോളജിയുടെ ഈ പുത്തന്‍ സങ്കേതത്തിന്റെ അനിയന്ത്രിമായ ഇടപെടലുകളെ പ്രതിരോധിക്കാന്‍ സജ്ജമാവേണ്ടതുണ്ട്. യഥാര്‍ത്ഥ ലോകത്തിന് സമാന്തരമായുള്ള ഇ-ലോകത്തും തിന്മകള്‍ എന്തിന്റെ പേരിലായാലും ന്യായീകരിക്കപ്പെടാവുന്നതല്ല.
നിയന്ത്രണങ്ങള്‍ അപ്രസക്തമാവുന്ന പുതിയ സാഹചര്യങ്ങളില്‍ സ്വയം നിയന്ത്രണത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും ധാര്‍മിക പാഠങ്ങളാവണം നമ്മെ നയിക്കേണ്ടത്. തികഞ്ഞ മതാന്തരീക്ഷത്തില്‍ നന്മ തിന്മകളെക്കുറച്ചും ധാര്‍മികതയുടെ അതിര്‍വരമ്പുകളെക്കുറിച്ചും ഫലപ്രദമായി അവബോധമുണ്ടാക്കുക എന്നതാണിതില്‍ പ്രധാനം.
മദ്‌റസാ പഠനം വഴിപാടു പോലെ നടത്തിയതു കൊണ്ടു മാത്രം ഈ ചുമതല അവസാനിക്കുന്നില്ല. രക്ത ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ലൈംഗികതയുടെ അതിര്‍വരമ്പുകളെക്കുറിച്ചും വളരുന്ന തലമുറകള്‍ക്ക് വഴികാട്ടേണ്ടതുണ്ട്. കുടുംബവും കുടുംബസാഹചര്യങ്ങളുമാകണം അവന്റെ പാഠശാല. പരിഷ്‌കാരത്തിന്റെ പേരില്‍ കുട്ടികളെ കെട്ടഴിച്ച് വിട്ട് അവര്‍ക്ക് അളവിലധികം സ്വാതന്ത്രം നല്‍കുന്ന രക്ഷിതാക്കള്‍ ഒടുവില്‍ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്ത വൈകൃതങ്ങളുമായി പിന്നീടവര്‍ കടന്നുവരുമ്പോള്‍ വിലപിച്ചത് കൊണ്ട് കാര്യമുണ്ടാക്കുവാനിടയില്ല,

Advertisements

One comment on “‘ഇ – പിശാചി’നെ കൂട്ടിലടക്കാന്‍ സമയമായില്ലെന്നോ?

  1. shamsu
    November 3, 2011

    super!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on November 1, 2011 by in Nov-Dec'11 and tagged .
%d bloggers like this: