ഭാവിയിലേക്കൊരു ക്ഷണം

എഡിറ്റോറിയല്‍

ആദിമമായ പ്രാകൃതാവസ്ഥയില്‍ നിന്നും പുരോഗമനത്തിന്റെ ഗിരിമസ്തകങ്ങളിലേക്കുള്ള മനുഷ്യ കുലത്തിന്റെ പര്യടന പരമ്പര അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുക തന്നെയാണ്. അണമുറിയാത്ത ജ്ഞാനതൃഷ്ണയുടെ നിരന്തരമായ പ്രേരണയാല്‍ പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടിയ മാനവ സമൂഹത്തിന്റെ ഭൗതികവും ബൗദ്ധികവുമായ സകല നേട്ടങ്ങളും അവരാര്‍ജിച്ചെടുത്ത വിജ്ഞാനീയങ്ങളുടെ മധുര ഫലങ്ങളാണ്.
അത്‌കൊണ്ടുതന്നെ സമൂഹത്തിന്റെ ഗതിവിധികളെ നിര്‍ണയിക്കുന്ന വിദ്യാഭ്യാസത്തിനും അനുബന്ധ ജ്ഞാന പ്രക്രിയകള്‍ക്കും നാം അര്‍ഹമായ പ്രാധാന്യം കൊടുത്തേ തീരൂ.
സകല ശാസ്ത്രങ്ങളുടെ തലതൊട്ടപ്പന്മാരായി മുസ്‌ലിംകള്‍ വാണരുളിയിരുന്ന അവിസ്മരണീയമായൊരു ഭൂതകാലം നമുക്കുണ്ടായിരുന്നു. സ്വപ്ന തുല്യമായിരുന്ന ആ കഴിഞ്ഞ കാലത്തില്‍ നിന്നും മത്സരം നിറഞ്ഞ ഈ പുതുലോകത്തിനായി നാം ഊര്‍ജമാവാഹിക്കുക. ചരിത്രങ്ങള്‍ക്ക് വഴി പറഞ്ഞു കൊടുത്ത വിദ്യാഭ്യാസത്തിന്റെ നാള്‍ വഴികള്‍ നമുക്കതാണ് പറഞ്ഞു തരുന്നത്.
സമൂഹമംഗീകരിച്ച ജ്ഞാന പ്രതിഭകളോട് അഭിമുഖം നടത്തിയും ലഘുവെങ്കിലും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്തിയും അതിലേക്കുള്ള ഒരെളിയ ശ്രമമാണ് ഞങ്ങളുടെ ഈ സംരംഭം.
നാഥന്‍ തുണക്കട്ടെ.

ചീഫ് എഡിറ്റര്‍

Leave a comment