Al Irshad

bi monthly magazine

വിദ്യാഭ്യാസം ചരിത്രത്തിനായി വഴി കാട്ടുകയാണ്‌

നുഅ്മാന്‍ പുഴക്കര
വിദ്യാഭ്യാസം എന്നത് പൊതുനന്മായാല്‍ ചുറ്റപ്പെട്ട അനുസ്യൂതം വളര്‍ന്നു പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്ന മേഘലയാണ്. മനുഷ്യനിലെ മനുഷ്യത്വത്തെ കണ്ടെത്തുന്നതിനും വ്യക്തിത്വ വികസനത്തിനുമുള്ള ഒരു മാധ്യമം കൂടിയാണിത്. മനുഷ്യന്റെ ബാഹ്യപ്രകൃതിയെ തന്റെ ചുറ്റുപാടുകളുമായി ഇണക്കാനും അവയോട് പൊരുത്തപ്പെടുത്താനുമുള്ള താത്വിക പരിശീലനമാണെന്നത് സര്‍വ്വാംഗീകൃതമാണ്. കാലാടിസ്ഥാനത്തിലും കോലാടിസ്ഥാനത്തിലും ലോകം വിദ്യാഭ്യാസത്തെ പലതായി തരംതിരിച്ച് പാര്‍ശ്വവല്‍ക്കരിക്കാനും ആഗോള വ്യവസായ വല്‍കരണത്തിന്റെ കാല്‍ചുവട്ടില്‍ അടിയറവ് വെക്കാനും ത്വരിത പ്രവര്‍ത്തനം നടത്തുമ്പോഴും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷീകരണം ധര്‍മ്മ അധര്‍മ്മ വിവേചനത്തിലേക്കാണ്. ഉത്തമ സാമൂഹ്യ സാംസ്‌കാരികാന്തരീക്ഷ നിര്‍മാണത്തിന്റെ അടിസ്ഥാനശിലയാണ് വിദ്യാഭ്യാസം. ഇത് എത്രത്തോളം പുരോഗതി പ്രാപിക്കുന്നുവോ അത്ര തന്നെ സാമൂഹിക സമുദ്ധാരണ രംഗത്ത് അത് സ്വാധീനം ചെലുത്തുന്നുണ്ട്.

അറിവ്, ജ്ഞാനം എന്നത് സ്വത്വത്തെ തിരിച്ചറിയലാണ്. ഇത്തരം തിരിച്ചറിവുകള്‍ ഏകനായ ദൈവത്തിലേക്കടുക്കാനുള്ള മാധ്യമവുമാണ്. ധര്‍മ്മാധിഷ്ഠിത വിദ്യ അഭ്യസിച്ച് അതിന്റെ വക്താക്കളും പ്രയോക്താക്കളുമാവുമ്പോഴാണത് അര്‍ത്ഥപൂര്‍ണമാവുന്നത്. വിദ്യയും ചിന്തയും പരസ്പര പൂരകങ്ങളെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചിന്തയില്ലാത്ത അറിവും ദഹക്കാത്ത ഭക്ഷണവും നമുക്ക് ഒരുപോലെ മാരകമാണ്.
ലോകത്തെ നടുക്കിയ ആറ്റം ബോംബും മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയ സര്‍വകലാശാലകളും വിദ്യയുടെ സംഭാവനയാണ്. ഏതാണ് നാം ആര്‍ജിക്കേണ്ടതെന്നത് തീരുമാനിക്കേണ്ടതും നാം തന്നെയാണ്. ഇവിടെയാണ് വിദ്യാഭ്യാസത്തെ വിദ്യ’ആഭാസ’മാക്കാതെ ശരിയായ രീതിയില്‍ നിര്‍വഹിക്കേണ്ടതും പ്രയോഗിക്കേണ്ടതും. വിദ്യാഭ്യാസത്തിന്റെ നമ്മുടെ പുര്‍വസൂരികള്‍ നല്‍കിയ വ്യാഖ്യാനം ആധുനിക വിദ്യാഭ്യാസ വിവക്ഷകര്‍ നല്‍കിയ വ്യഖ്യാനവും അജഗജാന്തരമുണ്ട്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി തിരിച്ചറിയാന്‍ ഇന്നത്തെ വിദ്യാഭ്യാസാന്തരീക്ഷം അല്‍പമൊന്ന് വിശകലനം ചെയ്താല്‍ മതി.
വിദ്യാഭ്യാസ രംഗത്തുണ്ടായ കാലക്രമേണയുള്ള മാറ്റങ്ങള്‍ വ്യത്യസ്ത തലങ്ങളിലേക്ക് വ്യാപിക്കുകയും മനുഷ്യരാശിയൊന്നടങ്കം സാമൂഹ്യബോധമുള്ള സാംസ്‌കാരിക മുന്നേറ്റങ്ങളില്‍ ഭാഗമാവുകയും ചെയ്തു. വിദ്യാഭ്യാസത്തിലുണ്ടായ പരിണാമങ്ങള്‍ സമൂഹത്തെ രണ്ട് നിലക്ക് ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ പരിണാമ പ്രക്രിയയിലുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും വസ്തുതാപരമായി പരിശോധിച്ചാല്‍ തന്നെ മതി.
മതവിദ്യാഭ്യാസം
ഭൗതിക വിദ്യാഭ്യാസം ഇവിടെ വേര് പിടിക്കുന്നതിന് വളരെ മുമ്പ് തന്നെ മതവിദ്യാഭ്യാസം ഇവിടെ നിലനിന്നിരുന്നു. മതബോധം ജനിപ്പിക്കുക വഴി ജനങ്ങളില്‍ ദൈവവിശ്വസത്തിന്റെ തിരികൊളുത്തുക എന്നതായിരുന്നു പ്രഥമലക്ഷ്യം. ഭൗതികതയുടെ അതിപ്രസരത്തിലും ഭാഗികമായെങ്കിലും അചഞ്ചലമായി നില്‍ക്കാന്‍ മതവിദ്യാഭ്യാസത്തിന് സാധിച്ചത് ഇത്തരം ബോധം ജനമനസ്സുകളില്‍ തളം കെട്ടിയതു കൊണ്ടാണ്. ഉത്തരേന്ത്യയിലെ ദയൂബന്ധിസവും അതിന്റെ കീഴില്‍ വളര്‍ന്നു പന്തലിച്ച പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ മക്തബുകളും ശേഷം വരുന്ന മഖ്ദൂമി ദര്‍സുകളുമാണ് പ്രധാനമായും ഇവ്വിഷകവുമായി ചര്‍ച്ചിതമാകേണ്ടത്. അതുപോലെ ഇവിടെ മതവിദ്യാഭ്യാസത്തിന് നേതൃത്വം കൊടുത്തവരായിരുന്നു ശാഹ്ദഅ്‌ലവി കുടുംബവും നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവുമായ അഹ്മദ് സര്‍ഹിന്ദിയും.
കേരളത്തില്‍ മഖ്ദൂമികളുടെ കാലത്ത് ആരംഭിച്ച ദര്‍സ് വിദ്യാഭ്യാ സമ്പ്രദായം പുരോഗമിച്ച് കേരളത്തിലെ മഹല്ലുകളിലെ ഓരോ പള്ളികളിലും വ്യവസ്ഥാപിതമായി അണമുറിയാതെ നിലനിന്നുപോന്നു. ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയവരാണ് പ്രബുദ്ധ മുസ്‌ലിം സമൂഹത്തിന് ആത്മീയമായും രാഷ്ട്രീയപരമായും നേതൃത്വം നല്‍കിയത് എന്ന് മനസ്സിലാക്കുമ്പോള്‍ ദര്‍സ് വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം സമൂഹത്തില്‍ വിപ്ലവാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയാനാവും.
വളരെ വ്യവസ്ഥാപിതമായും ശാസ്ത്രീയമായും സമസ്ത ഇന്ന് നടത്തിപ്പോരുന്ന മദ്‌റസ സംവിധാനം മുസ്‌ലിം കൈരളിക്ക് അകത്തും പുറത്തും നടത്തിയ ക്രിയാത്മക കാല്‍വെപ്പ് ശ്ലാഘനീയവും സ്മര്യവുമാണ്. പുതുതലമുറയെ ഭൗതികതയുടെ കൊടുങ്കാറ്റില്‍ പതറാതെ നിര്‍ത്തുന്നത് ഇത്തരം മതകലാലയങ്ങളില്‍ നിന്ന് നല്‍കുന്ന മതബോധമാണ. ശോഭനമായ ഇന്നലകളിലെ മതാന്തരീക്ഷത്തെ പ്രശോഭിപ്പിച്ചത് പോലെ ഇനിയുള്ള യുഗാന്തരങ്ങളിലും ദീനിനെ നിലനിര്‍ത്താനും മനുഷ്യരാശിയെ നമ്മുടെ വെളിച്ചത്തേക്ക് കൊണ്ടുവരാനും ഈ പ്രകാശ ഗോപുരങ്ങള്‍ക്ക് സാധിക്കുന്നിടത്താണ് ദീനിന്റെ വിജയം കിടക്കുന്നത്. ഓത്തുപള്ളികളും ദര്‍സുകളും മദ്‌റസകളും അറബിക് കോളേജുകളും മതവിദ്യാഭ്യാസരംഗത്ത് ഇനിയും ഒരുപാട് ദൂരങ്ങള്‍ താണ്ടേണ്ടതുണ്ട്.

ഭൗതികവിദ്യാഭ്യാസം
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുന്ന ഏതൊരു വസ്തുവും മെറ്റിറിലിയസത്തിന്റെ ഭാഗമാണ്. ഭൗതികതയെ തിരിച്ചറിയല്‍ കൊണ്ട് ദൈവത്തെ അറിയലും ജീവിതത്തില്‍ ധര്‍മ്മവും നിഷ്ഠയും നിലനിര്‍ത്തുകയുമാണിതിന്റെ ഒരു ലക്ഷ്യം. കേവലം തൊഴിലും പണാധിഷ്ഠിതവുമാണ് ഇതിന്റെ മറ്റൊരു ലക്ഷ്യമായി കണക്കാക്കുന്നത്. മത ശാസ്ത്ര സംഘട്ടനമാണ് ഭൗതിക വിദ്യാഭ്യാസം എന്ന ലേബല്‍ കൊണ്ട് വന്നത് എന്ന് മനസ്സിലാകുമ്പോള്‍ കേവല ഭൗതികത എന്നത് മതത്തില്‍ നിന്ന് അല്‍പം ദൂരെ തന്നെ എന്ന് മനസ്സിലാക്കേണ്ടി വരും.
ശാസ്ത്ര വികാസത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ ക്രൈസതവ ശാസ്ത്ര സംഘട്ടനമാണ് പ്രധാനമായും ഭൗതിക വിദ്യാഭ്യാസം എന്ന വേര്‍തിരിവിന് വഴിവെച്ചത്. വ്യവസായ വിപ്ലവത്തോടെ ഉടലെടുത്ത പുതിയ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ ക്രിസ്തീയ സഭകള്‍ക്കും വിശ്വാസാചാരങ്ങള്‍ക്കുമെതിരായി വന്നപ്പോള്‍ പോപ്പുമാരും പുരോഹിതരും ശാസ്ത്രത്തിനെതിരെ തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചു.
ഇവര്‍ക്കൊക്കെ മുമ്പ് മുസ്‌ലിംകള്‍ വിദ്യഭ്യാസ പരമായി മുന്നിട്ടു നിന്ന അവസരത്തില്‍ ഒരിക്കലും ഇങ്ങനെയുള്ള മനോഭാവത്തിന് സ്ഥാനമുണ്ടായിരുന്നില്ല. എന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം. ഇത്തരം വിരുദ്ധ സമീപനങ്ങളില്‍ മനം മടുത്ത ശാസ്ത്ര വിദഗ്ദര്‍ മതത്തിന്റെ പ്രതലത്തില്‍ നിന്നിറങ്ങി സ്വന്തമായി ഗവേഷണം ചെയ്യാനാരംഭിച്ചപ്പോഴാണ് ഭൗതികത എന്ന ആശയം ആദ്യമായി പുറത്തു വരുന്നത്. മുമ്പ് സര്‍വ്വ വിജ്ഞാനങ്ങളെയും ഒരു പോലെ കണ്ടിരുന്ന സമൂഹം സ്‌പെയിനിലും ബഗ്ദാദിലുമുണ്ടായിരുന്നു. പക്ഷേ അവര്‍ക്കൊരിക്കലും ഇത്തരം വൈരുദ്ധ്യം കാണാനാവാത്തത് മതത്തെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും ഉത്തമ ബോധവന്മാരായത് കൊണ്ടായിരുന്നു. ശാസ്ത്രത്തിന്റെ പുരോഗതി തങ്ങളുടെ മതാശയത്തെ ഇവിടെ നിന്ന് നിഷ്‌കാസനം ചെയ്യുമോ എന്ന ശങ്കയാണ് അന്ധമായ ശാസ്ത്ര വിരോധത്തിലേക്ക് ക്രൈസ്തവരെ നയിച്ചത്.
ബൈബിളിന്റെ തത്വത്തിനെതിരായി ശാസ്ത്രീയ ഗവേഷണത്തിലൂടെ ഗലീലിയോ സൂര്യ ചംക്രമണത്തെ നിര്‍വചിച്ചപ്പോള്‍ ക്രൈസ്തവ ലോകമതിനെ ആശയ പരമായി നേരിടുന്നതിന് പകരം പല്ലും നഖവും ഉപയോഗിച്ച് ജീവഹാനി വരുത്താന്‍ വരെ തയ്യാറായി. ഇത്തരം വിവേചനമാണ് ഭൗതിക വിദ്യാഭ്യാസത്തെ കേവലം തൊഴിലിലധിഷ്ഠിത മാര്‍ഗമാക്കി മാറിയത്. പതിനഞ്ചാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞനായ ജെയിംസ് വാട്ടിന്റെ ആവിയന്ത്ര കണ്ടുപിടുത്തമാണ് വ്യവാസായ വിപ്ലവത്തിന് കാരണമായി തീര്‍ന്നത്.
കാലക്രമേണയുള്ള വിദ്യാഭ്യാസ മേഖലയിലുള്ള വളര്‍ച്ച വ്യത്യസ്ത രീതിയിലേക്ക് തരംതിരിക്കപ്പെട്ടപ്പോഴാണ് ചൂഷണാത്മക കച്ചവടമായത് മാറിയത്. ആത്മീയതയുടെ തീ ഊതിക്കെടുത്തി പദാര്‍ത്ഥ കേന്ദ്രീകൃതമായ തലത്തിലേക്ക് മനുഷ്യ മനസ്സുകളെ നയിക്കുന്നതില്‍ മെറ്റിറിയലിസ്റ്റ് ചിന്താഗതിക്കാര്‍ വജയിച്ചപ്പോള്‍ ഭാഗികമായെങ്കിലും ജനത്തെ ദൈവനിഷേധത്തിലേക്ക് നയിക്കാന്‍ പാശ്ചാത്യര്‍ക്ക് സാധിച്ചു.
നന്മയായാലും തിന്മയായാലും പ്രൊഫഷണാലിസം കൊണ്ടു വരിക വഴി മദ്യം വിളമ്പുന്നതിന്റെയും ലിംഗഭേദമില്ലാതെ ഇടപഴകുന്നതിന്റെയും രീതി ശാസ്ത്രം വരെ അക്കാദമിക് വിഷയമായി വന്നത് ഇത്തരമൊരു ഭൗതിക ചിന്തയുടെ ഭാഗമായിട്ടാണ്. മനുഷ്യന്റെ ബാഹ്യ പ്രകൃതിയെ മിനുക്കി വര്‍ണ്ണാഭമായ ഒരന്തരീക്ഷം സൃഷ്ടിക്കുക എന്നതിലുപരിയായി മറ്റൊരു ലക്ഷ്യവും ഇതിന് കാണാവുന്നതല്ല. തൊഴില്‍ രംഗത്തുണ്ടാവുന്ന കഴിവുകള്‍ നികത്തുക, വ്യക്തി, പണം സംബന്ധമായ കാര്യങ്ങളില്‍ സുഗമമായ ഇടപെടല്‍, ഇവയെല്ലാമാണ് ഭൗതിക വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത്. മനുഷ്യനെ ചൂഷണാത്മക നിലപാടുകളിലേക്ക് നയിച്ച് അവനെ കബളിപ്പിച്ചും വഞ്ചിച്ചും മുതലെടിക്കാനുള്ള ഒരു ബോധം ഉണ്ടാക്കാനേ ഇതിന് കഴിയുകയുള്ളൂ. ഭൗതിക വിശ്വാസത്തിന്റെ നേട്ടം നശ്വര സൂഖവും ലക്ഷ്യം ദൈവ നിഷേധവുമാണെന്നുള്ളതിന് ചരിത്രം സാക്ഷ്യം. ഭൗതിക വിദ്യാഭ്യാസം മതത്തിന് എതിരാണെന്ന് പൂര്‍ണ്ണമായും പറയാനാവില്ലെങ്കിലും ഭാഗികമായ പാര്‍ശ്വ ഫലങ്ങളെ കാണാതിരിന്നു കൂടാ. ഒരേ ഭക്ഷണം കഴിച്ചാലും ചിലര്‍ക്ക് ദഹനക്കേട് വരാറില്ലേ. അപ്പോള്‍ വിദ്യാഭ്യാസത്തിലല്ല കുഴപ്പം, മറിച്ച് അത് സ്വീകരിക്കുന്നവന്റെ മനോഭാവമനുസരിച്ചാണ് നന്മയും തിന്മയും രൂപപ്പെടുന്നത്.

സമന്വയ വിദ്യാഭ്യാസം
മുസ്‌ലിമിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള മാധ്യമയായിട്ടാണ് സമന്വയ വിദ്യാഭ്യാസത്തെ പലുരും കാണുന്നത്. രണ്ടു ധ്രുവങ്ങളിലായി സഞ്ചരിക്കുന്ന വിദ്യാഭ്യാസ മേഖലകളെ ഒരു കുടക്കീഴില്‍ നിര്‍ത്തി വിശാലമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണിതിന്റെ ലക്ഷ്യം. ദയൂബന്ധില്‍ തുടങ്ങിയ മത-ഭൗതിക സമന്വയ വിദ്യാഭ്യാസം, ഇന്ന് ദാറുല്‍ ഹുദായിലൂടെയും വാഫി സിലബസുകളിലൂടെയും സമൂഹത്തിന് വെളിച്ചം വീശുന്ന പ്രകാശ ഗോപുരങ്ങളായി പ്രോജ്വലിച്ചു നില്‍ക്കുന്നു.
മനുഷ്യ രാശിക്കാകമാനം നേര്‍വഴി തെളിച്ച് പരലോകം ലക്ഷ്യം പ്രാപിക്കാന്‍ സര്‍വ്വശക്തന്‍ കനിഞ്ഞേകിയ സമഗ്ര ജീവിത പദ്ധതിയുലൂടെയുള്ള നിയമ സംഹിതയാണ് ഇസ്‌ലാം. ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യ ജീവിതത്തിന്റെ നാനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. മത വിദ്യാഭ്യാസം എന്നത് ഇവയെയെല്ലാം മനസ്സിലാക്കി ജീവിതത്തില്‍ പ്രയോഗവത്കരിച്ച് സര്‍വ്വ ശക്തനായ ദൈവ മാര്‍ഗത്തില്‍ ചിലവഴിക്കുക എന്നതുമാണ്. ഇവിടെ മത-ഭൗതിക സമന്വയമെന്ന വാദം നിരര്‍ത്ഥകമാണ്. മതത്തെ സൃഷ്ടിച്ചത് തന്നെ ഭൗതികമായ ലക്ഷ്യ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ്. ഭൗതികതയെ മാറ്റിനിര്‍ത്തി മതത്തെ ഉള്‍ക്കൊള്ളാനാവില്ല എന്ന് വെക്കുമ്പോള്‍ മത-ഭൗതിക വിവേചനം അസ്ഥാനത്താണ്. ഇങ്ങനെയൊരു വേര്‍തിരിവ് മുസ്‌ലിം ചരിത്രത്തില്‍ എവിടെയും കാണാനുമാവില്ല. നേരത്തെ വിവരിച്ചത് പോലെ മത-ഭൗതിക വേര്‍തിരിവ് നടക്കുന്നത് ക്രൈസ്തവന്റെ വൈരുദ്ധാത്മക ശാസ്ത്ര വാദത്തിലൂടെ ഉടലെടുത്ത ക്രിസ്തീയ ശാസ്ത്ര സംഘട്ടനം മൂലമാണ്.
കാലാനുസൃതമായി മാറിവരുന്ന പരിസരത്തോട് സംവദിച്ച് ജീര്‍ണതക്കുള്ള ഉത്തരം കണ്ടെത്തലാണ് ഇന്ന് സമന്വയ വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ലോകം പുരോഗമിച്ചതോടെ ശാസ്ത്ര വളര്‍ച്ചയും വാണിജ്യ വല്‍കരണവും വ്യാപിക്കപ്പെടുമ്പോള്‍ അവരോട് സംവദിക്കാനും കാലാനുസൃതമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ദര്‍സ്-മദ്‌റസ വിദ്യാഭ്യാസം പര്യപ്തമല്ല എന്ന ചിന്തയില്‍ നിന്നാണ് ദാറുല്‍ ഹുദാ മോഡല്‍ ജനിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി ദീനി പ്രബോധന രംഗത്ത് പുതിയ മാറ്റത്തിന് തിരി കൊടുക്കാന്‍ ഇത്തരം വിദ്യാഭ്യാസം അത്യാവശ്യമാണ്. ദാറുല്‍ ഹുദാ ഇന്നൊരു യൂണിവേഴ്‌സിറ്റിയായി മാറിയത് ജനം ഇത് സ്വീകരിച്ചതിന്റെ വ്യക്തമായ തെളിവാണ്.
ഭൗതികതയുടെ അതിപ്രസരണത്തില്‍ ആടിയുലയാതെ വിശ്വാസാചാരങ്ങളെ നിലനിര്‍ത്താനും ഭാവിയിലെ വെല്ലുവിളികളെ നേരിടാനും ഇത്തരം പഠന സംവിധാനങ്ങള്‍ സഹായകമാണ്. പാശ്ചാത്യന്റെ മസ്തിഷ്‌ക പ്രക്ഷാളനം ബാധിച്ച യുവ സമൂഹത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ തന്നെ മാറുമ്പോള്‍ മതവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ഈ സമന്വയ വിദ്യാഭ്യാസ രീതികള്‍ക്ക് സാധിക്കും. വിദ്യാഭ്യാസമെന്നത് അഭിമാന പ്രശ്‌നമായി കണക്കാക്കുന്ന പൊതു തലമുറ ഭൗതിക വിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തിയുള്ള പരീക്ഷണത്തിന് തയ്യാറാവാത്ത മനസ്ഥിതി വന്നപ്പോള്‍ കാലോചിതമായ രീതിയില്‍ മുസ്‌ലിം പൈതൃകപ്പെരുമ വീണ്ടെടുക്കാനുള്ള ഒരു മാധ്യമമായിട്ടു വേണം നാമിതിനെ കണക്കാക്കാന്‍.

വിദ്യാഭ്യാസം ഇന്ത്യയില്‍
ഇന്ത്യയെ സംബന്ധിച്ചെടുത്തോളം വിദ്യാഭ്യാസം എന്നത് പാരമ്പര്യ സ്വത്താണ്. പ്രാചീന കാലം മുതല്‍ക്ക് തന്നെ ഗുരുകല വിദ്യാഭ്യാസവും ഓത്തു പള്ളികളുമായിരുന്നു ഇവിടെ നില നിന്നിരുന്നത്. മൈലുകള്‍ താണ്ടി വേദങ്ങളും പ്രാചീന ഗ്രന്ഥങ്ങളും പഠിക്കുക പതിവായിരുന്നു. വൈദേശികാധിപത്യമാണ് വിദ്യാഭ്യാസ പരിഷ്‌കരണത്തിന് വഴിവെച്ചത്. 1497 ല്‍ വഴി തെറ്റി ഇന്ത്യയിലെത്തിയ വാസ്‌കോഡ ഗാമയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് ക്രൈസ്തവ മിഷിനറി സംഘമാണ് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സംവിധാനം ആദ്യമായി കൊണ്ടുവരുന്നത്.
എന്നാല്‍ ഈ വൈദേശികാധിപത്യത്തിന് മുമ്പ് തന്നെ കേരളത്തില്‍ മഖ്ദൂമുമാരുടെ നേതൃത്വത്തില്‍ ദര്‍സ് സംവിധാനം നിലവിലുണ്ടായിരുന്നു. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത് സ്‌കൂള്‍ വിദ്യാഭ്യാസത്തെയായിരുന്നു. ക്രിസ്തീയ പ്രബോധന പ്രവര്‍ത്തനത്തെ ചെറുത്ത് നിന്നത് ദര്‍സ് വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു. പോര്‍ച്ചുഗീസുകര്‍ തലശ്ശേരിയില്‍ നിര്‍മിച്ച ക്രിസ്ത്യന്‍ കോളേജാണ് ഇപ്പോള്‍ ബ്രണ്ണന്‍ കോളേജായി മാറിയത്. കേരളത്തിലെ ആദ്യത്തെ സമഗ്ര ചരിത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദിന്റെ രചന തന്നെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സമൂഹത്തെ ജിഹാദിന് പ്രേരിപ്പിക്കാനായിരുന്നു. മഖ്ദൂം ദര്‍സില്‍ ചുറ്റുവിളക്കിന് ചുറ്റുമിരുന്ന് വിദ്യ അഭ്യസിച്ച് മുസ്‌ലിയാര്‍ പട്ടം നേടിയവരായിരുന്നു പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള വിശുദ്ധ യുദ്ധത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഉമര്‍ ഖാസിയും സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും അബ്ദുര്‍റഹ്മാന്‍ സാഹിബുമൊക്കെ ഈ നിലയില്‍ പ്രശസ്തരായവരാണ്.
പോര്‍ച്ചുഗീസ് ആധിപത്യത്തിന് ശേഷം വന്ന വിദേശ ശക്തികള്‍ അവരുടെ തുടര്‍ച്ചയെന്നോണം ഈ വിദ്യാഭ്യാസ പ്രക്രിയ തുടര്‍ന്നു. ക്രിസ്ത്യന്‍ മിഷണറീസ് സ്‌കൂളുകള്‍ സ്ഥാപിച്ച് മത പ്രബോധനമായിരുന്നു ആദ്യ ലക്ഷ്യം. യൂറോപ്പിലുണ്ടായ മത-ശാസ്ത്ര സംഘട്ടനം മൂലമുണ്ടായ ആശങ്കയാണ് അവരുടെ കോളനികളിലേക്ക് മിഷിണറി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കാരണമായത്. മതത്തില്‍ വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താനായി ശാസ്ത്രത്തെ പൂര്‍ണ്ണമായി ഒഴിവാക്കി മതാശയങ്ങള്‍ മാത്രം പ്രചരിക്കുക എന്ന രീതി അവരുടെ കോളനികള്‍ നടപ്പിലാക്കി.
ആധുനിക മോഡല്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടപ്പില്‍ വരുത്തിയത് ഇംഗ്ലീഷ്‌കാരനായിരുന്ന മെക്കാളെ പ്രഭു കൊല്‍ക്കത്തയില്‍ സ്‌കൂള്‍ സ്ഥാപിച്ചു കൊണ്ടായിരുന്നു. ആത്മീയ മണ്ഢലത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ അകറ്റി പാശ്ചാത്യ ശൈലിയിലുള്ള പുത തലമുറയെ വാര്‍ത്തെടുക്കാനുള്ള സമ്പ്രദായത്തിന്റെ തുടക്കമായിരുന്നുവത്. മുസ്‌ലിംകളും ഹൈന്ദവരും 1857 ല്‍ ഒരുമിച്ച് നിന്ന് പോരാടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. എന്താണിവരെ ഈ ആര്‍ജവത്തോടെയും വീരോടെയും പോരാടാന്‍ പ്രേരിപ്പിച്ചത് എന്നതിനെ കുറിച്ച് പഠിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് മതത്തിലുള്ള വേദഗ്രന്ഥങ്ങളായിരുന്നു. ജീവന്‍ മരണ പോരാട്ടത്തിന് പ്രേരിപ്പിക്കുന്നതെന്ന്. ഇങ്ങനെ പോയാല്‍ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകര്‍ ഇന്ത്യക്കാരെ (ഇരു ജാതക്കാരേയും) ആത്മീയ രംഗത്തു നിന്ന് മാറ്റിനിര്‍ത്തി പാശ്ചാത്യ അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന സിലബസ് തയ്യാറാക്കപ്പെട്ടത്. 1947 ല്‍ വൈദേശികാധിപത്യമില്ലാതെയെങ്കിലും അവരുടെ സാമൂഹിക സാംസ്‌കാരികാധിപത്യം ഇന്നും വിട്ടുപോയിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഇംഗ്ലീഷ് സ്‌കൂളുകളുടെ പെരുപ്പവും കാര്യ ശോഷണം നേരിടുന്ന പൈതൃക വിദ്യാഭ്യാസവും.
സ്വാതന്ത്ര്യ സമര കാലത്ത് അവന്റെ അധികാരം എന്ന പോലെ അവരുടെ സകല ഉല്‍പന്നങ്ങളെയും ഇന്ത്യന്‍ ജനം ഒന്നടങ്കം തയ്യാറായി. അവരോടുള്ള വെറുപ്പ് അവരുടെ ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെറുപ്പായി പരിണമിച്ചു. പിന്നീട് ക്രമേണെ ഈ ഭാഷ ബഹിഷ്‌കരണം തങ്ങള്‍ക്ക് വന്‍ തിരച്ചടിയാവുമെന്ന് കണ്ട് കോണ്‍ഗ്രസുകാര്‍ അവരുടെ വിദ്യാഭ്യാസത്തോട് അയഞ്ഞ സമീപനം പുലര്‍ത്തി. പക്ഷെ, ബ്രിട്ടീഷ് വിരോധം മജ്ജയിലും മാംസത്തിലും അലിഞ്ഞു ചേര്‍ന്ന മുസ്‌ലിംകള്‍ ഒരിക്കലും ഈ സമീപനത്തോട് കൂട്ടുനിന്നില്ല. രാജ്യ സ്‌നേഹത്തിന്റെ പേരില്‍ ബ്രിട്ടീഷ് ഭാഷ ഉപയോഗിച്ച മുസ്‌ലിം സമൂഹം പിന്നീട് ഔദ്യോഗിക വിദ്യാഭ്യാസങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട് അധസ്ഥിത വര്‍ഗമായി ജീവിക്കേണ്ടി വന്നു. മറുഭാഗത്ത് അവരുടെ വിദ്യാഭ്യാസം നേടി സിവില്‍ സര്‍വ്വീസുകളിലും ഉന്നത സ്ഥാനങ്ങളും നേടിയ ഈ മതക്കാര്‍ പിന്നീട് ചരിത്രം മറക്കുന്ന ഒരവസ്ഥയാണ് ഉണ്ടായത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അവജ്ഞതയാണ് ഭൗതിക വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമൂഹത്തെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്കിട്ടത്. മുസ്‌ലിംകളുടെ സമര മുറ പിന്നീട് വിനയായി ഭവിച്ചു എന്നത് നാം കാണാതെ പോയ വസ്തുത. ഇന്ത്യയിലെ ഔദ്യോഗിക വിദ്യാഭ്യാസങ്ങളിലെ ഭാഷയെ ഇംഗ്ലീഷ് വല്‍കരിക്കപ്പെട്ടപ്പോള്‍ ഇത്തരം വിദ്യാഭ്യാസങ്ങളില്‍ നിന്ന് മുസ്‌ലിമിന് മാറി നില്‍ക്കേണ്ടി വന്നു.

പ്രതാപ കാലം
നൂറ്റാണ്ടുകളോളം വിദ്യാഭ്യാസ രംഗത്ത് പ്രോജ്വലിച്ചു നിന്ന് ലോകം വിദ്യാഭ്യാസത്തിന്റെ തലസ്ഥാനമായി ലോകം അംഗീകരിച്ചു പോന്നത്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്ന ബഗ്ദാദിനെയും സ്‌പെയിനിലെ കൊര്‍ദോവയുമായിരുന്നു. തികച്ചും കിരാത ജീവിതം നയിച്ചിരുന്ന യൂറോപ്പ്യര്‍ക്ക് വിജ്ഞാനത്തന്റെയും ശാസ്ത്രത്തന്റെയും ബാലപാഠം പഠിപ്പിച്ചത് അറബികളായിരുന്നു. അന്ന് ലോകര്‍ക്ക് ബഗ്ദാദിലും സ്‌പെയിനിലും വിദ്യാഭ്യാസം നേടുക എന്നത് അഭിമാരകരമായിരുന്നു. ലോകത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥകളും ഗവേഷണത്തിനും തുടര്‍ പഠനത്തിനും അക്കാലത്ത് ആശ്രയിച്ചിരുന്നത് ഇത്തരം ഇസ്‌ലാമിക അന്തരീക്ഷമുള്ള കേന്ദ്രങ്ങളില്‍ നിന്നായിരുന്നു.
വിദേശികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വേണ്ട സഹായം അവര്‍ക്ക് ചെയ്തു കൊടുത്തതായി ചരിത്രത്തില്‍ കാണാന്‍ സാധിക്കും. വിദ്യാഭ്യാസ സമ്പന്നതയാല്‍ പ്രബുദ്ധരായിരുന്ന അന്നത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ ആത്മീയ പ്ലാറ്റ് ഫോമില്‍ നിന്നു കൊണ്ട് തന്നെ ഭൗതിക വിദ്യ അഭ്യസിച്ചതിനാലായിരിക്കാം ഒരേ സമയം മത പണ്ഡിതനായും ശാസ്ത്രജ്ഞനുമായി സാസ്‌കാരിക മൂല്യ ശോഷണത്തന് വഴിവെക്കാത്തത്. വിദ്യാഭ്യാസത്തിന്റെ വാക്താക്കളും പ്രയോക്താക്കളുമായ മുസ്‌ലിം സമൂഹം പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റിത്തിനു മുന്നില്‍ സ്വന്തം ആദര്‍ശങ്ങള്‍ പണയം വെച്ചപ്പോള്‍ വിനയായിത് മുസ്‌ലിം സമൂഹത്തിന് തന്നെയായിരുന്നു.
ഇന്ത്യയില്‍ പിന്നോക്കം നിന്നിരുന്ന മുസ്‌ലിം സമൂഹത്തെ ഉയര്‍ത്തിയെഴുന്നേല്‍പിന് നല്‍കിയത് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ആയിരുന്നു. 1875 ല്‍ ഈ പിന്നാക്കാവസ്ഥക്ക് പരിഹാരമെന്നോണം മുഹമ്മദന്‍ ആംഗ്ലോ ഒറിയന്റെല്‍ സ്‌കൂള്‍ സ്ഥാപിക്കുകയും പിന്നീട് അലീഗഡ് യൂണിവേഴ്‌സിറ്റിയായി ഉയരുകയും ചെയ്തു. ആദ്യം അസ്വരസ്വം മുസ്‌ലിം പണ്ഡിതന്മാര്‍ക്കടയില്‍ നിന്ന് പുറത്തു വന്നെങ്കിലും മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് സര്‍ സയ്യിദ് ശക്തമായ ഇടപെട്ടതോടെ ശമിച്ചു. ഇംഗ്ലീഷ് വിരോധം മാറ്റി നിര്‍ത്താന്‍ വേണ്ടി സര്‍സയ്യിദ് അഹ്മദ് ഖാന്‍ ത്യാഗം തന്നെ സഹിക്കേണ്ടി വന്നു എന്നതാണ് വസ്തുത. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രമേ മുസ്‌ലിം സമൂഹത്തിന് സാധിക്കൂ എന്നദ്ദേഹം സമൂഹ സമക്ഷം സമര്‍ദ്ധിച്ചു. അലീഗഡ് മുസ്‌ലിം സമൂഹത്തിനടയില്‍ ശക്തമായ സ്വാധീനം ചെലുത്തന്നതാണ് പിന്നീട് കണ്ടത്. മുസ്‌ലിം സമൂഹത്തിന് ഇന്ന് കാണുന്നത് പോലെ സാമൂഹിക ചലനങ്ങളിലിടപെട്ട് വളരെ മഹത്തായ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കുള്ള ഉത്തമോദാഹരണങ്ങളാണ്. ഇന്ന് ഓരോ മഹല്ല് കേന്ദ്രീകരിച്ചും വ്യത്യസ്തമായ ഭൗതിക സ്‌കൂളുകളും കോളേജുകളും കേരളത്തലൂട നീളം നടന്നു വരുന്നു.

സ്വാതന്ത്ര്യാനന്തരം
വിദ്യാഭ്യാസ ലോകം അടക്കി വാണിരുന്ന മുസ്‌ലിം സമൂഹം ബ്രിട്ടീഷ് അധിനിവേഷത്തിന്റെ പരിണിത ഫലമായി ഒരു സുപ്രഭാതത്തില്‍ ഒന്നിനും കൊള്ളാത്തവരായി മാറി. ഭൗതിക വിദ്യാഭ്യാസത്തിന്റെ കുറവായിരുന്നു നിരക്ഷരരും രാഷ്ട്രീയ വിരോധികളുമായി മുദ്ര കുത്താന്‍ യോറോപ്യര്‍ തയ്യാറായത് ഇക്കാരണം കൊണ്ട് മാത്രമായിരിക്കില്ല. 1857 ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ശക്തമായ ഇടപെടലുകളും മുസ്‌ലിം വിരുദ്ധ സമീപനത്തിന് ആക്കം കൂട്ടി. യൂറോപ്യന്‍ ശൈലിയില്‍ വിദ്യ അഭ്യസിക്കുകയും വളര്‍ന്നു വരികയും ചെയ്യുന്നവരെ മാത്രം പരിഗണിക്കുന്ന അവസ്ഥാ വിശേഷം കൊണ്ടായിരുന്നു ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ട പോലെ വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യം പോലും നശേധിക്കപ്പെട്ടത്.
മേല്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടു തന്നെയാവാം സ്വാതന്ത്ര്യാനന്തരമുണ്ടായ സര്‍വ്വേയില്‍ 18.5 ശതമാനം മാത്രമായിരുന്നു സാക്ഷരതാ നിരക്ക്. പെട്ടെന്നുള്ള ഇംഗ്ലീഷ് വല്‍കരണം ഇവിടുത്തുകാര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല എന്നതാണ് വസ്തുത. വിദ്യാഭ്യാസ പാര്‍ശ്വവല്‍കരണവും സ്വതന്ത്ര്യ നിശേധവും മറ്റൊരു കാരണമാണ്. പ്രധാന മന്ത്രി പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയോടെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തുകയും പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കാനും സാധിച്ചു. ഇതുവഴി ഇന്ത്യയുടെ സകല മൂലകളിലും സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കപ്പെട്ടതോടെ ബ്രിട്ടീഷ് ഭരണത്തിലുണ്ടായിരുന്ന വിദ്യാഭ്യാസ വിവചനം നിര്‍ത്തലാക്കപ്പെട്ടു. ഇത് കുറഞ്ഞൊന്നുമല്ല. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സഹായിച്ചത്. ആഗോള തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന പരിഗണനയും വിദ്യാഭ്യാസ രംഗത്ത് വിദേശ കമ്പനികള്‍ പോലും നല്‍കുന്ന വന്‍ നിക്ഷേപങ്ങളും ഇതിന് തളിവാണ്.
മതേതര സംവിധാനത്തിന്റെ പ്രായോഗികത ഉപയോഗപ്പെടുത്തിക്കൊണ്ട് ജാതി മത ഭോതമന്യെ സകലര്‍ക്കും അവര്‍ക്കിഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാനും ഗവേഷണം നടത്താനും സാധിക്കുന്നുണ്ട്. മത പഠന രംഗത്തും സ്വതന്ത്ര്യമായ മുന്നേറ്റവും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതുണ്ട്. ലോക നിലവാരമുള്ള ഐ.ടി പാര്‍ക്കുകളും എഞ്ചിനീയറിങ് മെഡിക്കല്‍ കോളേജുകളും മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലായി കഴിഞ്ഞിരിക്കുന്നു. ഇതൊരു പുത്തന്‍ സൂര്യോദയത്തിന്റെ ശുഭ സൂചനയാണ്.
വ്യവസായിക കുതിച്ചു ചാട്ടം വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സുഖ സൗകര്യങ്ങളോരുക്കാനും തൊഴിലധിഷ്ടിത സംരഭമായി മാറുകയും ചെയ്തതോടെ ഭൗതിക വിദ്യാഭ്യാസ രംഗത്ത് നമ്മുടെ പുതിയ തലമുറക്ക് ഒരുപാട് കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്. പണത്തിന്റെ അനിയന്ത്രിത കുത്തൊഴുക്ക് വിദ്യാഭ്യാസ രംഗത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പണമുള്ളവന് സീറ്റ് അകത്തും കഴിവുള്ളവന് പുറത്തും നല്‍ക്കേണ്ടി വരുമ്പോള്‍ നല്ല തലുമുറയെ വാര്‍ത്തെടുക്കല്‍ ക്ലശം തന്നെയാണ്. ധാര്‍മ്മികതയുടെ പ്രസക്തയെ ചോദ്യം ചെയ്യുക വഴി കലാലയങ്ങള്‍ കൊലാലയങ്ങളായും വിദ്യ ആഭാസങ്ങളുമായും മാറുന്നു. 1924 ല്‍ രൂപം കൊണ്ട സമസ്തയുടെ മഹല്ല് തോറുമുള്ള ശക്തമായുള്ള ഇടപെടലുകള്‍ മത ബോധ രംഗത്ത് മാത്രമല്ല മറിച്ച് ഭൗതിക തലത്തില്‍ കൂടി സ്വാധീനിക്കുന്നുണ്ട്. രണ്ട് രംഗത്തായാലും നേതൃത്വം കൊടുക്കാന്‍ സമസ്ത എന്നും സജ്ജമാണ്. ഈ പണ്ഡിത തലണയില്‍ ഒറ്റക്കെട്ടായി നീങ്ങിയാല്‍ വിജയം പ്രാപിക്കാന്‍ സാധക്കും. അല്ലാഹു തുണക്കട്ടെ!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on October 31, 2011 by in Annual Issue'2011 and tagged .
%d bloggers like this: