Al Irshad

bi monthly magazine

പലിശ വരുന്ന വഴികള്‍

അബ്ദുല്ല അര്‍ശദി ബി.സി റോഡ്‌

നുഷ്യജീവിതം സൃഷ്ടാവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് മാത്രമേ മുന്നോട്ട് കൊണ്ട് പോകാന്‍പാടുള്ളൂ എന്നും അല്ലാത്ത പക്ഷം ഇരു ലോകത്തും കനത്ത പ്രത്യാഘാതങ്ങളേറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളണമെന്നും പരിശുദ്ധഇസ്ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്. സകല ക്രയവിക്രയങ്ങളും ജീവിത നന്മക്കായി അനുവദനീയമാക്കിയപ്പോള്‍ത്തന്നെ തിന്മയെ പ്രോത്സാഹിക്കുന്ന ചിലതിനോട് ഒരിക്കലും അടുത്തുപോകരുതെന്നും കര്‍ശനമായി നിഷ്‌കര്‍ശിക്കുന്ന ഇസ്‌ലാം ഇക്കാരണം കൊണ്ട് തന്നെയാണ് ചൂഷണത്തിന്റെ മകുടോദാഹരണമായ പലിശ കര്‍ശനബുദ്ധിയോടെ വിലക്കിയത്.
സ്വന്തത്തിന്റെ ചില അത്യാവശ്യങ്ങള്‍ക്കായി കടം വാങ്ങുന്ന ദരിദ്രന്റെ പോക്കറ്റ് പിഴിയുന്ന പലിശയെന്ന ദുഷിച്ച ഏര്‍പാടിനെ ഇസ്ലാം പെടുത്തിയിരിക്കുന്നത് വ്യഭിചാരത്തിന്റെ അതേ സ്റ്റേജിലാണ്. ഖുര്‍ആനില്‍ അല്ലാഹു യുദ്ധം കൊണ്ട് പ്രഖ്യാപിച്ച അപൂര്‍വ്വം ചില സ്ഥലങ്ങളില്‍പ്പെട്ടതാണ് പലിശയെക്കുറിച്ച് പ്രതിപാദിക്കുന്ന സ്ഥലം. അത് കൊണ്ട് തന്നെ സച്ചരിതരായ നമ്മുടെ മുന്‍ഗാമികള്‍ അതില്‍ നിന്ന് പരമാവധി അകലം പാലിക്കാനായി സകലവിധേനയും പരിശ്രമിച്ചിരുന്നു. മഹാനായ അബൂഹനീഫ(റ)ഇമാം തന്നോട് കടം വാങ്ങി ഒരു വ്യക്തിയുടെ മരത്തിന്റെ തണലില്‍ നില്‍ക്കുന്നത് പോലും പലിശയാവുമെന്ന് ഭയന്ന് കൊണ്ട് ഒഴിവാക്കിയിരുന്നു.

പലിശനിരോധനത്തിലെ യുക്തി
ധനസമ്പാധനം തികച്ചും ന്യായമായ വഴിയിലൂടെ മാത്രമെ ഉണ്ടാക്കാന്‍ പാടുള്ളൂ. നൂറു രൂപകൊണ്ട് ഒരാള്‍ കച്ചവടം ചെയ്യുമ്പോള്‍ തന്റെ അധ്വാനവും ബുദ്ധിയും വിജ്ഞാനവുമുപയോഗിച്ച് ലാഭനഷ്ട സാധ്യതയുള്ളൊരു വ്യവഹാരത്തിലൂടെ സമ്പാധിക്കുന്ന ലാഭം അനുവദനീയമാണെന്നതില്‍ രണ്ടുപക്ഷമില്ല,എന്നാല്‍ യാതൊരു അധ്വാനവുമില്ലാതെ അല്‍പം സമ്പത്ത് കയ്യിലുള്ളത് കൊണ്ട് മാത്രം ലാഭം ഉറപ്പിച്ച് കൊണ്ട് ആയിരം രൂപ കടംകൊടുത്ത് ആയിരത്തിനൂര്‍ തിരിച്ചുവാങ്ങുന്നത് അന്യായം തന്നെയാണ്.
സമൂഹത്തില്‍ സഹകരണമനോഭാവം നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സന്തുഷ്ടവും സുഭദ്രവുമായൊരു സമൂഹനിര്‍മിതിക്ക് സഹകരണമനോഭാവം അത്യന്താപേക്ഷിതമാണ്. പരസ്പരാശ്രിതമായ സമൂഹത്തിന്റെ സഹകരണമനോഭാവത്തെ തകര്‍ത്തുകൊണ്ട് തല്‍സ്ഥാനത്ത് ചൂഷണ മനസ്ഥിതിയെ പകരം വെക്കുന്ന പലിശസംവിധാനം ആത്യന്തികമായി നശിപ്പിക്കുന്നത് സഹകരണമെന്ന വലിയൊരു സാമൂഹികനന്മയെയും അതുവഴി സാഹോദര്യത്തെയുമാണ്.
”കടം കൊടുത്ത് സഹായിക്കുക” എന്ന പൊതുവായൊരു സഹായസഹകരണ പ്രക്രിയയെ കടം കൊടുത്ത് പലിശവാങ്ങുക എന്ന ചൂഷണാത്മ സാഹചര്യത്തിലേക്ക് വലിച്ചിഴക്കുന്നത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ഇവിടെ സഹായമല്ല മറിച്ച് സഹായിച്ച് കൊല്ലുകയാണ്. പലിശ വ്യാപകമായൊരു സമൂഹത്തിന്റെ അനന്തരഫലം തികഞ്ഞ സ്വാര്‍ത്ഥതയും ചൂഷണാത്മകവുമായിരിക്കുമെന്നത് ഇതിലൂടെ വ്യക്തമാണ്.
നിരോധനത്തിന് വേറൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പലിശ സൃഷ്ടിക്കുന്ന സാമ്പത്തിക തകര്‍ച്ചയാണ്. കഴിഞ്ഞസാമ്പത്തിക പ്രതിസന്ധിയിലൂടെ പലിശവല്‍കൃത ലോകത്തിന്റെ തകര്‍ച്ച നാം ദര്‍ശിച്ചതുമാണ്.
വേറൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായി നിലവില്‍ വന്ന കച്ചവടം പോലെയുള്ള മാര്‍ഗങ്ങള്‍ ദുര്‍ബലമാവുകയും സ്തംഭിക്കുകയും ചെയ്യുമെന്നാണ്. മെയ്യനങ്ങാതെ പണം കയ്യിലുള്ളത് കൊണ്ട് മാത്രം കടം കൊടുക്കുന്നവര്‍ പണക്കാരാവുന്ന അവസ്ഥ സമൂഹത്തില്‍ നിഷ്‌ക്രിയത്വവും ഉദാസീനതയും സൃഷ്ടിക്കും. മറ്റുള്ളവര്‍ അധ്വനിച്ചു നേടിയ സമ്പത്ത് ഇക്കൂട്ടര്‍ കൈക്കലാക്കുക കൂടി ചെയ്യുമ്പോള്‍ സാമ്പത്തിക സന്തുലിതത്വം തകരുന്നു. ന്യൂനപക്ഷം വരുന്ന പണക്കാര്‍ സമ്പന്നരായിക്കൊണ്ടിരിക്കുകയും പാവങ്ങള്‍ പാപ്പരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഭീകരമായ അവസ്ഥ സംജാതമാവാനിത് കാരണമാകും.
പലിശ അപകടമാം വിധം വ്യാപകമായ ഈ ലോകത്തിന്റെ സമകാലിക സ്ഥിതി നോക്കിയാലത് മനസ്സിലാവുന്നതാണ്. ചുരുക്കം ചില ധനികരുടെ കയ്യില്‍ സമ്പത്ത് കുന്ന്കൂടുമ്പോള്‍ ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ മനുഷ്യജന്മങ്ങള്‍ പട്ടിണിയാല്‍ ചത്തൊടുങ്ങുന്ന കാഴ്ച നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.

പലിശവരുന്ന രൂപങ്ങള്‍
പ്രവാചകന്‍ (സ)വന്‍കുറ്റങ്ങളിലൊന്നാണെന്ന് പഠിപ്പിച്ച പലിശയുടെ അംശം തങ്ങളുടെ സമ്പത്തില്‍ കലരാതെ നോക്കേണ്ടത് നാമോരുത്തരുടെയും ബാധ്യതയാണ്. എപ്രകാരമാണ് പലിശ സമ്പത്തില്‍ വന്നുചേരുന്നതെന്ന് നാം അറിയുക തന്നെ വേണം. ചിലര്‍ ധരിച്ചത് പോലെ കടംവാങ്ങുന്ന സമയത്ത് മാത്രമല്ല പലിശസംഭവിക്കുന്നതെന്ന് മനസ്സിലാക്കുക.
പഴയകാലങ്ങളില്‍ ഒരുസാധനത്തിന് പകരമായി മറ്റൊരുസാധനം വാങ്ങുന്ന ഏര്‍പ്പാട് നിലവിലുണ്ടായിരുന്നു. പകരത്തിന് പകരമുള്ള ഈ സാധനകൈമാറ്റത്തില്‍ ചിലനിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ പലിശ സംഭവിക്കുമെന്ന് പ്രവാചകര്‍ പറഞ്ഞിട്ടുണ്ട്. ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഇസ്‌ലാം അനുവദിച്ചുള്ളൂ. ”സ്വര്‍ണ്ണത്തിന് പകരം സ്വര്‍ണം, വെള്ളിക്ക് പകരം വെള്ളി ഗോതമ്പിന് പകരം ഗോതമ്പ് ബാര്‍ലിക്ക് പകരം ബാര്‍ലി ഈത്തപ്പഴത്തിന് പകരം ഈത്തപ്പഴം ഉപ്പിന് പകരം ഉപ്പ് ഇവയെല്ലാം തുല്യമായും റൊക്കമായും കൈമാറുക. ഇവയില്‍ ഇനങ്ങള്‍ പരസ്പം വ്യത്യാസമായാല്‍ (റൊക്കമായി കൈമാറ്റം ചെയ്യപ്പെടുകയാണെങ്കില്‍) നിങ്ങളുദ്ദേശിക്കുന്ന പ്രകാരം വില്‍ക്കാം (മുസ്‌ലിം). മേല്‍പറഞ്ഞ സാധനങ്ങളില്‍ ഓരേ ഇനത്തില്‍ പെട്ടവ പരസ്പരം കച്ചവടം ചെയ്യുമ്പോള്‍ നബി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഇങ്ങനെ ചുരുക്കി വായിക്കാം.
കൊടുക്കുന്നതും വാങ്ങുന്നതും തുല്യ അളവിലാവേണ്ടതാണ്. അല്ലാത്ത പക്ഷം ഏതെങ്കിലുമൊന്ന് അളവില്‍ കൂടിയാല്‍ അവിടെ രിബല്‍ ഫള്ല്‍ സംഭവിക്കുന്നതാണ്.
രണ്ടാമതായി, ഇടപാടുകാര്‍ പിരിയുന്നതിന് മുമ്പ് സാധനകൈമാറ്റം നടന്നിരിക്കണം. സാധനം കൈമാറുന്നതിന് മുമ്പ് ഇടപാടുകാരിലൊരാള്‍ പിരിഞ്ഞുപോയാല്‍ രിബല്‍ യദ് സംഭവിക്കുന്നതാണ്. ഇടപാട് റൊക്കമായിരിക്കണം. കൊടുക്കല്‍ വാങ്ങലുകളില്‍ ഒന്ന് റൊക്കവും ഒന്ന് കടവുമായാല്‍ രിബന്നസാഅ് സംഭവിക്കുന്നതാണ്.
ഈപറയപ്പെട്ടവ ബാധകമാവുന്നത് ഹദീസില്‍ പറഞ്ഞ സാധനങ്ങളില്‍ പെട്ട ഒരേ ഇനത്തിലുള്ളവ പരസ്പരം കച്ചവടം ചെയ്യുമ്പോഴാണ്. ഉദാ(സ്വര്‍ണത്തിന് സ്വര്‍ണം ഉപ്പിന് ഉപ്പ്)
ഇക്കാലത്ത് സര്‍വസാധാരണമായി നടന്നുവരുന്ന ആഭരണ കൈമാറ്റ ഇടപാട് ഇതിന്റെ പരിധിയില്‍ വരുന്നതാണ്. പഴയ സ്വര്‍ണാഭരണത്തിന് പകരം പുതിയത് വാങ്ങുമ്പോഴാണ് ഇത് ശ്രദ്ധിക്കേണ്ടത്. സാധാരണയായി അതില്‍ നിന്നും മുക്തിനേടാനുള്ള മാര്‍ഗംഇങ്ങനെയാണ. പഴയസ്വര്‍ണം ജ്വല്ലറിക്ക് വില്‍പനചെയ്യുക ആ വിലകൊണ്ട് പുതിയ ആഭരണം വാങ്ങുകയും ചെയ്യുക. ഇതാണ് മാര്‍ഗം.
എന്നാല്‍, ആധുനിക ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ഇനമാണ് കടപ്പലിശ. കടം കൊടുത്തവന്‍ അത് വാങ്ങിയവനില്‍ നിന്നും ഈടാക്കുന്ന പണമടക്കമുള്ള എല്ലാ സൗജന്യങ്ങളും കടപ്പലിശയുടെ പരിതിയില്‍ വരുന്നതാണ്. ഇന്ന് ആധുനിക ബാങ്കുകളിലും പരക്കെ വ്യാപകമായിട്ടുള്ള ഈ രീതിയെ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടുള്ളതുമാണ്.
എന്നിരുന്നാലും, നിര്‍ബന്ധിതാവസ്ഥയില്‍ കടം കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തത് പോലുള്ള അവസ്ഥ സംജാതമായാല്‍ ഇത്തരം ഇടപാടുകള്‍ നടത്താമെന്ന് ഉലമാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള ദുരിതങ്ങള്‍ക്ക് കാരണം പലിശ പോലുള്ള മനുഷ്യന്റെ അതിക്രമങ്ങളാണെന്ന പ്രവാചക വചനം ഇതിന്റെ ഭീകരതയിലേക്ക് കൈ ചൂണ്ടുന്നുണ്ട്. അത് കൊണ്ട് തന്നെ ഇസ്‌ലാമിക് ബാങ്ക് പോലുള്ള പലിശ രഹിത ബദല്‍ മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്തു കൊണ്ടും നമുക്ക് അനിവാര്യമാണ്.

One comment on “പലിശ വരുന്ന വഴികള്‍

  1. kunju Muhammed. A. K
    March 12, 2017

    എന്നിരുന്നാലും, നിര്‍ബന്ധിതാവസ്ഥയില്‍ കടം കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തത് പോലുള്ള അവസ്ഥ സംജാതമായാല്‍ ഇത്തരം ഇടപാടുകള്‍ നടത്താമെന്ന് ഉലമാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്…..
    ഈ പ്രസ്താവനയുടെ അടിസ്ഥാനം ഒന്ന് വിശദമാക്കിയാൽ ഉപകാരമായിരുന്നു.?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 31, 2011 by in Annual Issue'2011 and tagged .
%d bloggers like this: