Al Irshad

bi monthly magazine

ചെമ്പരിക്ക കാസര്‍കോട്ടെ പാണക്കാടായിരുന്നു

മന്‍സൂര്‍ കളനാട്‌

ഹീദേ മില്ലത്ത് ശൈഖുനാ ഖാസി സി എം അബ്ദുല്ല മൗലവി കൊണ്ടുവന്ന നവജാഗരണങ്ങളും നവോത്ഥാന പ്രവര്‍ത്തനങ്ങളും നവോല്‍ക്കര്‍ഷ പ്രക്രിയകളും ചരിത്രത്തിലെ ശ്രദ്ധേയ മുദ്രണങ്ങളാവുക തന്നെ ചെയ്യും. അതുല്യമായ ആ വ്യക്തിത്വത്തിലേക്ക് പ്രൗഢമായ പാണ്ഡിത്യവും ചേര്‍ന്നപ്പോഴാണ് വടക്കന്‍ മലബാര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സാംസ്‌കാരിക നവോത്ഥാനം സാധ്യമായത്. ആപണ്ഡിത സൗന്ദര്യത്തില്‍ നിന്നുയിര്‍ കൊണ്ട വാക്കുകളും ലിഖിതങ്ങളുമാണ് ഒരു സമുദായത്തെ നയിക്കുന്നത്. മഹിതമായ കുടുംബ പാരമ്പര്യവും ആ അതുല്യതയുടെ മാറ്റു കൂട്ടുകയാണ്.
പോക്കര്‍ഷ (പോക്കൂഷാ) മുതല്‍ ഈ മഹാപണ്ഡിത ഇതിഹാസം വരെയുളള കണ്ണികള്‍ നാടിനും നാട്ടാര്‍ക്കും ആത്മ ബലവും ആത്മീയ വലയവും നല്‍കിയെന്നതില്‍ സന്ദേഹിക്കാനില്ല. അവരുടെ പൂര്‍വ്വ സൂരികള്‍ സ്വഹാബത്തേളം എത്തി നില്‍ക്കുന്ന മഹത് നിരയാണെന്നത് ചരിത്രത്തിന്റെ രേഖകളാണുതാനും.


ദിവ്യസ്വപ്നപ്രകാരം പോക്കൂഷാ നദിയോര നാഗരിക പ്രദേശമായ ചെമ്മനാട് വിട്ട് അറബിക്കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചെമ്പിരിക്കയില്‍ പോയതും പള്ളിക്കടുത്ത് താമസിച്ചതും ചരിത്രനിയോഗങ്ങളാണ്. സൂഫീവര്യരായ പോക്കൂഷായുടെ മകന്‍ അബ്ദുല്ലാഹില്‍ ജംഹരിയാണ് പിന്നീട് അരങ്ങിലെത്തിയതും ധാര്‍മികാന്തരീക്ഷം കൂടുതല്‍ സജീവമാക്കിയതും. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ എന്നവരാണ് നാടുണര്‍ത്തിയ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. ഖാസിയും മുദരിസുമായിരുന്ന അദ്ദേഹം മന്ത്രിച്ചൂതിയ വെള്ളത്തിനും നൂലിനും കാത്തു നില്‍ക്കുന്ന നീണ്ടനിര തന്നെയുണ്ടായിരുന്നു. മതജാതി ഭേദമന്യേ എല്ലാവരും ആ മഹാനെ കാണുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അത്യാഹിതങ്ങള്‍ക്കും ശാരീരിക പ്രയാസങ്ങള്‍ക്കും മാനസിക അസ്വസ്ഥതകള്‍ക്കും അവിടത്തെ ഔഷധം പൂര്‍ണ്ണ ശമനമായിരുന്നു. പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ പ്രതീതിയാണ് അന്നൊക്കെ ചെമ്പിരിക്കയിലെ ആ തറവാട്ടില്‍ ധ്വനിച്ചിരുന്നത്. അവരാണ് ‘ചെമ്പിരിക്ക വലിയ ഖാളിയാര്‍ച്ച’യായി അറിയപ്പെടുന്നത്. ഈയൊരു സാമൂഹികാന്തരീക്ഷത്തിലാണ് അവര്‍ക്ക് അബ്ദുല്ല എന്ന പൊന്നോമന ജനിക്കുന്നത്. അതായത് നമ്മുടെ സ്മരണീയ പുരുഷന്‍ ശൈഖുനാ സി.എം അബ്ദുല്ലാ മൗലവി ചെമ്പിരിക്ക. അവരിലൂടെയാണ് വടക്കേ മലബാറിന്റെയും ദക്ഷിണ കര്‍ണാടകത്തിന്റെയും മത-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ നവോത്ഥാനം പൂര്‍ണ്ണമാവുന്നത്.
വ്യക്തിവിശേഷങ്ങളുടെ ബഹുമുഖപ്രതിഭയായി സമൂഹത്തില്‍ വിരാജയിച്ച മഹാനവര്‍കളാണ് പിന്നീട് ‘ചെമ്പിരിക്ക ഖാളിയാര്‍ച്ച’യായി അറിയപ്പെട്ടത്. വിദ്യയുടെ എല്ലാമായിരുന്നു ശൈഖുനാ: വിദ്യാര്‍ത്ഥിയും അധ്യാപകനും വിദ്യാസംഘാടകനും സ്ഥാപനമേധാവിയും. എല്ലാം ധര്‍മ്മത്തിലധിഷ്ഠിതമായിക്കൊണ്ട് ആധുനികത പുണരേണ്ട സാഹചര്യത്തിലും പരമ്പരാഗത ശൈലി കൈവിടാതെ ഒരു മഹാ വൃന്ദത്തെ നയിച്ച പരിഷ്‌ക്കര്‍ത്താവ് കൂടിയായിരുന്നു. ആ സൗമ്യതയും ലാളിത്യവും സ്വര്‍ഗത്തിലേക്ക് നയിക്കുന്നതായിരുന്നു. ആ തേജസ്സും ഗാംഭീര്യവും ചക്രവാളങ്ങളെയും ഋജുക്കളെയും ഭേദിക്കുന്നതായിരുന്നു. സ്വന്തം സ്ഥാപനം അനധികൃതര്‍ കൈക്കലാക്കിയപ്പോള്‍ മഹാനവര്‍കള്‍ കാട്ടിയ നിശ്ചയദാര്‍ഢ്യവും സഹിഷ്ണുതയും ആരെയും ഞെട്ടിക്കുന്നതായിരുന്നു. തീര്‍ത്തും പണ്ഡിതോചിതമായിരുന്നു ആ ജീവിതവും ദര്‍ശനവും.
പ്രവാചകാനുരാഗത്തില്‍ ധര്‍മ്മപാഠങ്ങള്‍ക്ക് ജീവിതം ഒഴിഞ്ഞുവെച്ച ആ മഹാപണ്ഡിത തേജസ്സ് നബിചര്യയില്‍ നന്മയുടെ സംസ്ഥാപനം സാധ്യമാക്കി. അവസാന കാലങ്ങളില്‍ രോഗ ശയ്യയില്‍ കിടിക്കുമ്പോള്‍ പ്രവാചകാപദാനങ്ങളുടെ ‘ഖസ്വീദത്തുല്‍ ബുര്‍ദ്ദ’ ഈരടികളുടെ ഗദ്യപരിഭാഷ തയ്യാറാക്കി ശൈഖുനാ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.ബൂസ്വൂരി ഇമാമിന്റെ വാതരോഗം ശമനം പ്രാപിച്ചപ്പോള്‍ ശൈഖുനായുടെ കരള്‍ സംബന്ധിയായ രോഗം പൂര്‍ണമായും സുഖപ്പെടുകയാണുണ്ടായത്. പ്രവാചക കുടുംബത്തോടും അതിരറ്റ ബഹുമാനവും സ്‌നേഹവും കാട്ടിയിരിന്നു. ഏത് സയ്യിദിനെയും (തന്നെക്കാള്‍ ചെറുതാണെങ്കിലും) അനുയോജ്യ രീതിയിലാണ് ആ കരസ്പര്‍ശ സ്പന്ദനങ്ങള്‍ എതിരേറ്റിരുന്നത്. പാണക്കാട്ടെ സാദാത്തീങ്ങളോട് പ്രത്യേക സ്‌നേഹാദരവുകളാണ് മഹാനവര്‍കള്‍ക്കുണ്ടായിരുന്നത്. തന്റെ സ്ഥാപനത്തിന്റെ ഏതൊരു തുടക്കത്തിനും പാണക്കാട്ടെ കരസ്പര്‍ശം വേണമെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന ശൈഖുനാ സി.എം ഉസ്താദ് എം ഐ സി സമ്മേളനത്തിന് തങ്ങന്മാരെ ക്ഷണിക്കാന്‍ പാണക്കാട്ടേക്ക് പോകുമായിരുന്നു. ആദ്യം മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ട് സമ്മേളന പരിപാടികള്‍ വിശദികരിക്കും. ക്ഷണിക്കും. നിര്‍ബന്ധിക്കില്ല. പ്രയാസമുണ്ടെങ്കില്‍ പാണക്കാട്ടില്‍ നിന്ന് ആരെയെങ്കിലും അയച്ചാല്‍ മതിയെന്ന് പറയും. ശേഷം മറ്റു തങ്ങന്മാരുടെ വീട്ടില്‍ പോയി ക്ഷണിക്കും. ശൈഖുനായുടെ വേദികളിലും സ്ഥാപന പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്ന പാണക്കാട് തങ്ങന്മാര്‍ക്ക് മഹാനവര്‍കളോട് പ്രത്യേക മതിപ്പാണുണ്ടായിരുന്നത്.
അനേകം വിഷയങ്ങളില്‍, വിവിധ ഭാഷകളില്‍, വ്യത്യസ്ത കലകളില്‍ ഗ്രന്ഥരചന നടത്തിയ സി എം ഉസ്താദിന്റെ ഗദ്യ പദ്യ രചനകളിലുള്ള സാഹിതീയ വിലയിരുത്തലുകള്‍ കാര്യമായി നടന്നിട്ടില്ലയെന്നത് ദുഃഖസത്യമാണ്. മാലയും മൗലീദും രചിച്ച മഹാനവര്‍കള്‍ ഗോളശാസ്ത്രത്തിലും ചരിത്രത്തിലും ഇസ്ലാമിക പഠനത്തിലും നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയമാണെന്നത് സുവ്യക്തമാണല്ലോ. എന്നാല്‍ 1980 കളില്‍ ഒരു ഇസ്ലാമിക സാംസ്‌കാരിക മാസിക ഉത്തര മലബാറില്‍ പുറത്തിറങ്ങിയിരുന്നതായി നമുക്കറിയുമോ? അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്ത കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുക്യത്തില്‍ ‘അദ്ദഅ്‌വ’എന്ന മാസിക പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. സി എം ഉസ്താദ് തന്നെയായിരുന്നു അതിന്റെ ഉടമയും എഡിറ്ററും പബ്ലിഷറും പ്രധാന ലേഖകനുമെല്ലാം. സ്വന്തം സ്ഥാപനമായ സഅദിയ്യയായിരുന്നു കേന്ദ്രം. കേരള ഇസ്ലാമിക സാഹിത്യത്തിന്റെ ആദ്യപതിപ്പുകളില്‍പ്പെട്ട ഈ മാഗസിനെപ്പറ്റിയുള്ള വിവരണം ഈയിടെ പുറത്തിറങ്ങിയ ചരിത്ര ഗ്രന്ഥത്തില്‍ പോലും ലിഖിതമാവാത്തത് നാമത് അറിയാതെ പോയത് കൊണ്ടാണ്. ഇസ്ലാമിക വിജ്ഞാന കോശങ്ങളില്‍ ‘അദ്ദഅ്‌വ’യുടെ ചെറിയ വിവരണം കാണാം. പത്രാധിപരെക്കുറിച്ച് പറയുന്നില്ല. ഇനിയും കുറേകാര്യങ്ങള്‍ സി എം ഉസ്താദിനെക്കുറിച്ചറിയാനുണ്ട്. അടുത്തറിയും തോറും അത്ഭുതലോകത്തേക്കാനയിക്കുന്ന അനുഭൂതി. ഈ രംഗത്ത് നമ്മളില്‍ നിന്ന് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാവല്‍ അനിവാര്യമായിരിക്കുകയാണ്.
ആ വിയോഗം(ശഹാദത്ത്)പോലും പ്രവാചകാനുരാഗത്തിന്റെ താളാത്മകത വിളിച്ചോതിയിരുന്നു. സ്വഫര്‍ 30ന് ശഹീദായപ്പോള്‍ റബീഉല്‍ അവ്വല്‍ ഒന്നിന്റെ പൊതു ജനവായന ഇമാം ബുസ്വൂരി രചിച്ച പ്രവാചകാപദാനങ്ങളുടെ കാവ്യഭംഗിയായ ഖസീദത്തുല്‍ ബുര്‍ദ്ദയെക്കുറിച്ചായിരുന്നു. ബുര്‍ദ്ദക്ക് ശൈഖുനാ എഴുതിയ ഗദ്യ പരിഭാഷയുടെ എഴുത്തുകളില്‍ ചിലത് എടുത്തുമാറ്റി ചില ദുഷിച്ച ജന്മങ്ങള്‍ (ആ ദുഷിച്ച ജന്‍മങ്ങള്‍ക്ക് കാലം മാപ്പു നല്‍കില്ല) മരണക്കുറിപ്പായി ചിത്രീകരിക്കുകയായിരുന്നു. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് ബുര്‍ദ്ദയെക്കുറിച്ചറിയാനും പാരായണം ചെയ്യാനും സാധിച്ചു.
ആ വഴിത്താരകള്‍ എല്ലാനിലക്കും ധന്യമായിരുന്നെന്ന് ചുരുക്കം. ഒടുവില്‍ ആ പുണ്യമേനി തടവി തലോടിയ അറബിക്കടല്‍ പോലും ആ നിശ്ശബ്ദതയുടെ വാചാലതക്ക് മുമ്പില്‍ ശാന്തമാവുകയാണ് ചെയ്തത്. ഇനി ഓര്‍മകളിലാണ് ആ സ്വാന്തന-ശാന്തിതീരം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 31, 2011 by in Annual Issue'2011 and tagged .
%d bloggers like this: