ഖുര്‍ആനും ശാസ്ത്ര വിസ്മയങ്ങളും

സാബിത് ചേരൂര്‍

 

നുഷ്യനെ സൃഷ്ടിച്ച് അവന്നാവശ്യമായ വെള്ളവും, വായുവും, മാതൃസ്‌നേഹവും, സംവിധാനിച്ച അള്ളാഹു, മനുഷ്യന്‍ ഈ ലോകത്ത് ജീവിതമാരംഭിച്ചത് മുതല്‍ അവന്ന് വേണ്ട മാര്‍ഗദര്‍ശനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആ മാര്‍ഗ ദര്‍ശനത്തിന്റെ അവസാനത്തെ പതിപ്പാണ് ഖുര്‍ആന്‍, ഖുര്‍ആന് മുമ്പ് അവതീര്‍ണ്ണമായ സബൂറും ഇഞ്ചീലുമടങ്ങുന്ന ദൈവീക ഗ്രന്ഥങ്ങള്‍ അതിക്രമികളുടെ കൈ കടത്തലുകള്‍ക്ക് വിധേയമായി വികലമാക്കപ്പെട്ടപ്പോള്‍ യുഗാന്തരങ്ങള്‍ പിന്നിട്ടിട്ടും ഖുര്‍ആന്‍ ഒരുമാറ്റിത്തിരുത്തലുകള്‍ക്കും, കൈകടത്തലുകള്‍ക്കും വിധേയമാകാതെ ഇന്നും നിതാന്ത ശോഭയോടെ നിലകൊള്ളുന്നു. ഖുര്‍ആനെ ശാസ്ത്ര സംഹിതയെന്നോ, ചരിത്ര സമാഹാരമെന്നോ, സത്യത്തിലേക്ക് വിളക്കോതുന്ന ഒരു ദിവ്യ ഗ്രന്ഥമെന്നോ, സര്‍വ്വ വിജ്ഞാന കോശമെന്നോ നമുക്ക് വിവക്ഷിക്കാന്‍ കഴിയും.

കാരണം ഖുര്‍ആന്‍ അവതീര്‍ണ്ണമായത് മുതല്‍ ഇന്നും ഇനി വരാനുള്ള കാലഘട്ടങ്ങളിലും മനുഷ്യന് മാര്‍ഗദര്‍ശനമാണ്. വൈരുദ്ധ്യങ്ങള്‍ക്കോ തിരുത്തലിനോ മാറ്റത്തിനോ അത് ഇട വരുത്തുന്നില്ല എന്നതാണ് സത്യം. ”നാമാണ് അതിനെ ഇറക്കിയത്, അതിനെ നാം തന്നെ സൂക്ഷിക്കുമെന്ന” ദൈവീക വിജ്ഞാപനത്തില്‍ സാക്ഷിയായി ഖിയാമത്ത് നാള്‍ വരെ അത് നിലനില്‍ക്കും.
നാള്‍ക്കുനാള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രം അള്ളാഹുവിനെപ്പോലും വെല്ലു വിളിക്കാന്‍ ഉത്സാഹം കാണിച്ചിരിക്കുന്നു. പ്രകാശ വേഗത്തേക്കാള്‍ സഞ്ചരിച്ചും, ബാഹ്യ ബീജ സങ്കലനത്തിലൂടെ ഭീജത്തെ സൃഷ്ടിച്ചും, ജനിതക മാറ്റം വരുത്തി മനുഷ്യ സങ്കല്‍പത്തിനനുസരിച്ച് സസ്യങ്ങളെ ക്രമീകരിച്ച് ജീവിതനിലവാരം ഉയര്‍ത്തുന്നതിന്ന് പുറമെ ജീവന്റെ തുടിപ്പന്വേഷിച്ച് അന്യഗ്രഹങ്ങളില്‍ വരെ ആധുനിക ശാസ്ത്രത്തിന്റെ കരങ്ങള്‍ ചെന്നെത്തിയിരിക്കുകയാണ്. മതവും ശാസ്ത്രവും വൈരുദ്ധ്യങ്ങളായി ചിലര്‍കാണുന്നു. ഈയവസരത്തില്‍ ഖുര്‍ആന്റെ ശാസ്ത്രീയ വീക്ഷണത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്യേണ്ടത് കാലോചിതമാണ്. യഥാര്‍ത്തത്തില്‍ ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. എങ്കിലും ഖുര്‍ആന്റെ അവതരണ കാലത്ത് അജ്ഞാതമായിരുന്ന സൃഷ്ടാവ്, പ്രപഞ്ചോല്‍പത്തി, ആകാശ ഭൂമികള്‍, നക്ഷത്ര ഗോളങ്ങള്‍, തുടങ്ങിയ വിഷയങ്ങളില്‍ പല വിവരങ്ങളും അത് നല്‍കുന്നു. ഖുര്‍ആനിലെ ശാസ്ത്ര വിഷയങ്ങള്‍ സ്ത്യമാണെന്ന് പല ആധുനിക ശാസ്ത്രജ്ഞരും തെളിയിക്കുകയും അതുവഴി ഇസ്ലാമാശ്ലേഷിക്കുകയും ചെയ്തു. ആധുനിക ശാസ്ത്രത്തെ പോലെ അത്ഭുതപ്പെടുത്തുന്ന പല സത്യങ്ങളും ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഖുര്‍ആന്‍ പറഞ്ഞു എന്നത് ഖുര്‍ആന്‍ നിരക്ഷരനായ മുഹമ്മദ് നബി (സ)യുടെ സ്വന്തം കൃതിയല്ലെന്നും ദൈവീകമാണെന്നും കാണിക്കുന്നു.
ആധുനിക ശാസ്ത്രത്തിന്റെ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള ഗവേഷണം എത്തിനില്‍ക്കുന്നത് പ്രപഞ്ചം ആദ്യമായി നെബുല എന്ന വാതകത്തിലായിരുന്നു, പിന്നീടതില്‍ വിഘടനം നടത്തി ഗ്യാലക്‌സികള്‍ രൂപമെടുത്തു. വീണ്ടും വേര്‍പ്പെടുത്തലുകള്‍ നടക്കുകയും അനന്തരം നക്ഷത്രങ്ങളും ഗ്രഹങ്ങളും നിലവില്‍ വന്നു. എന്നാല്‍ ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഖുര്‍ആന്‍ ഈ കാര്യം ഗഹനമായും പ്രസ്താവിക്കുന്നത് കാണുക. ”അനന്തരം അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് ഒരു തരം പുകയായരുന്നു. (ഖുഃ41:11) സത്യനിഷേധികള്‍ കാണുന്നില്ലെ നിശ്ചയം ആകാശ ഭൂമികള്‍ ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാം അതിനെ വേര്‍പ്പെടുത്തി.(ഖു:21:30), ആതുനിക ശാസ്ത്രങ്ങളോട് വളരെയധികം താരതമ്യം പുലര്‍ത്തുന്ന ഈ വരികള്‍ സുതാര്യവും സുവ്യക്തവുമാണ്.
1929ല്‍ എഡ്‌വിന്‍.പി. ഹബ്ള്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രപഞ്ചം വികസിക്കുന്നു എന്ന സിദ്ധാന്തം മുന്നോട്ട് വെച്ചു, പ്രപഞ്ചത്തിലെ നക്ഷത്ര സമൂഹങ്ങള്‍ അകന്ന് പോകുന്നു എന്ന് ശാസ്ത്രം ഇന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രസ്ഥാവിക്കുന്നു. ശാസ്ത്ര വീക്ഷണത്തിന്റെ ഉത്തുംഗതയിലെത്തിയ ഈ 21-ാം നൂറ്റാണ്ടിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പ്രപഞ്ചം വികസിക്കുന്നു എന്ന ആശയം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പവതരിച്ച ഖുര്‍ആനില്‍ അല്ലാഹു പറയുന്നതായിട്ട് നമുക്ക് കാണാം. ഖുര്‍ആനില്‍ പറയുന്നത് ശ്രദ്ധിക്കുക. ”ആകാശമാകട്ടെ നാമതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാണ്.”(ഖു:51:47)
ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ഗര്‍ഭപാത്രത്തിലെ ഭ്രൂണത്തിന്റെ പരിണാമദശങ്ങളെപ്പറ്റി മാനവകുലത്തിന് ഏകദേശധാരണ ലഭിച്ചത്. ആണും പെണ്ണും ലൈംഗികമായി ബന്ധപ്പെട്ടതിന്ന് ശേഷം പെണ്ണിന്റെ അന്തരത്തില്‍ പത്തുമാസം എന്ത് സംഭവിക്കുന്നു, എങ്ങനെ അവിടെ മനുഷ്യരൂപമുണ്ടാകുന്നു എന്നതിനെ പ്പറ്റിയൊക്കെ ഇരുപതാം നൂറ്റാണ്ട് വരെ മാനവകുലത്തിന് അജ്ഞാതമായിരുന്നു. ആ ഭാഗത്തേക്ക് മനുഷ്യബുദ്ധിക്ക് ചെന്നത്താന്‍ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ശാസ്ത്രം പുരോഗമിക്കുകയും വികാസം പ്രാപിക്കുകയും എക്‌സറേകളും, സ്‌കാനിങ്ങും മറ്റും കണ്ട് പിടിക്കുകയും ചെയ്ത ശേഷമാണ് ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളെ ക്കുറിച്ച് മനുഷ്യന് ബോധമുണ്ടാകുന്നത്. എന്നാല്‍ ഖുര്‍ആനിലും ഹദീസിലും ഇവ്വിഷയകമായി വ്യക്തമായ സൂചനകളാണുള്ളത്. ഇന്ന് കാണുന്ന പോലെയുള്ള ശാസ്ത്രീയ പുരോഗതി അസാധ്യമായിരുന്ന ആറാം നൂറ്റാണ്ടില്‍ അത്ഭുതകരമാം വിധമാണ് ഖുര്‍ആന്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. മോറിസ് ബുക്കായി എന്ന ഫ്രഞ്ചു ഡോക്ടര്‍ ഭ്രൂണ ശാസ്ത്രത്തെപ്പറ്റി പഠിക്കുകയും മതഗ്രന്ഥങ്ങളെ അതിനദ്ദേഹം ആശ്രയിക്കുകയും ചെയ്തു. ഖുര്‍ആനിലെ ഭ്രൂണശാസ്ത്രവിശദീകരണം കണ്ട് അദ്ദേഹം അത്ഭുതപ്പെടുകയുണ്ടായി. ആവിവരണം ആധുനിക ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുമായി അത്രയധികം യോചിക്കുന്നുണ്ടായിരുന്നു.
ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക”മനുഷ്യരെ നാം മണ്ണിന്റെ സത്തയില്‍ നിന്ന് സൃഷ്ടിച്ചു, പിന്നീടവനെ ഒരുസുരക്ഷിത സ്ഥാനത്ത് രേതസ്‌കിരണമായി പിന്നീട് ആ രേത സ്‌കീര്‍ണ്ണത്തിനു രക്തപിണ്ഡത്തിന്റെ രൂപം നല്‍കി. അനന്തരം രക്തപിണ്ഡത്തെ മാംസ പിണ്ഡമാക്കി, പിന്നെ മാംസത്തെ അസ്തികളാക്കി. എന്നിട്ടു ആ അസ്തികളെ നാം മാംസം കൊണ്ടു പോതിഞ്ഞു. അനന്തരം അവനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. (ഖു:23:12-14)
ഖുര്‍ആനില്‍ ഈ ആയത്തില്‍ ഭ്രൂണത്തിന്റെ വിവിധഘട്ടങ്ങള്‍ക്ക് ഉപയോഗിച്ചത് വളരെ അനുയോജ്യമായ പദങ്ങളാണ്. മനുഷ്യനെ ”അലഖി”ല്‍ നിന്ന് സൃഷ്ടിച്ചു. എന്നാണ് പറയുന്നത്. അലഖ് എന്ന അറബി പദത്തിനര്‍ത്ഥം അള്ളിപ്പിടിക്കുന്നത്, തൂങ്ങിക്കിടക്കുന്നത് എന്നെല്ലാമാണ്. മനുഷ്യന്റെ ശരീരത്തില്‍ നിന്ന് എല്ലാം പുറന്തള്ളാനാണ് ശ്രമിക്കുക അങ്ങനെയെങ്കിലും ”ഫോറിന്‍ ബോഡി”(പുറത്ത് നിന്നുള്ള സാധനം) മായ പുരുഷ ബീജത്തെ സ്ത്രീയുടെ ഗര്‍ഭ പാത്രം പുറന്തള്ളാനാണ് ശ്രമിക്കുക. അതിനെതിരെയാണ് ബീജസങ്കലനം നടന്ന സിക്താണ്ഡം ഗര്‍ഭാശയത്തിന്റെ പാളിയില്‍ അട്ടയെപ്പോലെ അള്ളിപ്പിടിക്കുന്നു, ഇല്ലെങ്കില്‍ സന്താനോല്‍പാദനം നടക്കുകയില്ല. ബീജത്തിന്റെ ഈയവസ്ഥയ്ക്ക് അലഖ എന്നതിനെക്കാള്‍ യോചിച്ച പദമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഭ്രൂണ ശാസ്ത്രത്തെക്കുറിച്ച് ഇത്രയും സൂക്ഷമമായ വിവരം പതിന്നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരുമനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ആനില്‍ ഇത്രയും സൂക്ഷമമായ വിവരമുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്റെ ഉറവിടം ദൈവീകമായിരിക്കുമെന്നതിന്ന് തെളിവാണ് ഈ വസ്തുതയെന്ന് മനസ്സിലാക്കി മൗറിസ് ബുക്കായി എന്ന ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇസ്ലാം സ്വീകരിച്ചു.
കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ആധുനികശാസ്ത്രം കണ്ടുപിടിച്ച പ്രധാന മാര്‍ഗമാണ് വിരലടയാള നിരീക്ഷണം, ലോകത്ത് കോടിക്കണക്കിന് മനുഷ്യരുണ്ടെങ്കിലും അവരുടെയെല്ലാം വിരലടയാളങ്ങള്‍ അള്ളാഹു സൃഷ്ടിച്ചിരിക്കുന്നത് വ്യത്യസ്ഥമായിട്ടാണ്. 21-ാം നൂറ്റാണ്ടിലാണ് ആധുനിക ശാസ്ത്രം ഈ വസ്തുത തിരിച്ചറിയുന്നതെങ്കില്‍ അള്ളാഹു തആല 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യത്തെക്കുറിച്ച് തന്റെ പ്രവാചകനോട് സൂചിപ്പിച്ചിട്ടുണ്ട്. പരലോകത്ത് മനുഷ്യനെ ഉയര്‍ത്തെഴുന്നേല്‍പിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് അള്ളാഹു പറയുയുന്നു ”അതെ നാം അവന്റെ വിരല്‍ തുമ്പുകള്‍ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണ്” (ഖുഃ 75.4) ഈ പരാമര്‍ശത്തില്‍ നിന്ന് പ്രചോദന മുള്‍കൊണ്ട് ഒരു മുസ്‌ലിം പോലീസുകാരനാണ് വിരലടയാളം കൊണ്ട് കുറ്റവാളികളെ പിടിക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അറിയിച്ചതെന്ന് പറയപ്പെടുന്നു.
ഇങ്ങനെ ശാസ്ത്രം കണ്ട് പിടിച്ച് കൊണ്ടിരിക്കുന്ന ഓരോ ശാസ്ത്ര സത്യങ്ങളെക്കുറിച്ചും പരിശുദ്ധ ഖുര്‍ആനില്‍ അള്ളാഹു പരാമര്‍ശിച്ചതായി നമുക്ക് കാണാന്‍ സാധിക്കും ലോക ശാസ്ത്രജ്ഞര്‍ അത് അംഗീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇന്നത്തെ പോലുള്ള ശാസ്ത്ര വികസനം അന്യമായിരിക്കുന്ന 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ നിരക്ഷരനായ പ്രവാചകന് എങ്ങനെ ലഭിച്ചു? ഖുര്‍ആന്‍ ദൈവീക ഗ്രന്ധമാണെന്നതിന് വലിയ തെളിവാണിത്.

Leave a comment