Al Irshad

bi monthly magazine

മാപ്പിള പൈതൃകം പേറുന്ന കാസര്‍ഗോഡ്‌

മന്‍സൂര്‍ പൂച്ചക്കാട്‌

മാപ്പിളപ്പാട്ടിന്റെയും മുസ്‌ലിം പൈതൃകത്തിന്റെയും ചരിത്രഭൂമിയാണ് കാസറഗോഡ്. മാലിക്ബ്‌നു ദീനാര്‍(റ)ന്റെ പാദ സ്പര്‍ശമേറ്റ കേരളത്തിന്റെ ഈ സാംസ്‌കാരിക ഭൂമിക്ക് ഇന്നേവരെ അണമുറിയത്തൊരു ചരിത്ര പാരമ്പര്യമുണ്ട്. പ്രവാചകന്മാരുടെ കാലത്തോളം പഴക്കമുള്ള കേരള മുസ്‌ലിം ചരിത്രത്തിന് സൂക്ഷിച്ചു വെക്കാനോ സ്മൃതി മണ്ഡപത്തില്‍ കുറിച്ച് വെക്കാനോ കഴിയാത്ത ഒരവസ്ഥയില്‍ നിന്നാണ് നാം ഇതിനെ ഉള്‍കൊള്ളേണ്ടത്.


തുളുനാട് എന്ന പേര് കാലാടിസ്ഥാനത്തില്‍ രൂപാന്തരപ്പെട്ട് 15-ാം നൂറ്റാണ്ടോടെ ദക്ഷിണ കന്നഡയായി മാറി. കാനറ എന്ന് പോര്‍ച്ചുഗീസുകാര്‍ വിളിച്ചിരുന്ന ഈ സാംസ്‌കാരിക ഭൂമിയെ സപത ഭാഷാ സംഗമഭൂമിയെന്ന് ആലങ്കാരികമായി പ്രയോഗിക്കാറുണ്ട്. മതമൈത്രിയുടെയും സഹിഷ്ണുതയുടെയും ശക്തമായ അടിവേരുള്ള കാസറഗോഡ് മുസ്‌ലിം പൈതൃകത്തിന്റെ അഭിമാന സ്തംഭമാണ്. 7-ാം നൂറ്റാണ്ടിന് മുമ്പ്തന്നെ അറബികളുമായി വ്യാപാര ബന്ധമുണ്ടായിരുന്ന കാസറഗോഡില്‍ 7-ാം നൂറ്റാണ്ടിന് ശേഷമാണ് ഇസ്ലാം വ്യാപിക്കുന്നത്. 11-ാം നൂറ്റാണ്ട് മുതല്‍ ദക്ഷിണ കന്നഡയുടെ തീരദേശങ്ങളില്‍ ”ഹാന്‍ജുമ” എന്ന പേരില്‍ ഒരു മുസ്‌ലിം വ്യപാരി സംഘടന നിലനിന്നിരുന്നതിന് തെളിവുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ദക്ഷിണ കന്നടയുടെ തീരങ്ങളില്‍ മുസ്‌ലിംകള്‍ അധിവാസം തുടങ്ങിയിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ഇന്ന് കാണുന്ന മുസ്‌ലിംകളുടെ പ്രപിതാക്കള്‍ അലൂവന്മാര്‍ ഭരണം നടത്തിയിരുന്ന കാലത്ത് ഇവിടെയെത്തിയ അറബികളാകാമെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. തുളുനാട്ടില്‍ അറബികള്‍ വ്യാപാര കേന്ദ്രങ്ങള്‍ ആരംഭിച്ചത് പോലെ മലബാറിലും വ്യാപാരകേന്ദ്രങ്ങള്‍ ആരംഭിച്ചു. പാഡ്ദനങ്ങളില്‍ മാപ്പിളമാരെയും അവരുടെ കലകളെക്കുറിച്ചുള്ള സൂചനകളില്‍ നിന്ന് മനസിലാവുന്നത് അറബി മതാവും തുളുപിതാവും ചേര്‍ന്ന് പിറക്കുന്ന സന്താനങ്ങളാണ് തുളുമാപ്പിളമാരെന്നാണ്.
ക്രിസ്താബ്ദം 117ല്‍ ഇബ്‌നു മസ്ഊദ് 1340ല്‍ ഇബ്‌നു ബത്തൂത്ത, 1300ല്‍ ജീവിച്ചിരുന്ന സഞ്ചാര സാഹിത്യകാരന്‍ റഷീദുദ്ധീന്‍ 1330ല്‍ വന്ന് അബൂ ഫിദാ എന്നിവര്‍ കാസര്‍ഗോഡിനെക്കുറിച്ചും ദക്ഷിണ കന്നഡയെക്കുറിച്ചും രചിച്ച യാത്രാ വിവരണം അവര്‍ ഈ പ്രദേശം സന്ദര്‍ഷിച്ചതിന് തെളിവാണ്. തുളുനാട്ടില്‍ അഥവാ കാസറഗോഡില്‍ ജനജീവിതം സമാധാന പൂര്‍ണ്ണമായിരുന്നെന്നും തുളുരാജാവ് മുസ്ലിംകളെ ആദരിച്ചുകൊണ്ട് സ്ഥാനമാനങ്ങള്‍ നല്‍കിയിരുന്നതായും അവര്‍ വിവരിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലായിരുന്നതിനാല്‍ അന്ന് മുസ്‌ലിമാവുക എന്നത് അഭിമാനമുള്ള കാര്യമായിരുന്നു.
ഊര്‍ജസ്വലരായ”ഹന്‍ജമന” പ്രവര്‍ത്തകരെക്കുറിച്ച് ദക്ഷിണ കന്നടയുടെ ചരിത്രത്തില്‍ ഒട്ടനവധി പരാമര്‍ശനങ്ങളുണ്ട്. മത ഭൗതിക പ്രവര്‍ത്തനങ്ങളില്‍ അവര്‍ എങ്ങും സജീവമായിരുന്നു. പള്ളിനിര്‍മ്മാണത്തിലും ശത്രുവിരുദ്ധ പോരാട്ടത്തിലും ശ്രദ്ധചെലുത്തുകയുണ്ടായി. അങ്ങനെ തുളുനട് ഇസ്ലാമിനെ സബഹുമാനിക്കുകയും ഇസ്ലാം അതിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ജൈന-ഹൈന്ദവ-ക്രൈസ്തവ ഭേദമന്യേ പരസപരഹസ്രം ആദര്‍ശാനുഭാവികള്‍ വ്യത്യസ്ത രൂപത്തിലുള്ള വിശ്വാസം വെച്ചുപുലര്‍ത്തിയിട്ടും പരസ്പര സൗഹര്‍ദ്ധത്തിന്റെയും സഹകരണത്തിന്റെയും പാതയില്‍ ചലിച്ചു കൊണ്ടിരുന്നു. ഇസ്ലാം മതത്തിന് പുറമെ വളരെ മുമ്പ് തന്നെ ജൈന ഹൈന്ദവ ക്രിസ്തീയ മതങ്ങള്‍ ഇവിടെ പ്രചരിച്ചതിന് തെളിവാണിത്.

ഭരണം
ആദ്യകാലങ്ങളില്‍ ഉദ്യാവരിലെ അലുവന്മാരാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. 14മുതല്‍ 18വരെയുള്ള ദേശത്തെ അടക്കി ഭരിച്ചു. ശേഷം ഇക്കേരി(ബദിനൂര്‍) രാജാക്കന്മാര്‍ ഏകദേശം ഒരു നൂറ്റാണ്ടോളം ഭരണം നടത്തി. 1763മുതല്‍ 1799വരെ മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണമായിരുന്നു. ശേഷം മുന്ന് നൂറ്റാണ്ട് കാലം ബ്രിട്ടീഷ് കാരുടെയും പോര്‍ച്ചുഗീസ്‌കാരുടെയും ക്രൂരവിനോദത്തിന്‍ സാക്ഷിയായി. യഥാര്‍ത്തത്തില്‍ മൈസൂര്‍ രാജാക്കന്മാരുടെ ഭരണം വൈദേശികരുടെ ക്രൂര വിനോദത്തില്‍ നിന്നും നാടുവഴികളുടെ ചൂഷണത്തില്‍നിന്നും ആശ്വാസമായിരുന്നു. ഹൈദറലി കടന്നു വരുമ്പോള്‍ ഇവിടെ ഇക്കേറിനായക്കന്മാരായിരുന്നു ഭരണം നടത്തിയിരുന്നത്.
ചരിത്രസ്മാരകങ്ങളില്‍ ഒളിമങ്ങാതെ ജ്വലിച്ചുനിന്ന കാസറഗോഡിന്റെ അഭിമാനസ്തംഭമായ ബേക്കല്‍ കോട്ട പണികഴിപ്പിച്ചത് ഇക്കേറി നായക്കന്മാരുടെ കാലത്താണ്. ഇക്കേറി നായക്കന്മാരെ തറപറ്റിച്ച് ഹൈദറലി ജാതിമത ഭേദമന്യേ സഹിഷ്ണുതാമനോഭാവത്തോടെയായിരുന്നു വര്‍ത്തിച്ചിരുന്നത്. കുമ്പള, ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്, പനയാല്‍, കുണ്ടംകുഴി, ബന്തടുക്ക, തുടങ്ങി ഒരുപാട് കോട്ടകള്‍ ഇവിടെ ഭരിച്ച രാജാക്കന്മാരെ അനുസ്മരിപ്പിക്കുന്നതാണ്. മഞ്ചേശ്വരം, കുമ്പള, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങള്‍ ടിപ്പുവിന്റെ പ്രധാന ഭരണകേന്ദ്രങ്ങളായിരുന്നു.
1799മൈസൂര്‍ ഭരണ പതനത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ആധിപത്യമുറപ്പിക്കുകയും ദക്ഷിണ കന്നടയെ മദ്രാസ് സ്റ്റേറ്റിന്റെ ഒരു ജില്ലയാക്കി മാറ്റുകയും ചെയ്തു. മൈസൂര്‍ ഭരണത്തോടുള്ള കൂറും ആവേശവും കെടാതെ കാത്തുസൂക്ഷിച്ച കാസറഗോഡ് മുസ്‌ലിംകള്‍ ബ്രിട്ടീഷുകാര്‍ക്ക് തലവേദനയായിമാറി. ബ്രിട്ടിഷ് കമ്പനികളും ക്രിസ്തീയ വിഭാഗങ്ങളും കച്ചവടപരമായി മുന്നിട്ട് നില്‍ക്കുന്ന അക്കാലത്തും അറബികള്‍ ദക്ഷിണ കന്നഡയുമായി ആഴത്തില്‍ ബന്ധം നിലനിര്‍ത്തി.
വൈദേശികാധിപത്യത്തിനെതിരെയും കൊളോണിയലിസത്തിനെതിരെയും ഇവിടത്തെ ജനങ്ങള്‍ അനുസൃതം പോരാടിയെങ്കിലും അവയെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. ഖിലാഫത്ത് പ്രസ്ഥാനവും കാസര്‍ഗോഡില്‍ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പണ്ഡിതനും പൊതുപ്രവര്‍ത്തകനുമായ മുഹമ്മദ് കുഞ്ഞി എന്ന മമ്മിഞ്ഞി മുസ്‌ലിയാറായിരുന്നു ഖിലാഫത്തിന് നേതൃത്വം കൊടുത്തത്. ഒറ്റയായും കൂട്ടമായും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തീകൊളുത്തിയ ആള്‍ക്കാര്‍ കാസറഗോഡിനെ പുളകം കൊള്ളിച്ചിട്ടുണ്ട്. മുഹമ്മദ് ശൈറുല്‍ മൊയ്തീന്‍ കുഞ്ഞ്, മൊയ്തീന്‍ ബാവ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്. ബ്രട്ടീഷ് വിരുദ്ധ സമരത്തില്‍ രക്തസാക്ഷികളായിയെന്ന് പറയപ്പെടുന്ന അനവധി മുസ്ലിംകളുടെ ഖബറുകള്‍ തൃക്കരിപ്പൂര്‍, തളങ്കര, കോട്ടിക്കുളം. എന്നിവിടങ്ങളിലുണ്ട്.

കല സാഹിത്യം
1970വരെ ഒന്ന് രണ്ട് നുറ്റാണ്ടുകാലം കാസറഗോഡിന്റെ മണ്ണ് മാപ്പിളപ്പാട്ടുകളുടെയും മലയാള സാഹിത്യ സൃഷ്ടികളുടെയും അറബി മലയാള രചനകളുടെയും വിളനിലമായി നിലകൊണ്ടു. മാപ്പിളമലയാളത്തിന്റെ സൃഷ്ടികളെക്കുറിച്ചുള്ള ബോധ്യപ്പെടുത്തലുകളാണ് കാസറഗോഡ് കേരളത്തിന് നല്‍കുന്നത്. തളങ്കര, മൊഗ്രാല്‍, ചെമനാട്, പള്ളിക്കര, പൈവളിക, പള്ളംകോട്, ബോവിക്കാനം, തലപ്പാടി, ഉടുമ്പുന്തല, ബായിക്കര, ചെമ്പരിക്ക, നെല്ലിക്കുന്ന്, ആനവാതുക്കല്‍ തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ മാപ്പിളപ്പാട്ട് സാഹിത്യം കിളിര്‍ത്തിരുന്നത്. രചനകളായി കാവ്യ-ഗദ്യ രീതികളും പായ്പാട്ടുകളും, നാട്യരൂപേണയും ഇവിടെ പടര്‍ന്നു പന്തലിച്ചു.
ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ നൃത്ത രൂപങ്ങളും മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ടവയാണ്. മൗലീദ് റാത്തീബ് തുടങ്ങിയ അനുഷ്ടാനങ്ങള്‍ മതചടങ്ങുകളാണെങ്കിലും അതൊരു കലാരൂപം കൂടിയാണ്. ഗാര്‍ഹിക ചടങ്ങുകള്‍, നേര്‍ച്ചകള്‍, ഉറൂസുകള്‍, മാര്‍ക്കകല്യണം(സുന്നത്ത്) എന്നിവയോടനുബന്ധിച്ചായിരുന്നു ഇവയുടെ നടത്തിപ്പ്. തളങ്കര, മൊഗ്രാല്‍, പള്ളങ്കോട്, ദേലംപാടി, തുടങ്ങിയവ ഇതിന്റെ കേന്ദ്രങ്ങളായിരുന്നു. വായ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, പൂപേല്‍പാട്ട്, സബിനപ്പാട്ട് എന്നിവയും കാസര്‍ഗോഡിനെ സാഹിത്യത്തില്‍ വ്യതിരിക്തമാക്കി. മാപ്പിളപ്പാട്ടിന്റെ ഈറ്റില്ലവും പോറ്റില്ലവുമായിരുന്നത് മൊഗ്രാല്‍ പുത്തൂറായിരുന്നു. പക്ഷിപ്പാട്ട് രചയിതാവായ അടുത്തേപ്പില്‍ അബ്ദുല്ല മൊഗ്രാല്‍ കവികളില്‍ പ്രസിദ്ധനാണ്.
മാപ്പളസാഹിത്യ തറവാടിലെ കാരണവരായിരുന്നു ടി ഉബൈദ് സാഹിബ്. കേരളം മുഴുക്കെ സര്‍വ്വസ്വീകാര്യനായ അദ്ധേഹത്തിന് അനവധി കവിതകളും ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമുണ്ട്. മര്‍മ്മത്തിലിരുന്ന് ഇസ്ലാം തീര്‍ത്ത പാതയില്ലാടയാണ് ഉബൈദ് സാഹിബ് കവിത രചിച്ചിരുന്നത്. പണ്ഡിതനും ഗ്രന്ദകാരനുമായിരുന്ന ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവി രചിച്ച ചെമ്പിരിക്ക മാല കീര്‍ത്തിയാര്‍ജിച്ചതാണ്. ഗോളശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഈ വിഷയത്തില്‍ അറബിയിലും ഇംഗ്ലീഷിലും ഗ്രന്ദങ്ങള്‍ രചിച്ചിട്ടുണ്ട്. കാസര്‍ഗോഡിലെ തൊപ്പിനിര്‍മ്മാണകല തളങ്കരത്തൊപ്പി എന്ന പേരില്‍ പ്രസിദ്ധമാണ്.
ചുരുക്കത്തില്‍ ഭൂമിശാസ്ത്രപരമായും, പ്രകൃതിയാലും കേരളത്തിന്റെ ഇതരദേശങ്ങളില്‍ നിന്നും വ്യതിരിക്തത കാണിക്കുന്ന പ്രദേശമാണ് കാസറഗോഡ്. ഈ ദേശത്തിന് ചരിത്രപരമായും സാംസ്‌കാരികമായും തനതായൊരു അസ്ഥിത്വമുണ്ട്. ഇസ്ലാമിക നിയമത്തിലൂന്നിയ അതിന്റെ ഇന്നലകള്‍ വര്‍ത്തമാനന്ധതക്ക് വെളിച്ചം വീശുകയാണ്. കാസറഗോഡ് മുസ്‌ലിംകളുടെ ജൈവികവും ദാര്‍ശനികവുമായ തലങ്ങളെ മുന്‍നിര്‍ത്തി ആവിര്‍ഭാവം തൊട്ട് ഇന്നെവരെയുള്ള നിസ്പക്ഷമായൊരു ചര്‍ച്ചക്ക് തിരികൊളുത്തേണ്ടതുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 28, 2011 by in Annual Issue'2011 and tagged .
%d bloggers like this: