Al Irshad

bi monthly magazine

ഭീകരവാദി

നൗഫല്‍ മംഗലാപുരം,ഹബീബ് കോളിയടുക്കം

വലിയൊരു ഇരമ്പലോടെ നിസാമുദ്ധീന്‍ എക്‌സ്പ്രസ് ചെന്നൈ റയില്‍വേ സ്റ്റേഷനില്‍ വന്നു നിന്നു. വിവിധ ഭാഷയിലും ഈണത്തിലുമുള്ള അനൗണ്‍സ്‌മെന്റുകള്‍ ധാരാളമായി ഒഴുകിയെത്തി. സ്വദേശികളും വിദേശികളുമായ അനേകം യാത്രക്കാര്‍ തിക്കും തിരക്കും കൂട്ടുന്നു. ചിലര്‍ വണ്ടിയില്‍ കയറുവാനുള്ള ധൃതിയില്‍, മറ്റു ചിലര്‍ നാട്ടിലെത്താന്‍. യാത്രക്കാരെ യാത്രയയക്കാനും സ്വകരിക്കാനും വന്നവര്‍ വേറേയും… ചിലരുടെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം. മറ്റു ചിലരില്‍ വിഷാദം നിഴലിച്ചു നിന്നു. അതിനിടക്ക് ലഘു ഭക്ഷണ വില്‍പനക്കാരന്റെയും നടന്നു വില്‍ക്കുന്നവന്റെയും കലപില ശബ്ദങ്ങള്‍… ആകപ്പാടെ ഒച്ചപ്പാടും ബഹളവും.
”കാപ്പി…. കാപ്പി…. വടേ….. കാപ്പി…”


ഫിറോസ് പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്നു. ”അണ്ണാ ഒരു കാപ്പി” അഞ്ചു രൂപയുമായി ആള്‍ക്കാരെ വകഞ്ഞു മാറ്റിക്കൊണ്ട് അവന്‍ പറഞ്ഞു. കാപ്പിയുമായി ജനാലക്കടുത്തിരുന്ന് അവന്‍ പുറം കാഴ്ചകളാസ്വദിച്ചു മോന്തി മോന്തിക്കുടിച്ചു. ആവിയുയരുന്ന ചൂടു കാപ്പി തീരുനാവായ എത്തിയപ്പോഴേക്കും തീവണ്ടി ഒരലര്‍ച്ചയോടെ നീങ്ങാന്‍ തുടങ്ങി. അവന്‍ ഗ്ലാസ് വലിച്ചെറിഞ്ഞു.
പിന്നെ അവന്‍ മുഖം കഴുകാന്‍ വേണ്ടി ബാത്ത്‌റൂമിലേക്ക് നടന്നു. ആകെയുണ്ടായിരുന്ന ഒരു ബാഗ് കയ്യില്‍ പിടിച്ചു. ഫ്രഷായ ശേഷം തന്റെ സീറ്റിലേക്കെത്തിയ ഫിറോസ് തീര്‍ത്തും നിരാശനായി. തന്റെ സീറ്റില്‍ മറ്റൊരാള്‍ കയറിയിരിക്കുന്നു. തര്‍കിച്ചിട്ട് കാര്യമില്ലെന്നോര്‍ത്ത അവന്‍ ദുഃഖത്തോടെ വാതിലിനരികിലേക്ക് നടന്നു. വാതില്‍ പടിയില്‍ കഷ്ടിച്ചിരുന്ന അവന്റെ കാഴ്ച ദൂരെയുള്ള പച്ചപ്പിലേക്ക് ഊളിയിട്ടു. പതിയെ ഒരിളങ്കാറ്റ് കൂടെ എത്തിയപ്പോള്‍ അവന്റെ ചിന്തകള്‍ക്ക് ചിറക് മുളക്കാന്‍ തുടങ്ങി.
റസിയ, അവള്‍ ഇപ്പോള്‍ എവിടെയായിരിക്കും?. അവള്‍ക്ക് സുഖം തന്നെയായിരിക്കുമോ?. അവള്‍ക്ക് വല്ലതും പറ്റിയോ?. റബ്ബേ! നീ അവളെ കാത്തു കൊള്ളണേ… അവന്‍ പ്രാര്‍ത്ഥിച്ചു.
ഫിറോസിന്റെ ഒരേയൊരനുജത്തിയാണ് റസിയ. രണ്ടാം വയസ്സില്‍ തന്നെ ബാപ്പയും ഉമ്മയും നഷ്ടപ്പെട്ടവളാണവള്‍. ചെറുപ്പം മുതലേ അവളുടെ പൂര്‍ണ്ണ ഉത്തരവാദം അവനിലായിരുന്നു. അല്ലറ ചില്ലറ പണിയെടുത്ത് അവന്‍ അവളെ പൊന്നു പോലെ നോക്കി. പക്ഷേ, ഇന്ന് വയസ്സ് പതിനെട്ട് കവിഞ്ഞു. ഉടനെ ഒരു നല്ല വരനെ കണ്ടെത്തി അവളെ അവന്റെ കയ്യിലേല്‍പിക്കണം. അതിനു വേണ്ടിയാണീ യാത്ര. ക്രൂരയായ എളാമയുടെ അടുത്ത് അവളെ നിറുത്തി ഇങ്ങ് പോന്നത് മുതല്‍ അവന്റെ ഹൃദയം കത്തുകയാണ്.
ചിന്തകള്‍ കാടുകയറിയപ്പോഴേക്കും നേരം ഇരുണ്ട് തുടങ്ങിയിരുന്നു. അവന്‍ ശരീരം ബോഗിക്കുള്ളിലാക്കി മെല്ലെ ഒന്ന് മലര്‍ന്ന് കുടന്നു. പതുക്കെ പതുക്കെ അവന്‍ മയക്കത്തിലേക്കി തെന്നിവീണു. വാതിലിലൂടെ നുഴഞ്ഞു കയറിയ സൂര്യ കിരണങ്ങളാണ് അവനെ ഉണര്‍ത്തിയത്. മയക്കത്തില്‍ നിന്ന് പതുക്കെ എഴുന്നേറ്റ് അവന്‍ ആള്‍ക്കാര്‍ക്കിടയിലൂടെ ബാത്ത്‌റൂം ലക്ഷ്യമാക്കി നടന്നു. പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞ് അവന്‍ ബാത്ത്‌റൂമില്‍ നിന്നുമിറങ്ങി. അവന്‍ വാതിലിലൂടെ പുറത്തേക്ക് കണ്ണോടിച്ചു നോക്കി. അതെ എത്തിയിരക്കുന്നു. ദുര്‍ഗന്ധം വാഴുന്ന അന്തരീക്ഷത്തില്‍ അമ്പരച്ചുമ്പികളായ കെട്ടിടങ്ങള്‍ നറഞ്ഞു നില്‍ക്കുന്ന മനോഹരമായ നഗരം. റോഡരികിലൂടെ ഒഴുകുന്ന മാലിന്യങ്ങളുടെ വാസനയടിച്ചു വീശിയപ്പോള്‍ അവന് ഛര്‍ദിക്കാന്‍ തോന്നി. മുഖം ചുളിച്ച് മൂക്ക് പൊത്തി അവന്‍ മനസ്സിലുറപ്പിച്ചു. അതെ ഇത് മുംബൈ തന്നെ. ഒരു കാലത്ത ബ്രിട്ടീഷ് ആധിപത്യത്തിനിരയായ പഴയ ബോംബെ ഇന്നിതാ പരന്നു കിടക്കുന്നു. അംബര ചുമ്പകളായ കെട്ടിടങ്ങള്‍, മണിമാണികകള്‍. മറു വശത്തായി പട്ടിണിപ്പാവങ്ങളും അഴുക്കു ചാലുകളും ഇന്നഴുകിച്ചേര്‍ന്ന ചേരികളും.
വണ്ടി ഒരു നെരുക്കത്തോടെ ബാന്ദ്ര റയില്‍വേ സ്റ്റേഷനില്‍ നിന്നു. അവന്‍ വണ്ടിയില്‍ നിന്നുമിറങ്ങി നടന്നു നീങ്ങി. അടുത്തുള്ള ഭക്ഷണശാലയില്‍ കയറി. കയ്യിലുള്ള തുച്ചമായ ബജറ്റിനൊത്ത ഭക്ഷണവും കഴിച്ച് പുറത്തിറങ്ങുമ്പോള്‍ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച, അഴുക്ക് കൊണ്ട് മേക്കപ്പിട്ട ഒരു പിഞ്ചു കുഞ്ഞ് അവന്റെ കൈ കുലുക്കിക്കൊണ്ട് പറഞ്ഞു. ”കുച്ച് തോ ദേ ദോ ഭയ്യാ!” തെരുവ് കുട്ടികളുടെ ശബ്ദം അവനെ വല്ലാതെ അസ്വസ്ഥനാക്കി. അവരുടെ ശബ്ദത്തിലെ അര്‍ത്ഥം അവന് മസ്സിലായില്ലെങ്കിലും കാര്യം അവന് പിടികിട്ടി. അവന്‍ അല്ലാഹുവില്‍ നന്ദിയുമര്‍പ്പിച്ചു. ”ഇതാണ് കഷ്ടപ്പാട്. എന്റേതൊന്നും കഷ്ടപ്പാടേ അല്ല. ഈ ഗതി വരുത്തരുതേ അല്ലാ…” അവന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. കുട്ടിയെ കണ്ടപ്പോള്‍ അവന് അനുകമ്പയും അതിലുപരിയായി ദുഃഖവും തോന്നി. പോക്കറ്റില്‍ നിന്നും അന്‍പതി പൈസയുടെ നാണയം കൈയ്യില്‍ വെച്ചു കൊടുത്തു. കുട്ടി എന്തോ പിറുപിറുത്ത് കൊണ്ട് പോകുന്നത് അവന്‍ ശ്രദ്ധിച്ചു. ആരാണിവരെ തെരുവിലറക്കിയത്? ഇവരുടെ രക്ഷിതാക്കള്‍ ആരായിരിക്കും?. എന്നിങ്ങനെ പല ചോദ്യങ്ങളും അവന്റെ മനസ്സില്‍ അലയടിച്ചു കൊണ്ടേയിരുന്നു.
പെട്ടെന്നാണ് അവന് വൈകുന്നേരം നാല് മണിക്കുള്ള ഫ്‌ലൈറ്റിനെ കുറിച്ച് ഓര്‍മ വന്നത്. വിസ ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല. ഇഖ്ബാല്‍ പാഷയെ കാണണം. വിസ കൈപറ്റണം. റയില്‍വേ സ്റ്റേഷനില്‍ എത്തിക്കാമെന്നേറ്റതാണ്. അതിനുള്ള അഡ്വാന്‍സും കൊടുത്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹം റയില്‍വേ സ്റ്റേഷനിലെത്തിയില്ല. സ്വീകരിക്കാനുള്ള ആളെ വിട്ടതുമില്ല. ”വല്ല തിരക്കിലും പെട്ട് വൈകിയതായിരിക്കും” ഫിറോസ് സ്വയം ആശ്വസിച്ചു. പേഴ്‌സില്‍ നിന്നും ഒരു വിസറ്റിങ് കാര്‍ഡെടുത്ത് ടാക്‌സിക്കാരന് കാണിച്ചു കൊടുത്തു. അയാള്‍ അറിഞ്ഞ മട്ടില്‍ തല കുലുക്കി വണ്ടിയെ മുന്നോട്ട് തെളിച്ചു. ഫിറോസ് ടാക്‌സിയിലിരുന്ന് മുംബൈ തെരുവോരങ്ങളിലെ കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു. അപരിചിതമായ കാഴ്ചകള്‍. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് റോഡില്‍ പന്ത് കളിക്കുന്ന കുട്ടികള്‍. മറ്റു ചിലര്‍ കാല്‍പന്ത് കളിയുടെ ലഹരിയില്‍ അഴുക്കില്‍ വീണ് ഉരുളുന്നു. തീര്‍ത്തും സംസ്‌കാര ശൂന്യതയുടെ പ്രതീകമായ കാഴ്ചകള്‍. നഗരങ്ങളുടെ കാഴ്ച അതിലപ്പുറമായിരുന്നു. സ്ത്രീ പുരുഷന്മാര്‍ക്കടയില്‍ വര്‍ഗ ഭേദമില്ലാത്ത സമീപനങ്ങള്‍. കെട്ടിയോന്‍ മാത്രം കാണേണ്ട ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് നടക്കുന്ന സ്ത്രീകള്‍. ഇങ്ങനെ പലതും. അവസാനം ആരുമറിയാതെ അവന്‍ മെല്ലെ ഉറക്കിലേക്ക് വഴുതി വീണു.
”ഭായി സാഹിബ്! ഹം പഹുഞ്ചായേ.” ടാക്‌സിക്കാരന്റെ ശബ്ദം കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു. അവന് കാര്യം മനസ്സിലായില്ല. ടാക്‌സിക്കാരന്‍ ആംഗ്യ ഭാഷയില്‍ പറഞ്ഞു കൊടുത്തു. അവന്‍ ടാക്‌സിയില്‍ നിന്നുമിറങ്ങി. ടാക്‌സിക്കാരന്റെ കൂലി നല്‍കി അവനെ പറഞ്ഞയച്ചു.
തനിക്ക് ഇഖ്ബാല്‍ പാഷ നല്‍കിയ വിസിറ്റിങ് കാര്‍ഡ് ഒന്നു കൂടെ വായിച്ച് ഉറപ്പു വരുത്തി. അതെ, റോയല്‍ റസ്റ്റോറന്റ്. അജലി ദര്‍ഗ്ഗാ ശരീഫിനടുത്തുള്ള ഇരുപത്തിനാല് നിലയുള്ള മനോഹരമായ കെട്ടിടം. അന്താരാഷ്ട്ര നിലവാരമുള്ള ബാറും റസ്റ്റേറന്റും താഴത്തെ നിലയില്‍ നടത്തി വരുന്നു. ബാക്കി മുഴുവനും ലോഡ്ജാണ്. അതിലെ വി.ഐ.പി ഡിപ്പാര്‍ട്ട്‌മെന്റിലെ അഞ്ഞൂറ്റിയെട്ടാമത്തെ റൂമിലാണ് പാശ താമസിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞത്. വാച്ച്മാന്‍ ആദ്യം അല്‍പം മടിച്ചെങ്കിലും പിന്നീട് കയറാനനുവദിച്ചു. ആ വലിയ കെട്ടിടത്തില്‍ ആരുടെയൊക്കെയോ സഹായത്തോടെ അഞ്ഞൂറ്റിയെട്ടാമത്തെ റൂം അവന്‍ കണ്ടെത്തി. കോള്‍ ബെല്ലടിച്ചു. പ്രതികരണമുണ്ടായില്ല. പിന്നെയും അടിച്ചു. പ്രതികരണമില്ല. പിന്നെ അതിലൂടെ പോകുന്ന റസ്റ്റോറന്റ് ജീവനക്കാരനോട് ചോദിച്ചു.
”വേര്‍ ഈസ് ഇന്‍ക്വയറി?”
”സെക്കന്റ് ഫ്‌ലോര്‍ സര്‍.” അയാള്‍ മറുപടി പറഞ്ഞു.
”ഓകെ, താങ്ക്‌സ്” എന്നും പറഞ്ഞ് അവന്‍ നേരെ നടന്നു.
രണ്ടാം നലയിലെത്തി ഇന്‍ഫര്‍മേഷന്‍ കൗണ്ടറിലിരിക്കുന്ന പെണ്‍കുട്ടിയോടായി അവന്‍ ചോദിച്ചു. ”ക്യാന്‍ ഐ മീറ്റ് ഇഖ്ബാല്‍ പാശ?”
”സോറി, വീ ക്യനോട്ട് ഫൈന്റ് ദ നൈം.” കുറച്ച് നേരം കമ്പ്യൂട്ടറില്‍ പരതിയ ശേഷം അവള്‍ പറഞ്ഞു.
”ഓകെ, താങ്ക്‌സ്” അവന്‍ ഗദ്ഗദത്തോടെ പറഞ്ഞു. താന്‍ വഞ്ചിതനായെന്ന് അപ്പോഴാണ് അവന്‍ അറിഞ്ഞത്. അവന്‍ നിരാശയോട് അവിടെ നിന്നും ഇറങ്ങി നടന്നു. എങ്ങോട്ടെന്ന് ഒരു നിശ്ചയവുമില്ല. വിസ വേണമെങ്കില്‍ അമ്പതിനായിരം അഡ്വാന്‍സായി നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ആകെയുണ്ടായിരുന്ന വീടിന്റെ ആധാരം പണയം വെച്ചു. അതിപ്പോള്‍ എങ്ങനെ തിരിച്ചെടുക്കും. റസിയയെ വീടില്ലാതെ ആരെയേല്‍പിക്കാനാണ്? അയാള്‍ പൊട്ടിയ ഹൃദയവുമായി മുംബൈ തെരുവിലൂടെ നടന്നു. ദുബൈ, അതൊരു സ്വപ്നമായി അവശേഷിച്ചു. വിതുമ്പുന്ന ഹൃദയത്തോടെ അവന്‍ അലഞ്ഞ് തിരിഞ്ഞു നടന്നു. ചിലവിനായുള്ള ഒരു നയാ പൈസ പോലും കയ്യിലില്ല. നാട്ടിലേക്ക് മടങ്ങാമെന്ന് കരുതിയാല്‍ അതിനും വേണം പണം. കാശാണ് മനുഷ്യ ജീവിത ഗതിയെ നിശ്ചയിക്കുന്നതെന്ന് അപ്പോളവന്‍ മനസ്സിലാക്കി. ഇനി കൈവശമുള്ള ആകെ ഒരു മുതല്‍ താഴ്ന്ന ഇനത്തില്‍ പെട്ട ഒരു സെല്‍ഫോണ്‍ മാത്രമാണ്. ഇല്ല, അത് വില്‍ക്കാനാവില്ല. സെല്‍ഫോണിന്റെ ആവശ്യങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ അവന്‍ നിശ്ചയിച്ചു.
രണ്ട് ദിവസം അലഞ്ഞ് തിരിഞ്ഞ ശേഷം അവന്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ ജോലിക്കാരനായി കയറി. ശമ്പളമായി കിട്ടുന്ന ദിവസക്കൂലി കൊണ്ട് അല്‍പ ദിവസം തള്ളി നീക്കി. സംശയാസ്പദമായാണ് പലരും അവനെ നോക്കിയത്. പാവം ഫിറോസ് അവന് ഒന്നും മനസ്സിലായില്ല. കാരണം അവന്‍ ഹിന്ദി വശമില്ലല്ലോ. പിന്നെ ജോലി ഹോട്ടലിലായത് കൊണ്ട് ”ക്യാ ചാഹിയേ” എന്നറിയാം.
അങ്ങനെ ഏതാണ്ട് ഒരൊന്നൊന്നര മാസം മാസം കഴിഞ്ഞു. അന്നായിരുന്നു ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം ഉണ്ടായത്. പോലീസിനെ പിടികൂടാന്‍ പ്രതികളെ പരക്കം പാഞ്ഞു. മുസ്‌ലിം നാമധാരികളായ പലരും അവരുടെ കസ്റ്റഡിയിലായി. അക്രമണത്തിന്റെ പലര്‍ക്കും ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായി. മുസ്‌ലിം യുവാക്കള്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിന് ബന്ധികളാക്കപ്പെട്ടു. മതേത്വരത്തിന്റെ ഏറ്റവും വലിയ പ്രതീകമായി ലോകം തെറ്റിദ്ധരിച്ച ഇന്ത്യാ മാഹാരാജ്യത്ത് മുസ്‌ലിം വേട്ട തുടര്‍ന്നു കൊണ്ടേയിരുന്നു. ദിവസം തോറും ഫിറോസിന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. ഇന്നല്ലെങ്കില്‍ നാളെ തന്റെ പുതിയ പ്രഭാതം മുംബൈ സെന്‍ട്രല്‍ ജയിലിലായിരക്കുമെന്ന് അവന്‍ കണക്കു കൂട്ടി. അധികം വൈകിയില്ല. മുഖ്യ പ്രതികളുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു. അവന്‍ അത്ഭുതപ്പെട്ടു. തന്നെപ്പോലെ തന്നെ. അല്ല, ഇത് ഞാന്‍ തന്നെയല്ലേ?!. അവന്‍ സംശയിച്ചു. അവിടെ നില്‍ക്കല്‍ അപകടമാണെന്ന് മനസ്സിലാക്കിയ ഫിറോസ് നാട്ടിലേക്ക് മടങ്ങാന്‍ തന്നെ തീരുമാനിച്ചു. ഗല്ലിയിലുള്ളവരൊന്നും അവിടെയില്ലെന്ന് അവന്‍ മനസ്സിലാക്കിയത് പോലീസിന്റെ സൈറണ്‍ കേട്ടപ്പോഴാണ്. മാധ്യമ പ്രവര്‍ത്തകര്‍ മുമ്പേ തന്നെ അവരുടെ സ്ഥാനം ഉറപ്പിച്ചിരുന്നു. അവനാകെ അമ്പരന്നു. തന്നെ ആരൊക്കയോ തെറ്റിദ്ധരിച്ചതാണെന്ന് അവര്‍ക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കും?. തന്റെ നീക്കങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്ന് അവന്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്. വാസ്തവത്തില്‍ ഗല്ലിക്കാരാണ് രേഖാ ചിത്രം വരക്കാന്‍ സഹായിച്ചത്. അവര്‍ തങ്ങളുടെ മനസ്സില്‍ മുമ്പ് തന്നെ ഫിറോസിനെ ഒരു ഭീകരവാദിയായി പച്ചകുത്തിയിരുന്നു.
ഫിറോസിന് വളഞ്ഞു നില്‍ക്കുന്ന ആര്‍മ്ഡ് ഫോഴ്‌സിന് മുന്നില്‍ കീഴടങ്ങുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചു കൊണ്ട് അവന്‍ കതക് തുറന്നു. അപ്പോഴേക്കും വിശന്നൊട്ടിയ കടുവ ഇരകളുടെ മേല്‍ ചാടുന്നത് പോലെ മാധ്യമ പ്രവര്‍ത്തകര്‍ ഫിറോസിന് നേരെ ചാടിയത്. അവന്റെ പല ഫോട്ടോകളും അവര്‍ മിന്നല്‍ പിണരിന്റെ സഹായത്തോടെ ഒപ്പിയെടുത്തു. മീഡിയകളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഒഴിഞ്ഞുമാറുന്ന പോലീസുകരെ പോലെ ഫിറോസിനനുഭവപ്പെട്ടു. അവനാകെ തളര്‍ന്നിരിക്കുകയാണ്. അവന്റെതാണെന്ന് പറയാനുള്ള എല്ലാം പോലീസിന്റെ കൈവശമാണുള്ളത്. ഇഖ്ബാല്‍ പാഷയുടെ വിസിറ്റിങ് കാര്‍ഡ് വീണ്ടും അവന്റെ അന്തകാനായെത്തി. ഇഖ്ബാല്‍ പാഷ എന്ന പേരില്‍ മുംബൈയില്‍ താമസിക്കുന്ന പ്രമുഖ വ്യവസായി പാക്കിസ്ഥാനിലെ ഭീകരവാദ് സംഘടനയായ ‘ജൈശേ അഅ്‌ള’മിന്റെ തലവനാണെന്ന് അവന് അറിയില്ലായിരുന്നു. പോലീസ് പറയുന്ന ഇവര്‍ തമ്മിലുള്ള ബന്ധം അവന്‍ കിനാവില്‍ പോലും ഓര്‍ത്തിരുന്നില്ല. വഞ്ചനയിലൂടെയവസാനിച്ച ആ ചുരുങ്ങിയ ബന്ധത്തിന്റെ പേരില്‍ അവന്‍ കേട്ടിട്ടില്ലാത്ത പല കുറ്റുങ്ങളും അവന്റെ തലയിലായി. അങ്ങനെ ഫിറോസ് ജനങ്ങള്‍ക്ക് മുന്നില്‍ കുറ്റവാളിയായി. അല്ല, അവനെ കുറ്റവാളിയാക്കി, വഞ്ചനയില്‍ കലാശിച്ച വെറും ഒരു ചുരുങ്ങിയ ബന്ധം.
ഫിറോസ് ബന്ധനത്തിലായി എന്ന വാര്‍ത്ത കാട്ടു തീ പോലെ നാട്ടിലാകെ പരന്നു. ദുരിതം നിറഞ്ഞ അവന്റെ ജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങളെ കുറിച്ച് അവന്‍ അഴികളോട് കിന്നാരം പറഞ്ഞു. അവന്റെ നിരപരാധത്വം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചു. വിശ്വസിച്ചാലോ എന്ന പ്രതീക്ഷയോടെ. കൊതുകുകളുടെ താരാട്ട് പാട്ട് കേട്ട് കൊണ്ട് രാത്രികളെ തള്ളി നീക്കാനായിരുന്നു അവന്റെ വിധി. എന്നും ഭീകരതയുടെ ഇരയായി മാറിയിരുന്ന ഫിറോസ് അവസാനം ലോകപ്രശസ്ത ഭീകരവാദിയായി കണക്കാക്കപ്പെട്ടു, ഒരു ഉറുമ്പിനെ പോലും നോവിക്കാതെ! സൂര്യന് പോലും ഇത് അധിക നേരം കാണാനുള്ള ശേഷിയുണ്ടായിരുന്നില്ല. അതുകൊണ്ടാവാം, ദിവസവും പെട്ടന്നസ്തമിച്ച് പോകുന്നത്.

***

ക്രൂരയായ എളാമ്മയുടെ വീട്ടില്‍ വേലക്കാരിയെ പോലെയായിരുന്നു റസിയ. വീട്ടിലെ മുഴുവന്‍ ജോലികളും ഒരു യന്ത്ര മനുഷ്യനെ പോലെ അവള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അടുക്കള ജോലി, എളാമ്മയുടെയും എളാപ്പയുടെയുമൊക്കെ വസ്ത്രം അലക്കല്‍, വീട് വൃത്തിയാക്കല്‍ തുടങ്ങി വീട്ടിലെ എല്ലാ പണികളും അവള്‍ ഒറ്റക്ക് ചെയ്തു തീര്‍ത്തു. അവളുടെ പരിഭവം കേള്‍ക്കാന്‍ അവിടെ
ആരുമുണ്ടായിരുന്നില്ല. അവള്‍ റബ്ബിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. ക്ഷമിക്കാനുള്ള മനസ്സിനായി കേണപേക്ഷിച്ചു. തന്റെ ജ്യേഷ്ഠന് വേണ്ടി അവള്‍ അഞ്ചു നേരവും മനമുരുകി പ്രാര്‍ത്ഥച്ചു. തന്നെ സഹായിക്കാനുള്ള സര്‍വ്വാധിപനുമുന്നില്‍ അവളുടെ നയനങ്ങള്‍ ചാലിട്ടിറങ്ങി.
പതിവ് പോലെഅങ്ങാടിയില്‍ പോയ എളാപ്പ ഖാദര്‍ക്ക അന്ന് തിരിച്ചു വരുമ്പോള്‍ ഒരു പത്രവുമായെണെത്തിയത്.
”ഖദീജാ!…. ഖദീജാ!….” ഗേറ്റ് തുറന്നു കൊണ്ട് അയാള്‍ വിളിച്ചു കൂവി.
”എന്താ മനുഷ്യ ഇങ്ങനെ വിളിച്ചു കൂവണ്?!” പുറത്ത് വന്ന് ഖദീജാത്ത ചോദിച്ചു.
”ദേ! നോക്ക്, നമ്മുടെ ഫിറോസിന്റെ ഫോട്ടോയല്ലേ ഇത്?!”
”ങേ! ശരിയാണല്ലോ, എന്താ പ്രശ്‌നം” മലയാളം കൂട്ടി വായിക്കാനറയാത്ത ഖദീജാത്ത ചോദിച്ചു.
ഫിറോസ് എന്ന പേര് കേള്‍ക്കേണ്ട താമസം, റസിയ ജോലിക്കടയില്‍ നിന്നും ഉമ്മറത്തേക്കെത്തി.
ഖാദര്‍ക്ക തുടര്‍ന്നു. ”മുംബൈ ഭീകരാക്രമണത്തിന്റെ പേരില്‍ നമ്മുടെ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തു.”
വാര്‍ത്ത കേട്ട് റസിയ ഞെട്ടി. ”ഹെന്റെ റബ്ബേ……..!” റസിയ തല കറങ്ങി താഴെ വീണു. ഖാദര്‍ക്ക അവളെ താങ്ങിയെടുത്തു. ഖദീജ അപ്പോഴേക്കും വെള്ളവുമായെത്തി. അവര്‍ വെള്ളം റസിയയുടെ മുഖത്ത് കുടഞ്ഞു. ബോധം വീണ്ടെടുത്ത റസിയ പൊട്ടിക്കരയാന്‍ തുടങ്ങി. അവളുടെ കണ്ണുകള്‍ ചാലിട്ടൊഴുകി. അവള്‍ ഇക്കാക്കക്ക് വേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചു.

”നാശം ഇനിയവളുടെ ചിലവും നാം തന്നെ പേറണം” അപ്പുറത്തെ മുറിയില്‍ നിന്നും എളാമ്മ ഖദീജത്താത്ത കുശുകുശുത്തു.
”ഒന്ന് മെല്ലെ പറയീ ഖദീജാ….” ഖാദര്‍ക്ക മുന്നറിയിപ്പ് നല്‍കി.
”അവള്‍ കേള്‍ക്കട്ടെ, നാശം, ഒരോരുത്തരെ ബുദ്ധിമുട്ടിക്കാനായി ഇറങ്ങിത്തിരച്ചോളും ഒരോരുത്തര്‍… ഹും!”
ഖദീജത്തയുടെ കുത്തുവാക്കുകള്‍ കൂനിന്മേല്‍ക്കുരു പോലെയായി അവള്‍ക്ക് അനുഭവപ്പെട്ടു.അവള്‍ കിട
ക്കയില്‍ മുഖമമര്‍ത്തിക്കരയാന്‍ തുടങ്ങി.
ദിവസങ്ങള്‍ കഴിഞ്ഞു പോയി. എളാപ്പയോടും എളാമ്മയോടും പറഞ്ഞിട്ട് കാര്യമില്ലെന്നോര്‍ത്ത
അവള്‍ പല രാഷ്ട്രീയ നേതാക്കളുടെയും മത സാംസ്‌കാരിക നായകന്മാരുടെയും വാതിലുകള്‍ മുട്ടിനൊ
ക്കിയെങ്കിലും രക്ഷയുണ്ടായില്ല.
നിരാശയോടെ അവള്‍ പടച്ചറബ്ബിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു.അവസാനം മനസ്സിലൊരു മുഖം
തെളിഞ്ഞു,അതേ…ഫാറൂഖ് എം.എല്‍.എ അതെ ഇക്കാക്ക പറഞ്ഞു തന്നിട്ടുണ്ട്. തന്റെ ഉപ്പ മരിച്ചത് ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലീസിന്റെ വെടിയേറ്റിട്ടാണെന്ന്. അവള്‍ കണ്ണു തുടച്ചു ഉറങ്ങാന്‍ കിടന്നു.
പിറ്റേന്ന് രാവിലെത്തന്നെ റസിയ ഫാറൂഖ് എം.എല്‍.എയുടെ വീട്ടിലേക്ക് നടന്നു. കാലും നീട്ടി വീട്ടിനു പുറത്തുള്ള ചാരു കസേരയില്‍ കാലും നീട്ടിയിരിക്കുകയാണ് എം.എല്‍.എ. ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അയാള്‍ പത്രം താഴ്ത്തി നോക്കി. റസിയ വിറക്കുന്ന പാദങ്ങളോട് കയറിച്ചെന്നു.
”ആരാ?” ഫാറൂഖ് എം.എല്‍.എ ചോദിച്ചു.
”ഞാ…….ന്‍……..” എന്തു പറയണമെന്നറിയാതെ റസിയയുടെ തൊണ്ട വാക്കുകള്‍ പരതി.
”ചോദിച്ചത് കേട്ടില്ലേ. ആരാ? എന്തു വേണം?”
മറുപടി പറയാന്‍ കഴിയാതെ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി. ഇതുകണ്ട അയാള്‍ എഴുന്നേറ്റ് വന്ന് അവളെ സമാധാനിപ്പിച്ചു. ”കരയണ്ട, കാര്യം പറയൂ”
അവള്‍ തേങ്ങിത്തേങ്ങി കാര്യം ഒരുവക പറഞ്ഞൊപ്പിച്ചു. ”എന്റെ ഇക്ക പാവമാ, ഇക്കാക്കയെ എങ്ങനെയെങ്കിലും രക്ഷിക്കണം.” അവള്‍ക്ക് നിയന്ത്രിക്കാനായില്ല. അവള്‍ പൊട്ടിക്കരഞ്ഞു.
”മോള് വിഷമിക്കണ്ട. മോളിങ്ങ് വാ. നീ എന്റെ ജബ്ബാറിന്റെ മോളല്ലേ. എനിക്ക് വിശ്വസിക്കാനാവുന്നില്ല. വളരെ ചറുപ്പത്തില്‍ നിന്നെ കണ്ടതാണ്. മോള് വാ!”
അയാള്‍ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചായി കുടിച്ച് അവള്‍ അവിടെ നിന്നും അല്‍പമൊരാശ്വാസത്തോടെ മടങ്ങി. ആദ്യമായാണ് ഒരാള്‍ നല്ല നിലയില്‍ പെരുമാറിയത്. എന്തു നല്ല സ്വഭാവം!. ഓരോന്ന് ചിന്തിച്ച് അവള്‍ വീട്ടിലേക്ക് നടന്നു.
പിന്നീട് ഓരോ ദിവസവും അവള്‍ എം.എല്‍.എയുടെ വീട്ടിലേക്ക് പോയിക്കൊണ്ടിരുന്നു. ഓരോ ദിവസവും അയാള്‍ അവളെ നല്ല നല്ല വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അയാള്‍ എല്ലാ കാര്യവും നല്ല രീതിയില്‍ നോക്കുമെന്ന് അവള്‍ വിശ്വസിച്ചു.
അതിനിടയിലാണ് ഇഖ്ബാല്‍ പാഷയുടെ ആള്‍ക്കാര്‍ ജയിലാക്രമിച്ചത്. അദ്ദേഹത്തെയും കൂട്ടാളികളെയും രക്ഷപ്പെടുത്തുന്നതിനിടക്ക് ഫിറോസും മറ്റു ചിലരും അത്ഭുകരമായി രക്ഷപ്പെട്ടു.
വാര്‍ത്ത കാട്ടു തീ പോലെ പരന്നു. പത്രക്കാര്‍ക്കും ടീവി ചാനലുകാര്‍ക്കും ആഘോഷിക്കാന്‍ മാത്രം വണ്ണമുള്ള വലിയ വാര്‍ത്ത. കണ്ടു കിട്ടുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചു. ജനങ്ങളും പോലീസും അന്വേഷണ ഉദ്യോഗസ്ഥരും പരക്കം പാഞ്ഞു. അതവര്‍ക്ക് ഉറക്കമില്ലാ ദിനരാത്രങ്ങള്‍ സമ്മാനിച്ചു.

***

പതിവുപോലെ അന്നും റസിയ ഫാറൂഖ് എം.എല്‍.എയുടെ വീട്ടിലേക്ക് പോയി. അന്ന് അയാളെ ഗൗരവ മുഖനായി കാണപ്പെട്ടു. ഒരു പ്രത്യേക കാര്യം പറയാനുണ്ട്… എന്തെന്നാല്‍, ഞാന്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ എനിക്ക് കിട്ടിയ മറുപടി പ്രതികൂലമായിരുന്നു. എന്റെ ശക്തമായ നിര്‍ബന്ധമുണ്ടായപ്പോള്‍ രണ്ട് കോടി കോഴയായി നല്‍കിയാല്‍ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ ശ്രമിക്കാം എന്നുമാണ്. എങ്ങനെയെങ്കിലും ഒരു രണ്ടു കോടി സംഘടിപ്പിക്കണം. അതില്‍ ഒരു കോടി ഞാന്‍ കൊടുക്കാം, ബാക്കി ഒരു കോടി……………. ഒരു കോടിയോ……… അവളുടെ തൊണ്ടയിടറി. ഞാന്‍ എങ്ങനെയുണ്ടാക്കാന്‍…. അവള്‍ കരയാന്‍ തുടങ്ങി. ഫിറോസ് ജയിലില്‍ നിന്ന് രക്ഷപ്പെടുമല്ലോ….. വിളിച്ചാല്‍ എങ്ങനെയെങ്കിലും ഒപ്പിക്കാന്‍ പറ… അവന്‍ വിളിച്ചിരുന്നോ…..? വിളിച്ചാല്‍ ഇവിടെ വരാന്‍ പറയണം. ഒരു കാര്യം പറയാനുണ്ട്. ആ…….. ഒരിക്കല്‍ വിളിച്ചിരുന്നു. രക്ഷപ്പെടുമെന്നും പോലീസ് നിരീക്ഷണത്തിലാണെന്നും ദുആ ചെയ്യണമെന്നും ഫോണ്‍ കട്ടാക്കി. അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി….. അയാള്‍ അവളെ ആശ്വസിപ്പിച്ചു. അവള്‍ യാത്ര പറഞ്ഞു വീടിന്റെ പുറത്തിറങ്ങി നടക്കാന്‍ തുടങ്ങി. കവലയിലെത്തിയപ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍ പീടികക്ക് മുന്നിലിരുന്ന് വിളിച്ചു പറഞ്ഞു. കുറേ ദിവസമായല്ലോ… തുടങ്ങിയിട്ട്… മതിയായില്ലേ…..
ഞങ്ങളുംമനുഷ്യരാ…… ഇടയ്ക്ക് ഞങ്ങളട്ത്തുക്കും വരാം….. എല്ലാവരും പൊട്ടിച്ചിരിച്ചു… കൂക്കിവിളിച്ചു…അവള്‍ അതൊന്നും ശ്രദ്ധിക്കാതെ വീട്ടിലേക്ക് പോയി. എല്ലാം അല്ലാഹു കാണുന്നുണ്ടെന്ന ഉറച്ച വിശ്വസത്തോടെ… അവള്‍ ജ്യേഷ്ടന്‍ വേണ്ടി എല്ലാം സഹിച്ചു.
നാട്ടില്‍ ഇറങ്ങാന്‍ പറ്റാതായി. ഛീ മോശം കുടുംബത്തെ പറയിപ്പിക്കാന്‍.. ഖാദര്‍ക്ക വീട്ടില്‍ പിറുപിറുത്തു കൊണ്ടിരുന്നു. പെട്ടന്നാണ് റസിയ വീട്ടിലേക്ക് കയറി വരുന്നത്. നില്‍ക്കടി അവിടെ ഇനി ഈ പടിചവിട്ടരുത്. നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ ഓരോന്ന് കയറി വരും. നാശം. പോ ഇവിടെന്ന്. എന്താടീ നിനക്ക് ആ എം എല്‍ എയുടെ വീട്ടില്‍കാര്യം.”
”എളാപ്പാ, അത്… ഇക്കാന്റെ കാര്യം പറയാന്‍……”
”ഛി, മിണ്ടിപ്പോകരുത്. ഇറങ്ങിപ്പോടീ….!”
അവള്‍ എളാപ്പാനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവള്‍ പൊട്ടക്കരഞ്ഞു. ”ഹെന്റെ റബ്ബേ……! എന്നെ ഇവര്‍ തെറ്റിദ്ധരിച്ചല്ലോ?!” അവള്‍ വീട്ടില്‍ നിന്നിറങ്ങി പഴയ സ്വന്തം വീട്ടിലേക്ക് പോയി. അവിടെ ഒറ്റയ്ക്ക്… അതിനിടക്ക് ജ്യഷ്ഠന്‍ വിളച്ചപ്പോള്‍ അവള്‍ എം.എല്‍.എ പറഞ്ഞ കാര്യം പറഞ്ഞു. ഫിറോസ് ശ്രമിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. അവള്‍ വ്യസനിക്കുന്ന ഹൃദയത്തോടെ കിടപ്പറയിലേക്ക നീങ്ങി.
പറഞ്ഞ പോലെ ഫിറോസ് ഇഖ്ബാല്‍ പാഷയുടെ കയ്യില്‍ നിന്നും ഒരു കോടി രൂപ കടം വാങ്ങി വന്നു. അപ്പോഴേക്കും അവര്‍ ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. ഒരേയനുഭവങ്ങളുടെ ഉടമകള്‍. ശനിയാഴ്ച രാത്രി പത്തു മണിക്ക് എം.എല്‍.എയുടെ വീട്ടിലെത്താനാണ് പ്ലാന്‍. വളരെയധികം യാതനകളും വേദനകളും സഹിച്ച് പോലീസ് വലയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് അവസാനം ഫിറോസ് എം.എല്‍.എയുടെ വീട്ടിലെത്തി.
പുറത്ത് കാത്തിരിക്കുകയായിരുന്ന ഫാറൂഖ് എം.എല്‍.എ അവനെ സ്വീകരിച്ചിരുത്തി. അയാള്‍ അവന് റസിയയെ കാണിച്ചു കൊടുത്തു. അവര്‍ രണ്ടു പേരും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കറഞ്ഞു.
”എന്റെ പൊന്നേ…. എനിക്ക് നിന്നെ കെട്ടിച്ചയക്കാന്‍ പറ്റിയില്ലല്ലോ?!. ഞാന്‍ രക്ഷപ്പെടേണ്ട. അതിന് പകരം ഈ തുക നിന്റെ കല്ല്യാണത്തിന് ഉപയോഗിക്കുക”
”വേണ്ട ഇക്കാ…….. ഇക്കയില്ലാതെ ഒരു കല്ല്യാണം അതെനിക്ക് വേണ്ട. എന്റെ കല്യാണം കഴിഞ്ഞില്ലെങ്കിലും സാരമില്ല. എനിക്കെന്റെ ഇക്കാക്കയെ കിട്ടുമല്ലോ. അതുമതി?!”
അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു. കുറെ നേരം കരഞ്ഞു. ഫാറൂഖ് എം.എല്‍.എ അവരെ ആശ്വസിപ്പിച്ചു. അയാള്‍ അവനെ വിളിച്ച് അപ്പുറത്തെ മുറിയില്‍ പോയി. അവന്റെ കയ്യില്‍ നിന്നും പൈസ വാങ്ങി അപ്പുറത്തെ മുറിയില്‍ കൊണ്ടുപോയി വെച്ചു. ”ഇനി നീ പേടിക്കേണ്ട, നിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. ഇന്ന് നീ എവിടെയെങ്കിലും മാറി നില്‍ക്ക്. അനിയത്തിയെ ഞാന്‍ നോക്കിക്കൊള്ളാം. അവള്‍ ഇവിടെ സുരക്ഷിതയായിരിക്കും” എം.എല്‍.എ അവനോട് പറഞ്ഞു.
അവന്‍ റസിയയോട് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. അവര്‍ പരസ്പരം ആശ്ലഷിച്ച് പൊട്ടിക്കരഞ്ഞു. ”മോളേ, ഞാനിറങ്ങട്ടെ, നീ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം. അസ്സലാമു അലൈകും…”
”വഅലൈകുമുസ്സലാം” അവള്‍ നിറ കണ്ണുകളോടെ സലാം മടക്കി.
അവന്‍ വീട്ടില്‍ നിന്നിറങ്ങി പുറത്തേക്ക് നടന്നു. പെട്ടെന്ന് കുറേ പോലീസുകാര്‍ വന്ന് അവനെ വളഞ്ഞു. ചതി മനസ്സിലാക്കിയ ഫിറോസ് അടുത്തു കണ്ട കാടിനു നടുവിലേക്കോടി.അവന്‍ നില്‍ക്കില്ലെന്ന് ഉറപ്പായപ്പോള്‍ അവര്‍ വെടിവെച്ചു. അങ്ങെവിടെ നിന്നോ ഒരു ദീന രോദനം ഉയര്‍ന്നു പൊങ്ങി. ശബ്ദം കേട്ട ഭാഗത്തേക്ക് അവര്‍ തുരാതുരാ വെടിയുതിര്‍ത്തു. അവസനം എല്ലാം നിശ്ചലമായി. എങ്ങും നിശബ്ദത നിഴലിച്ചു നിന്നു.
ഈ സമയം ഫാറൂഖിന്റെ രണ്ട് കൈകള്‍ക്കിടയില്‍ കിടന്ന് ഞെരുങ്ങിയമരുകയാണ് റസിയ. അവള്‍ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഒറ്റത്തട്ട്. അവളുടെ തല ചുമലില്‍ തട്ടി. മുഖം ചോരയാല്‍ ചെഞ്ചായമണിഞ്ഞു. അയാള്‍ ഒരട്ടഹാസത്തോടെ പറഞ്ഞു. ”നിന്റെ ജ്യേഷ്ഠനെ പോലീസിലൊറ്റക്കൊടുത്തത് ഞാനാണ്. ഇതെല്ലാം എന്റെയൊരു ബുദ്ധിയണ്. എനിക്കിപ്പോള്‍ രണ്ട് കോടി രൂപ കിട്ടി. ഒന്ന് നിന്റെ ജ്യേഷ്ഠന്റെ കയ്യില്‍ നിന്നും മറ്റേത് സര്‍ക്കാറിന്റെ പക്ഷത്ത് നിന്നും. ഹ…..! ഹ……! ഹ…….!” എന്ന് പറഞ്ഞ് അയാള്‍ ആ നിശ്ചലമായ ശരീരത്തിലേക്ക് കുതിച്ചു. കരയാന്‍ ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ലാത്ത അവളുടെ കണ്ണുകളങ്ങനെ തുറന്നു കിടന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: